വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്; കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
കൊച്ചി: നെഹ്‌റു കോളജ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജിലെ എല്‍.എല്‍.ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്തുവെന്നു കൃഷ്ണദാസിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനമായിരുന്നു കോടതി ഉന്നയിച്ചത്. പിന്നീട് ഇന്നലെ വടക്കാഞ്ചേരി കോടതി ഹരജിക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയും തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇന്നലെ ഹരജി പരിഗണിച്ചത്.
കൃഷ്ണദാസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതല്‍ തെളിവുകള്‍ ലഭ്യമായ സാഹചര്യത്തിലാണ് തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ ജാമ്യം ലഭ്യമാകാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷഹീര്‍ ഷൗക്കത്തലി നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം നടത്തിയിരുന്നു.
ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് ഷൗക്കത്തലിയുടെ അഭിഭാഷകന്‍ വാദിച്ചു. കേസുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായ അവസരത്തിലാണ് ഹൈക്കോടതി ഹരജി വിധി പറയാനായി മാറ്റിയത്.
കൃഷ്ണദാസ് ഉള്‍പ്പെടെ
മൂന്നു പേര്‍ക്ക് ജാമ്യമില്ല
വടക്കാഞ്ചേരി: ലക്കിടി നെഹ്‌റു ലോ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിലെ മറ്റു പ്രതികളായ കോളജ് പി.ആര്‍.ഒ അരിമ്പൂര്‍ അറക്കല്‍ വീട്ടില്‍ വത്സലകുമാരന്‍ (57), കായിക അധ്യാപകന്‍ പാലക്കാട് പെരുമുടിയൂര്‍ ലീലാലയം വീട്ടില്‍ ഗോവിന്ദന്‍ കുട്ടി (40) എന്നിവര്‍ക്കും കോടതി ജാമ്യം നല്‍കിയില്ല.
കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലിസിന്റെ നാടകമാണെന്നും പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് ജാമ്യം നിഷേധിച്ചത്.
ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, പ്രായാധിക്യം കണക്കിലെടുത്ത് അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍ കവളപ്പാറ പി സുകുമാരന്(78) കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിസുചിത്രയ്ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."