ഇ-പോസ് സംവിധാനം കാര്യക്ഷമമല്ലെന്ന് പരാതി
ചൊക്ലി: റേഷന്‍ കടകളില്‍ തട്ടിപ്പും പൂഴ്ത്തിവയ്പ്പും തടയുന്നതിനുവേണ്ടി നടപ്പാക്കിയ ഇ-പോസ് മെഷിനുകള്‍ കാര്യക്ഷമമല്ലെന്ന് വ്യാപക പരാതി. ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള മെഷിനുകളില്‍ മിക്ക സ്ഥലങ്ങളിലും സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ വിതരണം തടസപ്പെടുന്നത് പതിവാകുകയാണ്. ഇതോടെ ഒന്നില്‍ കൂടുതല്‍ തവണ റേഷന്‍ കടകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍. സ്വകാര്യ കമ്പനികളുടെ സിം ചിലര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മൊബൈല്‍ റെയിഞ്ച് കാണിക്കുന്നിടത്ത് മെഷിനില്‍ സിഗ്‌നല്‍ കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്ത് പതിനാലായിരത്തിലധികം റേഷന്‍ കടകളില്‍ ഇ-പോസ് മെഷിനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സെര്‍വര്‍ പണിമുടക്കുന്നതായും റേഷന്‍ വ്യാപാരികളും പറയുന്നു. വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ ബാറ്ററി ബാക്കപ്പ് ലഭിക്കാത്തതും ഗ്രാമങ്ങളില്‍ റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ രീതി കൊണ്ടുവന്നപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല. ചില റേഷന്‍ വ്യാപാരികള്‍ക്ക് ഈ സംവിധാനത്തെകുറിച്ച് കൂടുതല്‍ അറിവില്ലാത്തതും ഉപഭോക്താക്കളെ വലക്കുന്നുണ്ട്. മുഴുവന്‍ റേഷന്‍ കടകളിലേയും മെഷിനുകളെ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ ശക്തിയുള്ള സെര്‍വറുകള്‍ വേണ്ടിവരും. ഇ-പോസ് മെഷിനുകളുടെ സ്‌ക്രീന്‍ ചെറുതായതിനാല്‍ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ ഉപഭോക്താക്കള്‍ക്കും റേഷന്‍ ഉടമകള്‍ക്കും പ്രയാസമാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."