ജിന്ന പുതിയ വിവാദ ആയുധം
ആര്‍.എസ്.എസ് നിശ്ചയിക്കുന്ന അജണ്ടകള്‍ പ്രചരണായുധമാക്കി ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയെ നിരന്തരം ദുരുപയോഗം ചെയ്യുകയാണ്. ഏറ്റവും ഒടുവില്‍ വന്ന വിവാദമാണ് ജിന്നയുടെ പടം.
അലിഗഡ് സര്‍വകലാശാല സ്ഥാപക അംഗം എന്ന നിലക്ക് 1938 മുതല്‍ ജിന്നയുടെ പടവും ഇക്കാലമത്രയും വിവാദമില്ലാതെ കലാശാലയില്‍ ഉണ്ടായിരുന്നു. ഇതവിടെ നിന്ന് നീക്കണമെന്ന് പറഞ്ഞു പ്രക്ഷോഭത്തിന്നിറങ്ങിയവരും ഇറക്കിയവരും ഇന്ത്യന്‍ ദേശീയതയെ പ്രതിനിധാനം ചെയ്യുന്നവരല്ല.
'ദേശീയ രാഷ്ട്രീയത്തിലെ മിതവാദ പാരമ്പര്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടാണ് മുഹമ്മദലി ജിന്ന രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. അഖിലേന്ത്യാ തലത്തില്‍ ഇന്ത്യക്കാര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കണമെന്ന നിലപാടുകാരനായിരുന്നു ജിന്ന' (അമേരിക്കന്‍ സോഷ്യോളജിസ്റ്റും ചരിത്രകാരനുമായ അയേഷജലാല്‍)
'രാജേന്ദ്രപ്രസാദ്-ജിന്ന ചര്‍ച്ച തകിടം മറിച്ചത് ഹിന്ദു മഹാസഭയുടെ ശക്തമായ എതിര്‍പ്പാണ്'(ലൊക്കാലിറ്റി പ്രൊവിന്‍സ് ആന്റ് നാഷനല്‍. പുറം-309)
അധികാരമില്ലാത്തവരെ ആക്രമിക്കുന്ന ഫാസിസം തുടരുകയാണിപ്പോഴും. തലപൊക്കുമെന്ന് തോന്നിയാല്‍ തലക്കടിച്ചു തളര്‍ത്താന്‍ ഒരു കൂട്ടര്‍ ഭരണവും വടിയും വെടിയുമായി ജാഗ്രതയിലാണിപ്പോഴും.
പാകിസ്താന്റെ ദേശീയപതാകയോട് സാമ്യമുള്ള പതാക നിരോധിക്കണമെന്ന ശിയാ വഖ്ഫ് ബോര്‍ഡ് അംഗത്തിന്റെ ഹരജിയും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയും പുതിയ വര്‍ഗീയ വിവാദങ്ങള്‍ ഉയര്‍ത്തലാണ്.
ഫാസിസ്റ്റുകളുടെ പല ചിഹ്നങ്ങളും ബനാറസ് ഹിന്ദു സര്‍വകലാശാല ഉള്‍പ്പെടെയുള്ള പേരുകളും നിലനിര്‍ത്തിയാണ്, കൊടിയും പേരും വര്‍ഗീകരിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. ഇന്റര്‍നെറ്റ് പുരാതന ഭാരതത്തിലുണ്ടായതായും സാങ്കല്‍പിക പുഷ്പക വിമാനം യഥാര്‍ഥ്യമാണെന്നും വിശ്വസിക്കുന്ന മണ്ടശിരോമണികള്‍ ഉള്ള ഇക്കാലത്ത് ഇതിലധികം വിവാദങ്ങള്‍ ഉണ്ടാവാനാണ് സാധ്യത.
പാകിസ്താന്‍ ജിന്നയുടെ മാത്രം സംഭാവനയായി ചുമന്നു നടക്കുന്നവര്‍ അതിലേക്ക് വഴിനടത്തിയവരെ വെറുതെ വിടുന്ന ചരിത്രനീതി മനസിലാവാത്ത കാര്യമാണ്. കൂലി എഴുത്തുകാരുടെ നിര്‍മിതി വീണ്ടുമൊരു വര്‍ഗീയ ആയുധം മൂര്‍ച്ച കൂട്ടുന്നവര്‍ അറിയേണ്ടത് ചരിത്രവും സത്യവും എവിടെയെങ്കിലും പതുങ്ങി പിന്നെ പ്രത്യക്ഷപ്പെടാറുണ്ടെന്ന വസ്തുതയാണ്.
