സമരഭൂമിയില്‍ ബാക്കിയായ ജീവിതം
ആഗോള ഭീമനായ കൊക്കകോളയെ ഗാന്ധിയന്‍ സമരമാര്‍ഗത്തിലൂടെ കെട്ടുകെട്ടിച്ച ഗ്രാമമാണ് പാലക്കാട് ജില്ലയിലെ പ്ലാച്ചിമട. ആദിവാസി സമൂഹം ഉള്‍പ്പെടുന്ന ഗ്രാമവാസികളെ കോളക്കമ്പനി ഇപ്പോഴും ഭീതിയോടെ മാത്രമാണു കാണുന്നത്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ കൂലിപ്പണിയെടുത്തു ജീവിക്കുന്ന ഗ്രാമീണര്‍ ഇന്ന് ഒരു കാര്യത്തില്‍ ഏറെ സന്തുഷ്ടരാണ്. ലോകത്തെമ്പാടും വലിയൊരു കച്ചവടശൃംഖല പടുത്തുയര്‍ത്തിയ കോളകമ്പനി പ്ലാച്ചിമടക്കാരോടു മാത്രമാണ് അടിയറവു പറഞ്ഞത്. കഴിഞ്ഞ പതിനേഴു വര്‍ഷമായി തുടരുന്ന ഈ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള പലരുമിപ്പോള്‍ സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ കഷ്ടപ്പെടുകയാണ്. കൊക്കകോളയെ മുട്ടുകുത്തിച്ച സമരത്തില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ച ശാന്തി അക്കൂട്ടത്തില്‍ ഒരാളാണ്. മൂന്നു വര്‍ഷമായി പ്ലാച്ചിമട സമരസമിതിയുടെ കണ്‍വീനറാണ് ശാന്തി.
ഓട്ടോജീവിതം
സമരവും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ ശാന്തി ഇന്ന് ഓട്ടോ ഓടിക്കുകയാണ്. അഞ്ചു വര്‍ഷമായി ശാന്തിയുടെ 'ശ്രീലക്ഷ്മി' ഓട്ടോ പ്ലാച്ചിമടയെന്ന കൊച്ചുഗ്രാമത്തിലൂടെ ഓടാന്‍ തുടങ്ങിയിട്ട്. ശാന്തിക്ക് ഇന്നു ജീവിതമെന്നാല്‍ സമരം കൂടിയാണ്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരേ മയിലമ്മക്കും കന്നിയമ്മക്കും പാപ്പമ്മക്കും പഴനിയത്താളിനുമൊക്കെ ഒപ്പം ചേര്‍ന്നാണ് ശാന്തിയുടെ സമരജീവിതം ആരംഭിക്കുന്നത്. 24-ാം വയസില്‍ തുടങ്ങിയ ആ പോരാട്ടം 17 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും അവസാനിച്ചിട്ടില്ല.
ജീവിതം സമരത്തിനൊപ്പം മുന്നോട്ടുപോകില്ലെന്നു മനസിലാക്കിയപ്പോള്‍ 2013ല്‍ 34-ാം വയസിലാണ് ശാന്തി ഡ്രൈവിങ് പഠിച്ച് ഓട്ടോക്കാരിയാകുന്നത്. ഇന്ന് ഓട്ടോറിക്ഷ ഓടിച്ചു ജീവിതം പുലര്‍ത്തുന്ന അപൂര്‍വം ആദിവാസി യുവതികളിലൊരാളാണവര്‍. ശാന്തിക്കൊപ്പം അനിയത്തിയും ഓട്ടോ ഡ്രൈവിങ് പഠിച്ചെങ്കിലും ഓട്ടോക്കാരിയായി മാറിയില്ല. പട്ടികവര്‍ഗ വകുപ്പിന്റെ സഹായത്തോടൊണ് ശാന്തി ഡ്രൈവിങ് പഠിച്ച് ഓട്ടോറിക്ഷയെടുത്തത്. അഞ്ചു വര്‍ഷം ഓട്ടോ ഓടിച്ചുനടന്ന ശാന്തി കഴിഞ്ഞ വര്‍ഷം തന്റെ ഭര്‍ത്താവ് ശെന്തില്‍കുമാറിനെയും തന്റെ വഴിയെ കൂട്ടി. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി മാത്രമായിരുന്നു ശെന്തില്‍ കഴിഞ്ഞ വര്‍ഷം വരെ ചെയ്തിരുന്നത്. ശാന്തി ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം മിച്ചംവച്ചു ഭര്‍ത്താവിന് ഒരു ഓട്ടോ വാങ്ങിക്കൊടുത്തു. മീനാക്ഷിപുരം ടൗണിലാണ് ഓട്ടോ പെര്‍മിറ്റെങ്കിലും പ്ലാച്ചിമടയില്‍ അടച്ചുപൂട്ടിയ കൊക്കകോള കമ്പനിക്കു സമീപമാണ് ഓട്ടോ നിര്‍ത്തിയിടുക.
