ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു
കുറ്റ്യാടി: സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും നിലവിലുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ മേലധികാരികള്‍ തയാറാകാത്തത് നിയമനം പ്രതീക്ഷിച്ച് കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ഓരോ സ്ഥാപനത്തിലും നിലവിലുള്ള ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെയും പി.എസ്.സിയെയും അറിയിക്കാന്‍ ബന്ധപ്പെട്ട സ്ഥാപന മേലധികാരികള്‍ തയാറാകുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്.
നിലവിലുള്ള എല്ലാ ഒഴിവുകളും യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ബന്ധപ്പെട്ടവര്‍ നിഷേധാത്മക നിലപാട് കൈക്കൊള്ളുന്നത്.
മിക്ക സ്ഥാപനങ്ങളിലും ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതു കാരണം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി സീനിയോറിറ്റി തെറ്റാതെ പുതുക്കിവരുന്നവര്‍ വെട്ടിലാവുകയാണ്.
അന്‍പതു വയസു വരെ പ്രായമുള്ളവര്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ട് ടൈം പോസ്റ്റുകളിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി സീനിയോറിറ്റി അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഇത്തരം ഒഴിവുകള്‍ കൃത്യസമയത്ത് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫിസുകളെ അറിയിക്കാത്തതിനാല്‍ അര്‍ഹരായ വലിയ വിഭാഗത്തിന് അവസരം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്.
പഞ്ചായത്ത് ഓഫിസുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി നൂറുകണക്കിന് ഇത്തരം ഒഴിവുകള്‍ നികത്താനുണ്ടെന്നാണ് പറയുന്നത്.
എന്നാല്‍ ഈ ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ നടക്കുന്ന താല്‍ക്കാലിക നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും നിലവിലുള്ള പാര്‍ട്ട് ടൈം ജോലി ഒഴിവ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തര നടപടി വേണമെന്നുമാണ് ഉദ്യോഗാര്‍ഥിളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."