വര്‍ഗീസ് കൊലപാതകിയെന്ന് സര്‍ക്കാര്‍; കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലെന്നും സത്യവാങ്മൂലം
തിരുവനന്തപുരം: നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയും ആണെന്ന് സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. 2016 ജൂലൈ 22ന് അഡ്വക്കേറ്റ് ജനറല്‍ മുഖേന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഐജി കെ ലക്ഷ്മണക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിയും സിബിഐ അന്വേഷണത്തിലെ കണ്ടെത്തലും അന്തിമമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വര്‍ഗീസ് മരിച്ച് 18 വര്‍ഷത്തിനു ശേഷം പൊലിസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ വെളിപെടുത്തലാണ് ലക്ഷ്മണയുടെ ശിക്ഷക്ക് കാരണമായത്. ഡിവൈഎസ്പിയായിരുന്ന കെ ലക്ഷ്മണയുടെയും ഡിഐജി പി വിജയന്റെയും ആജ്ഞ അനുസരിച്ച് വെടിവെച്ച് കൊന്നതായാണ് രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ ലക്ഷ്മണയെ കുറ്റക്കാരനാണെന്ന് കണ്ടത്തി. ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു.
എന്നാല്‍ ഈ വിധി അന്തിമല്ലെന്നും നിരവധി കൊലപാതകങ്ങളിലും കൊള്ളകളിലും പ്രതിയായ വര്‍ഗീസ് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ തന്നെയാണ് മരിച്ചതെന്നുമാണ് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ സന്തോഷ് കുമാര്‍ ആര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. വര്‍ഗീസ് കുപ്രസിദ്ധനായ ക്രിമിനലും കൊലപാതകങ്ങളിലും കൊള്ളകളിലും പങ്കാളിയായിരുന്നുവെന്ന വസ്തുത സിബിഐയും ലക്ഷ്മണയെ ശിക്ഷിച്ച കോടതിയും നിഷേധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
1970 ഫെബ്രുവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."