പൂങ്കാവനത്തിലെ കളകൂജനങ്ങള്‍ക്കായ്
നന്മയുടെ നറുമണം അന്യംനിന്നുപോകുന്ന പുതിയ ജീവിതസാഹചര്യങ്ങളില്‍ ശിഥിലമാകുന്ന കുടുംബ വര്‍ത്തമാനങ്ങളാണിന്ന് എവിടെയും. പാരസ്പര്യത്തിന്റെ സാധ്യതകള്‍ ഇല്ലാതാവുന്ന അന്തരീക്ഷത്തില്‍ ബന്ധങ്ങള്‍ പുതിയ നിര്‍വചനം തേടുകയാണ്. സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരംമൂലം എല്ലാവരും അവരവരിലേക്കു ചുരുങ്ങിയതോടെ തുറന്നുപറച്ചിലുകളുടെയും ഉള്‍ക്കൊള്ളലുകളുടെയും സാഹചര്യമില്ലാതായി.
മനുഷ്യന് അല്ലാഹു നല്‍കിയ അനുഗ്രഹമാണു കുടുംബബന്ധം. 'അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ കൂട്ടത്തില്‍നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്കു പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ടവസ്തുക്കളില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു.' (അന്നഹ്‌ല് 72). പരിഗണനയിലൂടെയും പരിചരണത്തിലൂടെയും കുടുംബത്തെ സംരക്ഷിക്കലാണ് അല്ലാഹുവിനോടുള്ള നന്ദിസൂചകമായി ചെയ്യേണ്ടത്.
സന്താനങ്ങളുടെ വര്‍ത്തമാനങ്ങള്‍ കേട്ടിരിക്കാനും അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. അവരില്‍ അനുഗുണമായ വിചാരങ്ങള്‍ വളര്‍ത്തണം. വ്യക്തിത്വവികാസത്തിലൂടെ സമൂഹത്തില്‍ ഗുണപരമായി ഇടപെടാന്‍ പ്രചോദനം നല്‍കണം. ഭാര്യക്കും മക്കള്‍ക്കുമിടയില്‍ സൗഹൃദവും സ്‌നേഹവും വളര്‍ത്തണം. സന്താനപരിപാലനം സജീവമാക്കാന്‍ കുടുംബസദസ്സുകള്‍ അവസരമൊരുക്കും. മറ്റു തിരക്കുകള്‍ക്കിടയിലും അവരോടൊപ്പം സമയംചെലവഴിക്കാന്‍ ശ്രദ്ധിക്കണം.
ഇതിനു പല മാര്‍ഗങ്ങളുണ്ട്. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കല്‍ അതിലൊന്നാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹം കിട്ടുന്നതിനു സഹായിക്കും. 'ഞങ്ങള്‍ ഏത്ര ഭക്ഷിച്ചിട്ടും വയര്‍ നിറഞ്ഞവരാകുന്നില്ലെന്ന് അവര്‍ നബി(സ) തങ്ങളോടു പരാതിപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഭക്ഷണത്തിനു ചുറ്റും നിങ്ങള്‍ സംഗമിക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. അതില്‍ നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയപ്പെടും.' (അബൂ ദാവൂദ്).
കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്തും ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വങ്ങളെ നിര്‍ണയിച്ചും കുടുംബാംഗങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതു മറ്റൊരു മാര്‍ഗമാണ്. പഠനരംഗത്ത് മികവു പുലര്‍ത്താന്‍ മക്കള്‍ക്ക് ഊര്‍ജം പകര്‍ന്നും ഭക്ഷണകാര്യത്തിലും മറ്റും അഭിപ്രായം തേടിയും സ്‌നേഹം പങ്കിടുന്നത് വേറിട്ട അനുഭവമാകും. പ്രവാചകര്‍(സ) കുടുംബത്തിനു കൂട്ടിരിക്കാനും സ്‌നേഹസല്ലാപത്തിനും സമയം കണ്ടെത്താറുണ്ടായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'എന്റെ മാതൃസഹോദരിയും പ്രവാചകപത്‌നിയുമായ മൈമൂന(റ)യുടെ വീട്ടില്‍ ഞാന്‍ വിരുന്നു പാര്‍ത്തു. നബി തങ്ങള്‍ ഒരു മണിക്കൂര്‍ സമയം ഭാര്യയോടൊപ്പം വര്‍ത്തമാനം പറഞ്ഞിരുന്നശേഷമാണ് ഉറങ്ങിയത് '(ബുഖാരി, മുസ്‌ലിം).