ആശുപത്രി, പഞ്ചായത്ത്, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണു നാട്ടുകാര്‍ ഓട്ടോ വിളിക്കുക. ശാന്തിയുടെ വണ്ടി കിട്ടിയാല്‍ പിന്നെ എന്ത് ആവശ്യങ്ങള്‍ക്കാണു പോകുന്നതെങ്കിലും അവിടത്തെ കാര്യങ്ങള്‍ കൂടി ഓട്ടോ വിളിച്ചവര്‍ക്ക് ചെയ്തു കൊടുത്തേ അവര്‍ മടങ്ങൂ. ശാന്തിയെ കൂടെ കണ്ടാല്‍ 'പോയി നാളെ വരൂ' എന്നു പറഞ്ഞു സര്‍ക്കാര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ മടക്കിവിടുകയും ചെയ്യില്ല. അതുപോലെ തന്നെയാണ് ആുപത്രികളിലേക്കു പോകുന്ന രോഗികളുടെ കാര്യത്തിലും ശാന്തി ചെയ്യാറുള്ളത്. എല്ലാത്തിനും കൂടെ നിന്നു ചെയ്തുകൊടുക്കും.
''ഓട്ടോ ഓടിക്കുന്നതും എനിക്ക് സാമൂഹ്യസേവനമായിട്ടാണു തോന്നുന്നത്. ഈ നാട്ടില്‍ അധികവും വിദ്യാഭ്യാസമില്ലാത്തവരും പാവപ്പെട്ടവരുമാണ്. ഇവരുടെ കാര്യങ്ങള്‍ക്ക് ഒപ്പം പോകാന്‍ ആരും സമയം കണ്ടെത്താറില്ല. എനിക്ക് ഓട്ടോയുള്ളതിനാല്‍ ആര്‍ക്കെന്ത് അത്യാവശ്യം വന്നാലും ഈ വണ്ടിയും ഞാനുമുണ്ടാകും.''ഇതാണ് ശാന്തിയുടെ ജീവിതനിലപാട്. പ്ലാച്ചിമട സ്റ്റാന്‍ഡില്‍ കിടന്നുള്ള ഓട്ടത്തെക്കാള്‍ മൊബൈല്‍ വിളി ഓട്ടങ്ങളാണ് അധികവും. പിന്നെ ആശാവര്‍ക്കര്‍ ആയതിനാല്‍ അത്തരം കാര്യങ്ങള്‍ക്കും ഓട്ടോ കൂടുതല്‍ ഓടും. ശാന്തി ഓട്ടത്തിലാണെങ്കില്‍ അപ്പോള്‍ വരുന്ന മൊബൈല്‍ ഓട്ടങ്ങള്‍ക്ക് ഭര്‍ത്താവിനെ പറഞ്ഞുവിടും. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചുവരെയേ ഓട്ടമുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്കാണെങ്കില്‍ പരമാവധി രാത്രി എട്ടുവരെയും ഓട്ടത്തിനു പോകാറുണ്ട്.