ജിന്നയോളം മതേതരവാദിയായ നേതാക്കള്‍ ഒരുപക്ഷെ അക്കാലത്ത് അധികം ഉണ്ടായിരുന്നില്ല. 2019 പൊതുതെരഞ്ഞടുപ്പ് തിരക്കഥ തയാറായി വരികയാണ്. രാഷ്ട്രീയവും മത്സരവും അധികാരവും നേടാന്‍ മാത്രമാണ് അന്ന് ബി.ജെ.പി നേതാക്കളുടെ തുറന്നുപറച്ചില്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നുണ്ട്. വൈരുധ്യങ്ങളണ് ഇന്ത്യയുടെ സൗന്ദര്യമെന്ന പോലെ ഐക്യവും ആവണമായിരുന്നു. ഇന്ത്യ ഇനി ഹിന്ദുക്കളുടേത് മാത്രമാണെന്നും മുസ്‌ലിംകള്‍ അവകാശം പറഞ്ഞുപോയെന്നുമുള്ള ഹിന്ദുത്വ ഭീകരരുടെ വാദങ്ങള്‍ക്ക് ഭരണകൂട ഒത്താശ വര്‍ധിക്കുന്നു. ഒന്നുകില്‍ അമേരിക്കക്ക് കീഴടങ്ങുക അല്ലെങ്കില്‍ സര്‍വനാശത്തിന് തയാറാവുക ഇതാണിപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥയും. ഒന്നുകില്‍ ഫാസിസത്തിന് കീഴടങ്ങുക അല്ലെങ്കില്‍ മരണം വരിക്കാന്‍ കാത്തുനില്‍ക്കുക. മനുഷ്യരെ വര്‍ഗീകരിച്ചു കാണുന്ന ഒരു ദര്‍ശനവും ദൈവശാസ്ത്രമാവുന്നില്ല. ബ്രാഹ്മണ്യത്തിന്റെ ആവനാഴിയില്‍ നിന്നാണ് അധര്‍മങ്ങളുടെ ശരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.
1910-ല്‍ അയിത്ത വര്‍ഗക്കാര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ച് ഉത്തരവിറക്കിയതിനെ തുടര്‍ന്ന് തിരുവല്ല പുല്ലാട്ട് ജാതി ഹിന്ദുക്കള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒരു മാടമ്പി നായര്‍ തുരുമ്പെടുത്തു തുടങ്ങിയ വാളുമായി സ്വയം വെട്ടിമരിക്കാന്‍ വന്ന കഥ 1925-ലെ തിരുവിതാംകൂര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ രേഖയിലുള്ളത് ടി.ടി ശേഖരന്‍ ശാസ്ത്രി കേരള നവോത്ഥാന നായകന്‍ പുറം 94-ല്‍ വിശദീകരിച്ചിട്ടുണ്ട്.
അധികാര താല്‍പര്യമാണ് ഫ്യൂഡലിസത്തിന്റെ മര്‍മം. അത് നേടാന്‍ ജാതിയും വര്‍ഗീയതയും വംശീയതയും എക്കാലവും ആയുധമാക്കിയിരുന്നു. അതുതന്നെയാണ് ബി.ജെ.പി നേതാക്കള്‍ ഇപ്പോഴും തുടരുന്നതും. ഈ വിപത്താണ് പ്രഥമമായി തിരുത്തപ്പെടേണ്ടതും.
പോരാട്ടം തുടരുമ്പോള്‍
ഏഴ് പതിറ്റാണ്ടായി ഫലസ്തീനികള്‍ ജന്മാവകാശത്തിനും ജന്മഭൂമിക്കുമായി പൊരുതുകയാണ്. ലോക സമൂഹത്തിന്റെ തുറന്നുവച്ച കണ്ണുകളെ അടിക്കടി അപമാനിച്ചാണ് ഇസ്രാഈല്‍ അനേകായിരങ്ങളെ കൊന്നു തീര്‍ക്കുന്നത്. അക്രമിയായ ചെങ്കിസ്ഖാന്‍ താര്‍ത്താരികളെ ഉപയോഗിച്ച് മാനവികതയെ ബലാല്‍ക്കാരം ചെയ്ത രീതിയാണ് ഇസ്രാഈല്‍ അമേരിക്ക അവിശുദ്ധ അച്ചുതണ്ടും ചെയ്തുവരുന്നത്.
