യു.ഡി.എഫ് വികസനപ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം വികസനരേഖയാക്കി: പി.സി വിഷ്ണുനാഥ്
ചെങ്ങന്നൂര്‍ : യു.ഡി.എഫ് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം വികസനരേഖയാക്കി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താന്‍ പ്രസിദ്ധീകരിച്ച വികസനരേഖയുടെ അതേ പതിപ്പാണ് സജി ചെറിയാന്‍ ഇടത് വികസന രേഖയായി പുറത്തിറക്കിയിരിക്കുന്നത്.
ഇതില്‍ സജി ചെറിയാന്റെ ഫോട്ടോ ചേര്‍ത്തുവച്ചു എന്നതിലപ്പുറം യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരു അങ്കനവാടി കെട്ടിടം പോലും ചെങ്ങന്നൂരില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞോ എന്ന് വിഷ്ണുനാഥ് ചോദിച്ചു. ചെങ്ങന്നൂര്‍ ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതും മാതൃ ശിശു വികസന കേന്ദ്രം ആരംഭിച്ചതും കോടതി സമുച്ചയം നിര്‍മിച്ചതും എല്ലാം യു.ഡി.എഫ് ഭരണകാലത്താണ്.
എന്നാലിതെല്ലാം ഇടതുപക്ഷത്തിന്റെ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കുന്നതിനു തുല്യമാണ്.ഒരു പദ്ധതി പോലും നടപ്പാക്കാത്ത 770 കോടി രൂപയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. രണ്ടു വര്‍ഷത്തെ ഭരണം കൊണ്ട് യാതൊരു വികസനവും കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. കെട്ടിടങ്ങള്‍ക്ക് പെയിന്റടിച്ചാല്‍ വികസനം ആകുമോ എന്നും വിഷ്ണുനാഥ് ചോദിച്ചു.
പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ വരട്ടാര്‍ പദ്ധതി ഒഴികെ വികസന രേഖയില്‍ പറയുന്ന ഒരു പദ്ധതിയും എല്‍.ഡി.എഫിന്റേതല്ല.കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു വികസന പ്രവര്‍ത്തനം നടത്താന്‍ പോലും എം.എല്‍.എയെ അനുവദിക്കാതിരുന്ന സി.പി.എം നേതൃത്വം അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം വികസന പ്രഖ്യാപനങ്ങളുമായി രംഗത്തിറങ്ങിയത് അങ്ങേയറ്റം അപഹാസ്യമാണ്.
ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതിന് എതിരായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷന്‍ കമ്മിഷനെ സമീപിക്കുമെന്നും ഇടതുപക്ഷം പുറത്തിറക്കിയിരിക്കുന്ന വികസനരേഖ കണ്ടുകെട്ടാന്‍ ആവശ്യപ്പെടുമെന്നും പി.സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."