സമരഭൂമിയിലേക്ക്
പത്താംക്ലാസ് വരെയേ ശാന്തി പഠിച്ചിട്ടുള്ളൂ. പത്താംക്ലാസ് കഴിഞ്ഞ് ഒന്നു രണ്ടു വര്‍ഷമായപ്പോഴാണ് പ്ലാച്ചിമടക്കാര്‍ക്ക് കുടിവെള്ളം ഇല്ലാതായി തുടങ്ങിയത്. പരിസരത്തെ കിണറുകളിലെ വെള്ളത്തിന് രുചിവ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യമാര്‍ക്കും ഇതു മനസിലായില്ല. വെള്ളത്തിന് ഉപ്പുരസവും ദുര്‍ഗന്ധവും. വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. കുളിച്ചാല്‍ ചൊറിച്ചിലും ത്വക്ക്‌രോഗങ്ങളും. പരിസരത്തെ കുറെ കിണറുകള്‍ വറ്റുകയും ചെയ്തു. അതിനിടെ വറ്റിയ കിണറുകളുടെ എണ്ണം 250ലേറെയായി. 750ലേറെ കുടുംബങ്ങള്‍ക്കു കുടിവെള്ളം ഇല്ലാതായി. ഉള്ള വെള്ളം തന്നെ ഒന്നിനും ഉപകരിക്കാനാവാത്ത അവസ്ഥയും.
വെള്ളം തേടി പോകേണ്ടി വരുന്നതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളിലും മുതിര്‍ന്നവര്‍ക്കു ജോലിക്കും പോകാന്‍ കഴിയില്ല. രണ്ടു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഒരു തുള്ളി വെള്ളമില്ലാത്തതിനാല്‍ അതിനുമപ്പുറത്തുനിന്നു തലച്ചുമടായും വാഹനങ്ങളിലും വെള്ളം കൊണ്ടു വരണം. കൊക്കകോളയാണ് ഈ ദുരിതങ്ങള്‍ക്കെല്ലാം കാരണമെന്നു മനസിലാക്കിയാണ് ശാന്തിയും മയിലമ്മക്കൊപ്പം സമരത്തിനിറങ്ങിയത്. സമരത്തിനു നേതൃത്വം കൊടുത്ത മയിലമ്മയും കന്നിയമ്മയുമെല്ലാം ശാന്തിയുടെ അയല്‍ക്കാര്‍ കൂടിയായിരുന്നു.
കൊക്കകോള കമ്പനിക്കു മുന്നിലെ സമരപ്പന്തലില്‍ വര്‍ഷങ്ങളോളം ശാന്തിയും ഉണ്ടായിരുന്നു. സമരക്കാര്‍ക്കു ഭക്ഷണം പാകം ചെയ്യല്‍, ദൂരെ സ്ഥലങ്ങളില്‍നിന്നു കുടത്തില്‍ വെള്ളം ഏറ്റിക്കൊണ്ടു വന്നു സമരക്കാര്‍ക്കു കുടിക്കാന്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ശാന്തി ചെയ്തു വന്നിരുന്നു. അന്ന് കൊക്കകോള വിരുദ്ധ സമരസമിതി അംഗമായിരുന്നു.
കോള കമ്പനി പൂട്ടിപ്പോയ ശേഷം കഴിഞ്ഞ 16 വര്‍ഷമായി തുടരുന്ന അതിജീവനസമരത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സമരം നടത്തിവരുന്നത്. എല്ലാവര്‍ക്കും നഷ്ടപരിഹാരം കിട്ടാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ സമരം. അതിനായി രൂപീകരിച്ച പ്ലാച്ചിമട സമരസമിതിയുടെ കണ്‍വീനറാണ് ശാന്തി.
സാക്ഷരതാ പ്രേരക് ആയി കുറച്ചുകാലം ശാന്തി ജോലി ചെയ്തിരുന്നു. ഒരു നഴ്‌സറി സ്‌കൂളില്‍ മൂന്നുവര്‍ഷം ജോലി നോക്കിയെങ്കിലും ശമ്പളമൊന്നും ലഭിക്കാതെ വഞ്ചിക്കപ്പെട്ട അനുഭവവും ശാന്തിക്കുണ്ട്. ശമ്പളം ഒരുമിച്ചുതരാമെന്നു പറഞ്ഞ് ഒടുവില്‍ ഒന്നും കൊടുക്കാതെ പറഞ്ഞയക്കുകയായിരുന്നു. ആദിവാസി ഇരവാളര്‍ സമുദായാംഗമായ ശാന്തി ഭര്‍ത്താവ് ശെന്തില്‍കുമാറും രണ്ട് ആണ്‍മക്കളുമൊത്ത് പ്ലാച്ചിമടക്ക് അടുത്ത് സര്‍ക്കാര്‍പതിയിലാണ് ഇപ്പോള്‍ താമസം.
