100 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും
ആലപ്പുഴ: എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളിയിലെ തിരുനാളിന് ഇക്കൂറി ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കളക്ടര്‍ വീണ എന്‍.മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓഫീസര്‍മാരുടെ യോഗത്തിലാണ് ഈ തീരുമാനം.
പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്, എടത്വ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാറ്റിവെച്ച വെടിക്കെട്ടിനായുള്ള തുക ഉപയോഗിച്ച് നൂറുപേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ തുക അനുവദിച്ചിരുന്നു. ഇക്കുറിയും വെടിക്കെട്ട് ഒഴിവാക്കുമെന്ന് പള്ളി വികാരി ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ പറഞ്ഞു. 14 ലക്ഷം രൂപയോളം വിവിധ സഹായമായി നല്‍കി.
ഏപ്രില്‍ 27 മുതല്‍ മെയ് ഏഴു വരെയാണ് തിരുനാള്‍ ദിവസങ്ങള്‍. ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും 300 പൊലീസുകാരെ അധികമായി നിയമിക്കും. ആരോഗ്യ വിഭാഗം പ്രധാന തീരുനാളായ മെയ് നാലു മുതല്‍ ഏഴു വരെ 24 മണിക്കൂര്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിപ്പിക്കും.
മറ്റു ദിവസങ്ങളില്‍ പള്ളി പരിസരത്ത് ഒ.പിയും ഉണ്ടാകും. തിരുനാളിന്റെ പ്രധാന ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കൂടുതല്‍ സര്‍വീസ് നടത്തും. കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡും പ്രവര്‍ത്തിക്കും.
കെ.എസ്.ആര്‍.ടി.സി തമിഴ്‌നാട്, മറ്റു ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നും ബസ് സര്‍വീസ് നടത്തും. ജലഗതാഗത വകുപ്പ് നിലവിലുള്ള രണ്ട് ബോട്ടുകള്‍ക്ക് പുറമേ നാലു ബോട്ടുകള്‍ അധികമായി ഓടിക്കും. ആവശ്യമായ അംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും.
പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കി തുണി സഞ്ചി ഉപയോഗിക്കാന്‍ ഭക്തര്‍ കുടൂതല്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിക്കും.
ശുദ്ധമായ കുടിവെള്ളവിതരണം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമായി നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം നടത്തുക, പേപ്പര്‍ പ്ലേറ്റുകള്‍ ഒഴിവാക്കുക, സ്റ്റീല്‍ പാത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുക തുടങ്ങിയവയിലൂടെ പരിസ്ഥിതി സംരക്ഷണമാണ് ഗ്രീന്‍ പ്രോട്ടോകോള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. അഗ്‌നിശമനസേനാ വിഭാഗവും സജീവമായി പ്രവര്‍ത്തന രംഗത്ത് ഉണ്ടാകും.
യോഗത്തില്‍ എ.ഡി.എം. എം.കെ.കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ആര്‍.ഡി.ഓ മുരളീധരക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ്, ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."