ബി.ജെ.പി അവരുടെ ദിശയില്‍ രാജ്യത്തെ കൊണ്ട് പോകാന്‍ ശ്രമിക്കുന്നു: കാനം
മട്ടാഞ്ചേരി: ചരിത്രത്തേയും ജനാധിപത്യത്തേയും ഭരണഘടനയേയും ഭരണഘടന സ്ഥാപനങ്ങളേയും മാനിക്കാതെ തങ്ങളുടെ ദിശയിലേക്ക് രാജ്യത്തെ കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇതിനെ ജനാധിപത്യ വിശ്വാസികള്‍ ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ നടത്തിയ പ്രതിരോധ ശൃംഖല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുങ്ങിയ രാഷ്ട്രീയ ധാരണ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. ചരിത്ര ശേഷിപ്പുകളോട് ഇവര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതിന് കാരണം ചരിത്രത്തില്‍ സാന്നിദ്ധ്യമാകാന്‍ കഴിയാത്ത പ്രസ്ഥാനമായത് കൊണ്ടാണ്. ഇവര്‍ പുതിയ ചരിത്രം നിര്‍മ്മിക്കുവാന്‍ ശ്രമിക്കുകയാണെന്നും ചരിത്ര സ്മാരകങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ വളര്‍ച്ചക്ക് സുപ്രധാനമായ പങ്ക് വഹിച്ച പൊതുമേഖലാ സ്ഥാപനങ്ങളും ഇവര്‍ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു അധ്യക്ഷത വഹിച്ചു. സംവിധായകന്‍ വിനയന്‍, തിരക്കഥാകൃത്ത് ജോണ്‍പോള്‍, കമലാ സദാനന്ദന്‍,ബാബുപോള്‍, കെ.കെ അഷറഫ്, അഡ്വ. കെ.എന്‍ സുഗതന്‍, ടി.സി സന്‍ജിത്ത്, എം.ടി നിക്‌സന്‍, എസ്.ശ്രീകുമാരി, എം.ഡി ആന്റണി, ഹരി മാസ്റ്റര്‍, ടി.കെ ഷബീബ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."