പ്ലാച്ചിമടയില്‍ ബാക്കിയായത്
കൊക്കകോള തങ്ങളുടെ രാഷ്ട്രീയാധീശത്വവും കോര്‍പറേറ്റ് കുതന്ത്രങ്ങളും വഴി പ്ലാച്ചിമടയില്‍ ചെയ്ത ക്രിമിനല്‍ കുറ്റങ്ങളെ മറച്ചുപിടിച്ചു പാവപ്പെട്ട നാട്ടുകാരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നാണു സമരപ്രവര്‍ത്തക ശാന്തി പറയുന്നത്. പട്ടികവര്‍ഗാതിക്രമ നിയമപ്രകാരം ഒരു ജനതയുടെ കുടിവെള്ളം മുട്ടിച്ചതിനു ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍ നിര്‍ദേശമനുസരിച്ച് മീനാക്ഷിപുരം പൊലിസ് കോളകമ്പനിയുടെ പ്രതിനിധികള്‍ക്കെതിരേ കേസെടുത്തിട്ട് രണ്ടു വര്‍ഷത്തോളമായി. ഇതുവരെ അവര്‍ക്കെതിരേ നടപടിയെടുക്കാനോ അറസ്റ്റ് ചെയ്യാനോ കേരളത്തിലെ പൊലിസിനു കഴിഞ്ഞിട്ടില്ല. അവര്‍ക്കെതിരേയുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് നിയമ വകുപ്പു മന്ത്രി പറയുന്നത്. പിന്നെ കോളകമ്പനിയുടെ പ്രവര്‍ത്തനംമൂലം ദുരിതമനുഭവിക്കുന്ന പ്ലാച്ചിമടയിലെ കര്‍ഷകര്‍ക്കും മറ്റു ജനങ്ങള്‍ക്കും നഷ്ടപരിഹാരത്തിനായി നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഒരു നടപടിയും സ്വീകരിക്കുന്നില്ല. മൂന്നു മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞ ഉറപ്പ് വര്‍ഷം ഒന്നായിട്ടും പാലിക്കപ്പെട്ടില്ല. പിന്നെയെങ്ങനെയാണ് പ്ലാച്ചിമടക്കാര്‍ക്ക് നീതി ലഭിക്കുക എന്ന് ശാന്തി ചോദിക്കുന്നു.
17 വര്‍ഷമായി പ്ലാച്ചിമടക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും നടപ്പിലായിട്ടില്ല. കമ്പനിയുടെ പ്രവര്‍ത്തനംമൂലം മലിനീകരിക്കപ്പെട്ട ഇവിടത്തെ തുറന്ന കിണറുകളിലും കുഴല്‍കിണറുകളിലുമുള്ള വെള്ളം ഇപ്പോഴും ഉപയോഗപ്രദമായിട്ടില്ല. പ്ലാച്ചിമടയിലും സമീപത്തെ കോളനികളിലുമുള്ളവര്‍ക്കും ഇപ്പോള്‍ പണം കൊടുത്ത് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടാണുള്ളത്. മാസം നൂറുരൂപ വെള്ളക്കരം അടക്കണം. സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം ആദിവാസി കുടുംബങ്ങള്‍ക്കും ഫലത്തില്‍ ജന്മാവകാശമായ കുടിവെള്ളം കിട്ടാന്‍ പണം നല്‍കിയിട്ടു വേണം. അതും രണ്ടു ദിവസത്തിലൊരിക്കല്‍ മാത്രമാണു വെള്ളം കിട്ടുന്നതും.
