എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന
കോഴിക്കോട്: എലത്തൂരിലെ എച്ച്.പി.സി.എല്‍. പ്ലാന്റില്‍നിന്നുള്ള ഇന്ധന ചോര്‍ച്ചയ്ക്ക് പരിഹാരമായില്ല. ഡീസല്‍ വീണ്ടും ഓവുചാലിലേക്ക് ഒഴുകിയെത്തുകയാണെന്നും ഇതുവരെ പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, ഇന്ധന ചോര്‍ച്ചയില്‍ ഇന്ന് സംയുക്ത പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധിക്കുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎല്‍ വ്യക്തമാക്കിയത്.
എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയില്‍ നിന്നാണ് ഡീസല്‍ ചോര്‍ന്നത്. ഇന്നലെ വൈകിട്ട് ആറോടെയാണ് ഡിപ്പോക്ക് സമീപത്തെ ഓവുചാലുകളില്‍ ഡീസല്‍ ഒഴുകുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. 600 ലിറ്ററോളം ഇന്ധനമാണ് ചോര്‍ന്നത്. അരകിലോമീറ്ററോളം ദൂരമാണ് ഇന്ധനം ഓവുചാലുവഴി ഒഴുകിയത്. ഡിപ്പോയില്‍ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് സംഭവം.
അതേസമയം, പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചെന്നാണ് എച്ച്.പി.സി.എല്ലിന്റെ നിലപാട്. 2000 ലിറ്ററിലേറെ ഡീസല്‍ പ്ലാന്റിലേക്ക് മാറ്റിയെന്ന് എച്ച്.പി.സി.എല്‍ അറിയിച്ചു. ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്.പി.സി.എല്‍ അധികൃതരുടെ വിശദീകരണം. ഒഴുകിയെത്തിയ ഡീസലിന്റെ 90 ശതമാനവും മെഷീന്‍ ഉപയോഗിച്ച് നീക്കിയെന്നും പ്രശ്‌നം പരിഹരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പ്ലാന്റിന് സമീപത്തെ ഓവുചാലിലേക്ക് ഡീസല്‍ ഇപ്പോഴും ഒഴുകിയെത്തുന്നതിലാണ് നാട്ടുകാരുടെ ആശങ്ക.
ഇതോടെ ഏതു നിമിഷവും വന്‍ അപകടം ഉണ്ടാകുമെന്ന അവസ്ഥയില്‍ സമീപവാസികള്‍ ആശങ്കയിലായി. ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. നാട്ടുകാര്‍ എലത്തൂര്‍ പൊലിസിലും ബിച്ച് ഫയര്‍ യൂനിറ്റിലും വിവരമറിയിച്ചതിനെത്തുടര്‍ന്ന് സേനകളും സ്ഥലത്തെത്തി. മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇതിനകം ഡീസല്‍ പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തിയിട്ടുണ്ടെന്നും താമസിയാതെ കിണറുകള്‍ മലിനമാകുമെന്ന ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സ്ഥലം എം.എല്‍.എ കൂടിയായ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ധനചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ എലത്തൂരില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."