പുത്രി ഫാത്വിമ(റ)യോടൊപ്പം ഇരിക്കാനും നബി(സ) താല്‍പര്യം കാണിച്ചിരുന്നു. 'നബി(സ)യുടെ സവിധത്തിലേക്ക് മകള്‍ കടന്നുവന്നാല്‍ തങ്ങള്‍ എഴുന്നേറ്റു ചെന്നു കൈപിടിച്ചു ചുംബനം നല്‍കി തന്റെ ഇരിപ്പിടത്തില്‍ ഇരുത്തുമായിരുന്നു. മകളുടെ അടുക്കലേക്കു നബി തങ്ങള്‍ കടന്നുചെന്നാല്‍ മകള്‍ തങ്ങളുടെ കൈപിടിച്ചു ചുംബിക്കുകയും തന്റെ ഇരിപ്പിടത്തിലേക്കു സ്വാഗതംചെയ്യുകയും ചെയ്യുമായിരുന്നു.' (അബൂ ദാവൂദ്).
ഇത്തരം സമീപനങ്ങള്‍ ബന്ധം ഊഷ്മളമാക്കും. സൗഹാര്‍ദത്തിലും സമവായത്തിലും പണിതുയരണം സ്‌നേഹക്കുടിലുകള്‍. മേല്‍ക്കൂര ദ്രവിച്ചതെങ്കിലും ഹൃദയഭിത്തികള്‍ ഉറപ്പുള്ളതും പരസ്പരം സാന്ത്വനം പകരുന്നതുമെങ്കില്‍ അവിടെ സമാധാനമുണ്ടാകും.
കുരുന്നുമക്കള്‍ക്കു തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താനും സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും കുടുംബകൂട്ടായ്മ വേദിയൊരുക്കും. കുഞ്ഞുനാള്‍ തൊട്ടേ മനസില്‍ വിരിയുന്ന അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ തുറന്നുപറയാനുള്ള ആര്‍ജവം വളരണം. പെണ്‍കുട്ടികള്‍ക്കും അഭിപ്രായങ്ങളും പ്രതീക്ഷകളും പ്രകടിപ്പിക്കാനുള്ള പ്രോത്സാഹനം നല്‍കണം.
മുതിര്‍ന്നവരുടെ ജീവിതാനുഭവങ്ങള്‍ ഇളംതലമുറയ്ക്കു പകര്‍ന്നു നല്‍കണം. സംസ്‌കാരപരിശീലനത്തിനു സാഹചര്യമുണ്ടാവണം. നബി(സ്വ)യുടെ കൂടെ ഭക്ഷണം കഴിക്കാനിരുന്ന കുട്ടിയോടു തങ്ങള്‍ പറഞ്ഞു: 'മകനേ, നീ ബിസ്മി ചൊല്ലണം. വലതു കൈകൊണ്ടു ഭക്ഷിക്കണം. അടുത്തഭാഗത്തുനിന്നു കഴിക്കണം.' (ബുഖാരി, മുസ്‌ലിം).
പ്രവാചകസവിധത്തിലെത്തിയ ഒരു ഗ്രാമീണന്‍ ആശ്ചര്യപ്പെട്ടു, 'നിങ്ങള്‍ കുഞ്ഞുങ്ങളെ ചുംബിക്കുകയോ. ഞങ്ങള്‍ അവരെ ചുംബിക്കാറില്ല.' അദ്ദേഹത്തിനു നബി തങ്ങള്‍ ഗൗരവമുള്ള മറുപടിയാണു നല്‍കിയത്. 'കാരുണ്യമെന്നതു നിന്റെ ഹൃദയത്തില്‍നിന്ന് അല്ലാഹു ഊരിക്കളഞ്ഞിട്ടുണ്ടെങ്കില്‍ ഞാനെന്തു ചെയ്യാനാണ്.' (ബുഖാരി).
'സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു.' (അല്‍കഹ്ഫ് 46) എന്നാണു വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. സന്താനങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അനിവാര്യമായ അന്തരീക്ഷം നിലനില്‍ക്കണം. മാതാപിതാക്കളും ബന്ധുക്കളും സമൂഹവും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഭാഗഭാക്കാവണം. മാതാപിതാക്കളില്ലാത്ത പക്ഷം അവര്‍ക്ക് സനാഥത്വം പകരാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്.
കുരുന്നുകളോടുള്ള കാരുണ്യത്തില്‍ ഉദാത്തമാതൃകയായിരുന്നു പ്രവാചകന്‍. 'അല്ലാഹുവിന്റെ തിരുദൂതരേക്കാള്‍ ഭാര്യാസന്താനങ്ങളോടു കാരുണ്യമുള്ള ആരെയും കണ്ടിട്ടില്ലെന്ന് അനസുബ്‌നു മാലിക്(റ) പറഞ്ഞിട്ടുണ്ട് .'(മുസ്‌ലിം). നിസ്‌കാരത്തിലാണെങ്കില്‍പോലും കുട്ടികളുടെ അവസ്ഥകളെ ദയാപൂര്‍വം പരിഗണിക്കുമായിരുന്നു. സന്ധ്യാനിസ്‌കാരങ്ങളിലൊന്നു നിര്‍വഹിക്കാനായി പ്രവാചകന്‍ അന്നു കടന്നുവന്നപ്പോള്‍ ഹസന്‍, ഹുസൈന്‍ എന്നീ പേരക്കിടാങ്ങളില്‍ ഒരു കുഞ്ഞു കൂടെയുണ്ടായിരുന്നു. ജനങ്ങള്‍ക്കു നേതൃത്വം നല്‍കി നിസ്‌കരിക്കവേ ഏറെ വൈകിയാണ് സാഷ്ടാംഗത്തില്‍ നിന്നുയര്‍ന്നത്. പ്രവാചകനു ദിവ്യസന്ദേശം അവതരിക്കുകയോ നിസ്‌കാരത്തില്‍ മാറ്റംവരുത്തുകയോ ചെയ്തിട്ടുണ്ടാകാമെന്ന് അനുചരര്‍ കരുതി.
