പ്രതിഷേധത്തിനൊടുവില്‍ 'പാപ്പി' നാളെ മുതല്‍ സര്‍വീസ് നടത്തും
മട്ടാഞ്ചേരി: കഴിഞ്ഞ പതിനാറ് ദിവസമായി മുടങ്ങി കിടക്കുന്ന ഫോര്‍ട്ട്‌കൊച്ചിവൈപ്പിന്‍ ഫെറി സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബോട്ടുടമ കൈനകരി സ്വദേശി ബാബുവുമായി നഗരസഭ സെക്രട്ടറി സര്‍വീസ് സംബന്ധിച്ചു കരാര്‍ ഒപ്പിട്ടു. ആലപ്പുഴയില്‍ നിന്ന് പാപ്പി ബോട്ട് ഇന്ന് ഫോര്‍ട്ട്‌കൊച്ചിയിലെത്തിക്കും.
നേരത്തേ കരാറെടുത്തയാള്‍ ബോട്ടുടമക്ക് പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇതിനെ തുടര്‍ന്ന് ബോട്ട് ഉടമ ആലപ്പുഴയിലേക്ക് കൊണ്ട് പോയിരുന്നു. ഇടനിലക്കാരനെ ഒഴിവാക്കി ഇത്തവണ ബോട്ടുടമയുമായി നഗരസഭ നേരിട്ടാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
അഞ്ചേ മുക്കാല്‍ ലക്ഷം രൂപക്കായിരുന്നു നേരത്തേ കരാറെങ്കില്‍ ഇപ്പോള്‍ മാസം അഞ്ചര ലക്ഷം രൂപക്കാണ് നഗരസഭ ബോട്ടുടമയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
ബോട്ട് സര്‍വീസ് നിലച്ചതിനെ തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.പരിധിയില്‍ കവിഞ്ഞ യാത്രക്കാര്‍ ജങ്കാറില്‍ കയറി തുടങ്ങിയതോടെ ആശങ്കക്ക് പുറമേ സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയെടുക്കാത്ത നഗരസഭയുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മേയര്‍ കൗണ്‍സിലില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടുന്ന കാര്യത്തില്‍ സെക്രട്ടറി അലംഭാവം കാണിച്ചതോടെ അതും നടന്നില്ല. തുടര്‍ന്ന് മേയര്‍ സര്‍വിസ് ആരംഭിക്കാന്‍ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. നഗരസഭയുടെ പുതിയ ബോട്ട് എത്തുന്നത് വരെയാണ് പാപ്പിക്ക് സര്‍വീസ് നടത്തുവാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തിന് ശേഷമാണ് ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ റൂട്ടില്‍ പാപ്പി സര്‍വീസ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."