തൊഴില്‍നയം: 600 രൂപ മിനിമം വേതനം നടപ്പാക്കല്‍ എളുപ്പമാവില്ല
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കുറഞ്ഞ ദിവസവേതനം 600 രൂപയാക്കല്‍ സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കല്‍ എളുപ്പമാവില്ലെന്ന് സൂചന. ഇതില്‍ ഉള്‍പ്പെടുന്ന തൊഴിലാളി വിഭാഗങ്ങള്‍ സംബന്ധിച്ചും ഇതു നടപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. നടപടികളുണ്ടായാല്‍ തന്നെ അതു വിജയിക്കുന്ന കാര്യത്തില്‍ ഉറപ്പുമില്ല.
വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യങ്ങളും വേതന വ്യവസ്ഥയും പരിശോധിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിശ്ചയിക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്നാണ് തൊഴില്‍ നയത്തില്‍ പറയുന്നത്. എന്നാല്‍ ഇത് ഏതെല്ലാം മേഖലകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കാര്യമാണ് പ്രധാനമായി ഉദ്ദേശിക്കുന്നതെങ്കിലും അവിടെയും വ്യത്യസ്ത സ്വഭാവമുള്ള തൊഴില്‍ മേഖലകളുണ്ട്. അതില്‍ തന്നെ തൊഴിലിന്റെ സ്വാഭാവത്തിന്റെയും വേതനത്തിന്റെയും കാര്യത്തില്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അത്തരം തൊഴിലിടങ്ങളിലെല്ലാം ഏകീകൃത വേതനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തന്നെ ഇത്രയും ഇതിലധികവും ദിവസവേതനം ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിര്‍മാണ മേഖലയില്‍ ഈ വ്യവസ്ഥയ്ക്കു കാര്യമായ പ്രസക്തിയില്ല. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍, വിവിധ സ്ഥാപനങ്ങളിലെ പാചകത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് അതില്‍ കുറഞ്ഞ തുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഈ തുക കുറഞ്ഞ വേതനമായി നടപ്പായിക്കിട്ടുന്ന കാര്യത്തില്‍ തൊഴിലാളികള്‍ക്കിടയിലും തൊഴിലാളി സംഘടനാ നേതാക്കള്‍ക്കിടയിലും സംശയം നിലനില്‍ക്കുകയാണ്. ഇതില്‍ ചില മേഖലകളില്‍ നേരത്തെ തന്നെ കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം തൊഴിലാളികള്‍ക്കും അതു ലഭിക്കാറില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴില്‍ നയത്തില്‍ പ്രഖ്യാപിച്ച കുറഞ്ഞ വേതനം നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് സര്‍ക്കാരോ തൊഴില്‍ വകുപ്പ് അധികൃതരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൊഴിലുടമകളുമായി ചര്‍ച്ചയായിരിക്കും ആദ്യത്തെ നടപടിയെന്നറിയുന്നു. എന്നാല്‍ അതു ഫലം കാണുക എളുപ്പമല്ല. ഈ വേതന വ്യവസ്ഥ പ്രാവര്‍ത്തികമാക്കുക പ്രായോഗികമല്ലെന്നാണ് ചെറുകിട ബിസിനസുകാരും സംരംഭകരുമൊക്കെ പറയുന്നത്.
ഇതു നടപ്പാക്കിയാല്‍ ഭൂരിഭാഗം ചെറുകിട സംരംഭങ്ങളും മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥ വരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട സംരംഭകരുടെ സംഘടനകളില്‍നിന്ന് ഇതിനെതിരേ ശക്തമായ എതിര്‍പ്പുയരാനിടയുണ്ട്.
ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ വേണമെങ്കില്‍ സര്‍ക്കാരിന് വിജ്ഞാപനമിറക്കാവുന്നതാണ്. എന്നാല്‍ വിജ്ഞാപനം വഴിയും അത്ര പെട്ടെന്ന് ഇതു നടപ്പാക്കാനാവണമെന്നില്ല. നഴ്‌സുമാരുടെ കുറഞ്ഞ മാസവേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ആശുപത്രി ഉടമകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വിജ്ഞാപനത്തിനെതിരേ അവര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതെല്ലാം തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനത്തിന്റെ കാര്യത്തിലും സംഭവിക്കാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."