ഫിത്വര്‍ സകാത്ത്
ഹിജ്‌റ രണ്ടാം വര്‍ഷമാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. 'ഒരുമാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്തിയില്‍ അല്ലാഹു മുസ്‌ലിംകള്‍ക്കു നല്‍കിയ ചെറിയപെരുന്നാള്‍ ദിനത്തിലുംഅതിനോട് ബന്ധപ്പെട്ട് ഒന്നു രണ്ടുദിവസവും ജനങ്ങള്‍ തൊഴിലിനും അദ്ധ്വാനത്തിനും അവധി നല്‍കുകയെന്നത് സ്വാഭാവികമാണ്.
ആഘോഷത്തിന്റെ പേരിലുണ്ടാകുന്ന അവധിദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന ലക്ഷ്യമാണ് ഈ സകാത്തിന്റെ പിന്നിലുള്ളത്. ഇതു സാക്ഷാല്‍കരിക്കാനാണ് ഫിത്വര്‍ സകാത്ത് ഇസ്‌ലാം നിര്‍ബന്ധമാക്കിയത് (തുഹ്ഫ : 3:319). ഈ ഉദ്ദേശ്യം ഗ്രഹിക്കാതെ ഈ സകാത്തിനെ ഇസ് ലാമിന്റെ ഒരു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി എടുത്ത് കാണിക്കുന്നത് അബദ്ധമാണ്.
'നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ്‌വിന്റെ സുജൂദ് പരിഹാരമാകുന്നത് പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമാണ് ഫിത്വ്ര്‍ സകാത്ത്. നോമ്പുകാരനു ശുദ്ധീകരണമാണ് ഫിത്വര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു. (തുഹ്ഫ : 3:305,ഫത്ഹുല്‍ മുഈന്‍ പേജ്:171).
നോമ്പില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിയത് എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. ഫിത്വര്‍ സകാത്തു നല്‍കുന്നതിലൂടെ ഈകാര്യം നടക്കുമെന്നുമാത്രം. നോമ്പില്ലാത്ത കുട്ടികള്‍ക്ക് വരെ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാണല്ലോ.
ആര്‍ക്കാണ് നിര്‍ബന്ധം
ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യതനിറവേറ്റുക എന്നരീതിയിലാണ് ഇതിന്റെ ക്രമീകരണം. നിര്‍ബന്ധമാക്കുന്നവേളയില്‍ താന്‍ ചെലവ് കൊടുക്കാന്‍ ബാധ്യതപ്പെട്ട അംഗങ്ങള്‍ എത്രയുണ്ടോ അവര്‍ക്കെല്ലാം സകാത്തും നല്‍കണം. റമദാന്‍ മാസത്തിന്റെ പരിസമാപ്തിയുടെ നിമിഷവും പെരുന്നാള്‍ രാവ് ആരംഭിക്കുന്ന നിമിഷവും ചേര്‍ന്നതാണ് ഇത് നിര്‍ബന്ധമാക്കുന്ന വേള.
ഈസമയത്ത് തന്റെ മേല്‍ ചെലവ് ബാധ്യതപ്പെട്ടവരായി മുസ്‌ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത് നല്‍കണം. അപ്പോള്‍ റമദാന്‍ അവസാന നാളിലെ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പും തൊട്ടുപിറകെയും ഒന്നിച്ച് ജീവിക്കുന്നവര്‍ക്കേ ബാധ്യതവരൂ. പെരുന്നാള്‍ രാവ് പ്രവേശിച്ചശേഷം ജനിച്ചകുഞ്ഞിന് വേണ്ടിസകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത്തു ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാവുന്നു.
എന്തുകൊടുക്കണം?
നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്. പലധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതുംകൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്ടപ്പെട്ടാലെ സാധുവാകുകയുള്ളൂ.
നമ്മുടെ നാട്ടില്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരി പക്ഷേ ഉറപ്പുള്ള തരം പറ്റില്ല. ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്ഫ 3:324). ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വിലകൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ് (നിഹായ 3:123, മുഗ്‌നി 1:407).
ഒരാള്‍ക്ക് ഒരുസ്വാഅ് വീതമാണ് നല്‍കേണ്ടത്. ഒരു അളവു പാത്രമാണിത്. നബി (സ)യുടെ കാലത്തുള്ള സ്വാഅ് ആണ് പരിഗണിക്കുക. അതിനാല്‍ നബിയുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പുവരുന്നതു നല്‍കണം. 3.200 ലിറ്ററാണ് ഒരു സ്വാഅ്. തൂക്കമനുസരിച്ച് കത്യംപറയാന്‍ കഴിയില്ല. അരിയുടെഭാരവ്യത്യാസമനുസരിച്ച് തൂക്കത്തില്‍ അന്തരം വരും. ചിലര്‍ ഒരുസ്വാഅ് 2.400 കി.ഗ്രാംവരുമെന്നും മറ്റുചിലര്‍ 2.800 കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ് നല്ലത്. പിന്തിക്കല്‍ കറാഹത്താണ്. പക്ഷേ ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച് പിന്തിക്കല്‍ സുന്നത്തുണ്ട്. എന്നാല്‍ സൂര്യാസ്തമയംവിട്ട് പിന്തിക്കരുത്. അത് കാരണമില്ലെങ്കില്‍ നിശിദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."