റേഷന്‍ വിതരണത്തിനെത്തിച്ച അരിയില്‍ പുഴുക്കള്‍: ഇതു മനുഷ്യര്‍ തിന്നണംപോലും!
പള്ളിക്കല്‍: റമദാന് മാസത്തില്‍ റേഷന്‍ വിതരണത്തിനായി സപ്ലൈകോ ഗോഡൗണിലെത്തുന്നതു ഭക്ഷ്യയോഗ്യമല്ലാത്ത അരി. പള്ളിക്കല്‍ ബസാറിനടുത്തു കൊടികുത്തി പറമ്പിലെ സപ്ലൈകോ ഗോഡൗണിലാണ് പുഴുക്കളും സിമന്റ് കട്ടകളും നിറഞ്ഞ അരി ഇറക്കാന്‍ ശ്രമിച്ചത്.
കോഴിക്കോട് വെസ്റ്റ്ഹില്ലിലെ എഫ്.സി.ഐ ഗോഡൗണില്‍നിന്നു കൊണ്ടോട്ടി താലൂക്കിലെ റേഷന്‍ കടകളിലേക്കു വിതരണത്തിനായി എത്തിച്ച അരിയിലാണ് സിമന്റ് കട്ടകളും പുഴുക്കളെയും കണ്ടെത്തിയത്. തിരൂരങ്ങാടി സപ്ലൈകോ മാനേജര്‍ ജോര്‍ജ് കെ. സാമുവല്‍, ജൂനിയര്‍ മാനേജര്‍ സി.എ വിനോദ് കുമാര്‍, കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ ഖാനാ ദേവി, ഗോഡൗണ്‍ ഓഫിസര്‍ ഇസ്ഹാഖ് പോത്തഞ്ചേരി എന്നിവര്‍ നടത്തിയ പരിശോധനയില്‍ ഗോഡൗണില്‍ മൂന്നു ലോറികളിലായെത്തിയ അരി ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി.
ഇതിന്റെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും ഒരു ലോറിയില്‍നിന്നു പകുതിയോളം അരി ഗോഡൗണില്‍ ഇറക്കിയിരുന്നു. ഇതു തിരിച്ചു കയറ്റാനും അരി തിരിച്ചുകൊണ്ടുപോകാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."