ജൂത-ക്രൈസ്തവ, മുസ്‌ലിം പുണ്യഭൂമിയായ ജറുസലമില്‍ അശാന്തിയുടെ ഇടമാക്കി അമേരിക്കയും ഗ്വാട്ടിമാലയും എംബസി തുറന്നിരിക്കുന്നു. നയതന്ത്ര ഓഫിസല്ല, നരഹത്യ ഓഫിസാണ് അവര്‍ തുറന്നത്.
യമന്‍, സ്‌പെയിന്‍, പശ്ചിമേഷ്യ, മ്യാന്‍മര്‍ രക്തച്ചൊരിച്ചല്‍ നിലച്ചിട്ടില്ല. പ്രക്ഷോഭങ്ങളും. ഐക്യരാഷ്ട്രസഭയും അമേരിക്കയും ഇതര ലോകരാഷ്ട്രങ്ങളും ഭിന്ന ചേരികളിലാണ് നിലയിറപ്പിച്ചു കാണുന്നത്. നൈതികത മാനിക്കാന്‍ മടിക്കുന്ന ലോകനീതി നിരപരാധികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വീറ്റോ അധികാരമുള്ളതിനാല്‍ അമേരിക്ക ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രാഈല്‍ പക്ഷ നിലപാടാണ് എപ്പോഴും സ്വീകരിച്ചുവരുന്നത്.
വാണിജ്യ താല്‍പര്യങ്ങളാണ് സാമ്പത്തിക, സൈനിക ശക്തികളെ നയിക്കുന്നത്. വിപണി കൈയടക്കാനുള്ള നയതന്ത്രങ്ങളാണ് വന്‍കിട രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്നത്. ചൈനയുടെ പാക്കനുകൂല നിലപാടുകളും ഒരു ഘട്ടത്തിലും നൈതികത മാനിച്ചായിരുന്നില്ലല്ലോ.
മഞ്ഞുരുകി എന്നു കരുതിയിരുന്ന തെക്ക്-വടക്ക് കൊറിയ വീണ്ടും അശാന്തിയുടെ തീരത്തേക്കാണ് നീക്കം. അമേരിക്ക-തെക്കന്‍ കൊറിയ സംയുക്ത സൈനികാഭ്യാസമാണ് ബന്ധം വഷളാക്കിയതെന്ന് വടക്കന്‍ കൊറിയ പ്രതികരിച്ചിട്ടുണ്ട്.
ലോക സമാധാനത്തിന്റെ കടയ്ക്കല്‍ കത്തിയുമായി കച്ചവട താല്‍പര്യക്കാരായ വന്‍ശക്തികള്‍ നിലകൊള്ളുന്നു. സിറിയയെ തീകൊളുത്തുന്നത് റഷ്യയാണെന്നറിയാത്തവരില്ല. മധ്യേഷ്യയില്‍ പൊട്ടുന്ന വെടികളധികം നിര്‍മിക്കപ്പെട്ടത് യു.എസില്‍ നിന്നാണ്. യമനിലും അതാണ് വാസ്തവം. ധനാധിപത്യവും ധനാര്‍ത്തിയും മനുഷ്യനെ പിശാചാക്കുന്നതാണ് കണ്ടുവരുന്നത്. അമേരിക്കയാണിവിടെ പ്രധാന വില്ലന്‍.