നിസ്‌കാരശേഷം അക്കാര്യം അന്വേഷിച്ചു. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു: 'അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എന്റെ മകന്‍ മുതുകില്‍ക്കയറി എന്നെ വാഹനമാക്കി. അവന്റെ ആവശ്യം നിറവേറ്റും മുമ്പ് അവനെ താഴെയിറക്കാന്‍ ഞാന്‍ മടിച്ചു. ' (നസാഈ).
രണ്ടു പെണ്‍മക്കളെയുമെടുത്ത് ഒരിക്കല്‍ ഒരു ദരിദ്രസ്ത്രീ ആഇശ(റ)യുടെ വസതിയിലെത്തി. അവര്‍ സമ്മാനിച്ച മൂന്ന് ഈത്തപ്പഴത്തില്‍ രണ്ടും മക്കള്‍ക്കിടയില്‍ ഭാഗിച്ചു. ശേഷിച്ച ഒരെണ്ണം ആ മാതാവ് വായിലേക്ക് ഉയര്‍ത്തവേ ഇരുമക്കളും അതിനുവേണ്ടിയും ആവശ്യമുന്നയിച്ചു. മാതാവ് അത് മക്കള്‍ക്കു പകുത്തുനല്‍കി. ഇക്കാര്യം ആഇശ(റ) പ്രവാചകനോടു വിശദീകരിച്ചു. അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി: 'അതുകാരണം ആ സ്ത്രീക്ക് അല്ലാഹു സ്വര്‍ഗം നിര്‍ബന്ധമാക്കി.' (മുസ്‌ലിം).
മാതാപിതാക്കള്‍ക്കു മക്കളിലുള്ള ഉത്തരവാദിത്വമെന്തെന്ന് അവിടുന്നു പ്രഖ്യാപിച്ചു. 'നിങ്ങളെല്ലാം കൈകാര്യകര്‍ത്താക്കളും കീഴിലുള്ളവരെക്കുറിച്ചു ചോദിക്കപ്പെടുന്നവരുമാണ്. പുരുഷന്‍ കുടുംബത്തിലെ കൈകാര്യ കര്‍ത്താവും കീഴിലുള്ളവരെക്കുറിച്ചു ചോദിക്കപ്പെടുന്നവനുമാണ്. സ്ത്രീ ഭര്‍തൃഗൃഹത്തിലെ സംരക്ഷകയും വീട്ടിലുള്ളവരെക്കുറിച്ചു ചോദിക്കപ്പെടുന്നവളുമാണ്.' (ബുഖാരി, മുസ്‌ലിം).
പരിതാപകരമായ ചുറ്റുപാടിലാണ് ഇന്നത്തെ കുട്ടികള്‍ വളരുന്നത്. ഉറ്റവരും ഉടയവരുംതന്നെ ഈ പൂമൊട്ടുകള്‍ക്കു വേവുന്ന വേനലാവുന്നു. മാതാവിന്റെ ക്രൂരതകള്‍ക്കിരയാവുന്ന അരുമക്കിടാങ്ങള്‍ പിന്നെ ആരെ വിളിച്ച് അലറിക്കരയാനാണ്. പിതാവു കാട്ടാളനാകുമ്പോള്‍ വിഹ്വല ബാല്യം ആരില്‍ അഭയം പ്രതീക്ഷിക്കാനാണ്.
മാതാപിതാക്കളുടെ മാനസികവിഭ്രാന്തികളില്‍ സന്താനങ്ങള്‍ അരക്ഷിതാവസ്ഥയിലായിക്കൂടാ. കുടുംബ ശൈഥില്യങ്ങളുടെ കാറ്റിലും കോളിലുംപെട്ടു മുരടിച്ചുപോകുന്ന ബാല്യകൗമാരങ്ങള്‍ സൃഷ്ടിക്കുന്ന നാളെ ശുഭകരമാകില്ല. അതിനാല്‍, ഇളം തലമുറയുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താന്‍ സമൂഹത്തിന്റെ സജീവപ്രയത്‌നവും ജാഗ്രതയും കൂടിയേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."