മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന: ഫിറ്റ്‌നസില്ലാത്ത 15 സ്‌കൂള്‍ വാഹനങ്ങള്‍ പിടികൂടി
നാദാപുരം: നാദാപുരത്ത് നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ 15 സ്‌കൂള്‍ വാഹനങ്ങള്‍ സുരക്ഷാ ക്രമീകരണ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. വിദ്യാര്‍ഥികള്‍ക്ക് അപകട രഹിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനക്കിറങ്ങിയത്. നാദാപുരം സബ്ജില്ലയില്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറി സ്‌കൂളുകള്‍ എന്നിവയിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്ന ബസ്, ജീപ്പ് തുടങ്ങിയ വാഹനങ്ങളാണ് അധികൃതര്‍ പരിശോധിച്ചത്.
വാഹനങ്ങളുടെ കാലപ്പഴക്കം, ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, എമര്‍ജന്‍സി ഡോറുകള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ടയറുകള്‍, എന്‍ജിന്‍ കാര്യക്ഷമത തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഫസ്റ്റ് എയ്ഡ് ബോക്‌സ്, അഗ്നിശമന ഉപകരണങ്ങള്‍, സ്പീഡ് ഗവേണര്‍ എന്നിവ വാഹനങ്ങളില്‍ നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
80 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 15 വാഹനങ്ങള്‍ ഫിറ്റ്‌നസ് ഇല്ലാത്തവയാണെന്ന് കണ്ടെത്തി. ഇവ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ന്യൂനതകള്‍ പരിഹരിച്ചാല്‍ മാത്രമേ ഫിറ്റ്‌നസ് ലഭിക്കുകയുള്ളു. പരിശോധനയില്‍ എം.വി.ഐമാരായ എ.ആര്‍ രാജേഷ്, എസ്. സുരേഷ് നേതൃത്വം നല്‍കി. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."