കളിക്കാലം
ഫിഫ വേള്‍ഡ് കപ്പ് 2018 റമദാനിലാണ് സംഘടിപ്പിച്ചത്. കളി നല്ലതാണ്. കാര്യമാവുന്നതാണ് കുഴപ്പം. കുട്ടികളും ആഗോള ഭീമന്‍മാരുടെ കൈകളിലാണുള്ളത്. വ്രതകാലത്തു പാടത്തും ടി.വിക്ക് മുമ്പിലും തളച്ചിടുന്ന യുവത്വം ആശയല്ല ആശങ്കയാണുയര്‍ത്തുന്നത്. ഒട്ടുമിക്ക മലയാളം, ഇംഗ്ലീഷ് പത്രങ്ങളും രണ്ടു പേജുകളിലാണ് സ്‌പോര്‍ട്‌സ് പേജുകളിറക്കുന്നത്. ഗള്‍ഫ് നാടുകളിലെ യുവത്വം ഈ പേജുകള്‍ മാത്രമാണ് വായിക്കുന്നത്. ചാനലുകള്‍ മത്സരിച്ചും കളിയാരാധകരെ പൊതുധാരയില്‍ നിന്നകറ്റാന്‍ പണിയെടുക്കുന്നു.
ക്രിക്കറ്റ്, ഫുട്‌ബോള്‍ ജ്വരമാണ് അധിക പേര്‍ക്കും പിടികൂടിയത്. പരിധിവിട്ട കളിയും കളിഭ്രാന്തും നന്നല്ല. പഠനത്തെയും കൃഷി, കച്ചവടം, കുടുംബ ജീവിതം തുടങ്ങി പലതിനേയും ബാധിക്കുന്ന വിധത്തിലേക്ക് കളി വളരരുത്. വിശുദ്ധ റമദാനില്‍ വിശ്വാസികളെ വഴിതിരിച്ചുവിടാനും കൂടി നിമിത്തമാവരുത്. നല്ല ചിന്തകളും നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും രക്ഷിതാക്കളില്‍ നിന്നുണ്ടാവുന്നത് നല്ലതാണ്.
ഇഫ്താര്‍ സംഗമം
നല്ല കാര്യങ്ങള്‍ ചീത്തയായി അവതരിപ്പിക്കുന്നതാണ് വര്‍ത്തമാനം നേരിടുന്ന മഹാ ദുരന്തങ്ങളിലൊന്ന്. ഇഫ്താര്‍ സംഗമങ്ങള്‍ ധനാഢ്യരുടെ ബഡായി സംഗമമാക്കരുത്. ധനാഢ്യരുടെ മാത്രം സദ്യവട്ടം തിന്മയാണെന്നാണ് പ്രവചാക വചനം. ദരിദ്രര്‍ക്കും ധനാഢ്യര്‍ക്കും ഒന്നിച്ചിരിക്കാനുള്ളതാവണം ഇഫ്താര്‍ ഒത്തുചേരലുകള്‍.
പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച കേരള വഖ്ഫ് ബോര്‍ഡ് അഭ്യര്‍ഥന മുഖവിലക്കെടുക്കാന്‍ കഴിയണം. യാചനയുടെ മാസമല്ല റമദാന്‍. ദാനത്തിന്റെ മാസമാണ്. അനര്‍ഹര്‍ അര്‍ഹരുടേത് തട്ടിയെടുക്കരുത്. സൂക്ഷ്മത കൈവെടിയരുത്. നല്ല ചിന്തകളും കര്‍മങ്ങളും അസ്തമിച്ചിട്ടില്ല. ഈ വര്‍ഷം കോഴിക്കോട് ജില്ലയിലെ ഒരു വ്യവസായ പ്രമുഖന്‍ വയനാട്, കോഴിക്കോട് ജില്ലയിലെ മതപണ്ഡിതര്‍ക്ക് പതിനായിരം രൂപ വീതം സകാത്ത് നല്‍കിയിരുന്നു. ആയതിന് ഒരു ഫോറവും മുന്‍കൂട്ടി നല്‍കിയിരുന്നു. സകാത്തിന് അര്‍ഹത ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഫോറം. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ഉസ്താദുമാരടക്കം തങ്ങള്‍ സകാത്തിനര്‍ഹരല്ലാത്തതിനാല്‍ പതിനായിരം രൂപ വേണ്ടെന്നുവച്ചു. റൈഞ്ചുകള്‍ വിതരണം ചെയ്യുന്ന റമദാന്‍ കിറ്റുകള്‍ തങ്ങളേക്കാള്‍ പ്രയാസമുള്ളവര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ച ഉസ്താദുമാരുണ്ട്. നന്മയാണ് ഇതടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."