പകര്‍ച്ച വ്യാധികള്‍ പടരുന്നു; ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല
തൊടുപുഴ: ജില്ലയിലെ പല സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ കുറവുമൂലം സ്തംഭനാവസ്ഥയില്‍.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത് രോഗികളെ വലയ്ക്കുന്നു. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലടക്കം ഡോക്ടര്‍മാരുടെ തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്.
ജില്ലയിലാകെ 15 അസിസ്റ്റന്റ് സര്‍ജന്‍മാരുടെ ഒഴിവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സീനിയര്‍ കണ്‍സല്‍റ്റന്റിന്റെ രണ്ട് ഒഴിവുകളും കണ്‍സല്‍റ്റന്റുമാരുടെ മൂന്ന് ഒഴിവുകളും ജൂനിയര്‍ കണ്‍സല്‍റ്റന്റുമാരുടെ ഒന്‍പത് ഒഴിവുകളും ജില്ലയിലുണ്ട്. ഒഴിവുള്ള പല തസ്തികകളിലും അഡ്‌ഹോക് അടിസ്ഥാനത്തിലും എന്‍എച്ച്എം വഴിയും ഡോക്ടര്‍മാരെ നിയമിച്ചാണു പല ആശുപത്രികളുടെയും പ്രവര്‍ത്തനം കാര്യമായ പരാതികളില്ലാതെ അധികൃതര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇടുക്കിയിലേക്കു നിയമനം ലഭിച്ചാലും ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും ഇവിടേക്കു വരാന്‍ തയാറല്ലെന്ന് അധികൃതര്‍ പറയുന്നു. ഇനി ജോലിയില്‍ പ്രവേശിച്ചാല്‍ തന്നെ പലരും കഷ്ടിച്ചു കുറച്ചുദിവസം ജോലിചെയ്ത ശേഷം സ്ഥലംമാറ്റം വാങ്ങിയും മറ്റും പോകുകയാണു പതിവെന്നും ആക്ഷേപമുണ്ട്. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാരുടെ കുറവും പല ആശുപത്രികളിലുമുണ്ട്.
ജില്ലയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രധാന ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രധാന ആശുപത്രികളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചു ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."