സമരമുഖത്തുള്ള അന്‍പതോളം കുടുംബങ്ങള്‍ കൂലിപ്പണിയെടുത്താണു ജീവിക്കുന്നത്. പ്രായമുള്ളവര്‍ക്കു മറ്റു തൊഴിലെടുക്കാനും കഴിയുന്നില്ല. സ്ത്രീകള്‍ക്കു തൊഴില്‍ സംരംഭങ്ങളില്ല. മുന്‍പു തുടങ്ങിയ സ്വയം തൊഴില്‍സംരംഭം തുടര്‍ന്നു നടത്തിക്കൊണ്ടു പോകാന്‍ വേണ്ടിയുള്ള വരുമാനം ഇല്ലാതായി. ഗ്രാമപഞ്ചായത്തോ ജില്ലാ പഞ്ചായത്തോ ഇക്കാര്യങ്ങളിലൊന്നും ഇടപെടാന്‍ തയാറാവുന്നുമില്ല. സമരത്തില്‍ പങ്കെടുക്കുന്ന 30 സ്ത്രീകളുണ്ട്. അവര്‍ക്കു വേണ്ടി തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കാനും ബന്ധപ്പെട്ടവര്‍ ഒരുക്കമല്ല.
ഇതിനിടയില്‍ പ്ലാച്ചിമടയിലെ കോളകമ്പനിയില്‍ പഴച്ചാര്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി പ്രചാരണമുണ്ട്. പ്ലാച്ചിമടക്കാര്‍ക്കു മതിയായ നഷ്ടപരിഹാരം ലഭിക്കാതെ ഈ കമ്പനി ഒരിക്കലും പ്രവര്‍ത്തിപ്പിക്കാന്‍ സമ്മതിക്കില്ല എന്നു തന്നെയാണ് ശാന്തിയുടെ ഉറച്ച സ്വരം. അത് സമരവേദിയിലെ ഓരോരുത്തരുടെയും ശബ്ദമാണ്. എന്തു സമ്മര്‍ദമുണ്ടായാലും സമരക്കാര്‍ ഒറ്റക്കെട്ടായി നേരിടും. അതിന് കേരളത്തിലെ ജനസമൂഹത്തിന്റെ പിന്‍ബലം കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ശാന്ത പറയുന്നു. ചിലരൊക്കെ പ്ലാച്ചിമടയില്‍ സമരം നടക്കുന്നില്ലെന്നു പ്രചരിപ്പിച്ചു കൂടെ നില്‍ക്കുന്നവരെ തളര്‍ത്താനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ 17 വര്‍ഷമായി സ്വയം സന്നദ്ധരായാണ് ഓരോരുത്തരും സമരത്തിനു വരുന്നത്. ഇച്ഛാശക്തിയുള്ള ജനങ്ങളാണു സമരത്തിനു പിന്നിലുള്ളത്. ലോകത്ത് 200ഓളം കൊക്കകോള കമ്പനികള്‍ ഉണ്ടെങ്കിലും കേരളത്തിലെ പ്ലാച്ചിമടയിലുള്ള കമ്പനി മാത്രമാണ് അടച്ചുപൂട്ടിയിട്ടുള്ളത്. സമരത്തിന്റെ പേരില്‍ ഒരു അക്രമവും ഇവിടെ നടന്നിട്ടില്ല. തികച്ചും ഗാന്ധിയന്‍ രീതിയിലാണു സമരം നടക്കുന്നത്. അതുകൊണ്ടാണ് ഇത്രയുംകാലം സമരവുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞത്.
ഇതിനിടയില്‍ ചില രാഷ്ട്രീയക്കാര്‍ സമരപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സമരത്തെ പൊളിക്കാനുള്ള ശ്രമവും അണിയറയില്‍ നടത്തിവരുന്നു. അതെല്ലാം സമരക്കാര്‍ തിരിച്ചറിയുന്നുമുണ്ട്. പ്ലാച്ചിമട സമരമുന്നയിച്ച ആവശ്യങ്ങളിലൊന്നുപോലും പരിഹരിക്കാന്‍ മാറിമാറി ഭരിച്ചവര്‍ക്കു സാധിച്ചില്ലെന്നതു പ്രതിഷേധാര്‍ഹമാണ്. എല്ലാം ശരിയാകുമെന്നു പറഞ്ഞ് കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പ്ലാച്ചിമടയിലെ ജനങ്ങള്‍ ഉന്നയിച്ച കാര്യങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. വ്യാജമായ ഏറ്റെടുക്കല്‍ ആഘോഷങ്ങളെക്കാള്‍ പ്ലാച്ചിമടയുടെ, സമരക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിയണമെന്നാണു തങ്ങള്‍ക്കു ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടു പറയാനുള്ളതെന്ന് ശാന്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."