രക്ഷിക്കാന്‍ ശ്രമിച്ച മൂര്‍ഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരന്‍ മരിച്ചു
പത്തനംതിട്ട: മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്ന പാമ്പുപിടിത്തക്കാരന്‍ മരിച്ചു. മുക്കട വാകത്താനം മാന്തറയില്‍ ബിജു(എം.രാജേഷ് -40) ആണ് ഇന്നലെ പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മുറിവേറ്റ മൂര്‍ഖനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ബിജുവിന് കടിയേറ്റത്.
തിങ്കളാഴ്ച രാവിലെ 11നാണ് യുവാവിന് പാമ്പുകടി ഏറ്റത്. പൊന്തന്‍പുഴ മൃഗാശുപത്രിയില്‍ ചികിത്സ നല്‍കാനായി ചാക്കില്‍ നിന്നു പാമ്പിനെ എടുക്കുന്നതിനിടെ കടിക്കുകയായിരുന്നു. കൈത്തണ്ടകളിലാണു കടിയേറ്റത്. ഉടന്‍തന്നെ വനപാലകര്‍ ജീപ്പില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ നില വഷളായി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ചേത്തക്കല്‍ പുത്തന്‍പുരക്കല്‍ എലിഫന്റ് സ്‌ക്വാഡംഗം എം.ആര്‍.ബിജുവിന്റെ പുരയിടത്തില്‍ നിന്നു പിടിച്ച പെണ്‍വര്‍ഗത്തില്‍ പെട്ട ഒമ്പതു വയസ് പ്രായവും ആറരയടി നീളവുമുള്ള സ്‌പെക്ടക്കില്‍ കോബ്രാ വിഭാഗത്തില്‍പ്പെട്ട കരിമൂര്‍ഖനെയാണു ബിജു പിടിച്ചത്.
ജെ.സി.ബി ഉപയോഗിച്ച് പുരയിടം കിളയ്ക്കുന്നതിനിടെ കണ്ടെത്തിയ പാമ്പിന് ജെ.സി.ബിയുടെ ബ്ലേഡ് കൊണ്ട് മുറിവേറ്റിരുന്നു. മുട്ടകള്‍ വിരിഞ്ഞ് ജനിക്കുമ്പോള്‍തന്നെ കുഞ്ഞുങ്ങള്‍ പരസ്പരം ആക്രമിച്ചു കൊന്നൊടുക്കുന്ന ഏറ്റവും അപകടകാരിയായ ഈ കരിമൂര്‍ഖനെ ചികിത്സിക്കാന്‍ ശ്രമിച്ചതാണ് ബിജുവിന്റെ ജീവന്‍ അപായപ്പെടാന്‍ കാരണമായത്.
മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ബിജുവിന്റെ മരണത്തോടെ ഇല്ലാതായത്. നാഷണല്‍ ജ്യോഗ്രഫിക്കല്‍ ചാനലില്‍ പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്തുന്നതു കണ്ട് പാമ്പുപിടിത്തത്തില്‍ ആകൃഷ്ടനായ ബിജു രണ്ടായിരത്തോളം പാമ്പുകളെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് മടക്കി അയച്ചിട്ടുണ്ട്.
മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രേഖ. മക്കള്‍: സസന്യ, ശരണ്യ, ജോബിഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."