ജീവിതത്തിനും മരണത്തിനുമിടയില്‍ വൈഷ്ണവി കഴിഞ്ഞത് നാല് മണിക്കൂര്‍
എരുമപ്പെട്ടി: ജീവിതത്തിനും മരണത്തിനുമിടയില്‍ വൈഷ്ണവി കഴിഞ്ഞത് നാല് മണിക്കൂര്‍. കടങ്ങോട് കുടുംബത്തിന്റെ കൂട്ടമരണത്തില്‍ നിന്നും വൈഷ്ണവി രക്ഷപ്പെട്ടത് കിണറിലെ വൈദ്യുതി മോട്ടോറിന്റെ കയറില്‍ തൂങ്ങി. തന്നെ കിണറ്റിലെറിയരുത് അച്ചായെന്ന വൈഷ്ണവിയുടെ നിലവിളി സുരേഷ്‌കുമാറിന്റെ ഹൃദയത്തില്‍ തറച്ചെങ്കിലും ഭാര്യയേയും മക്കളേയും കടങ്ങളുടെ ലോകത്ത് തനിച്ചാക്കി പോകില്ലായെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ആ പിതാവ്. അതു കൊണ്ട് തന്നെ മകളുടെ കാല്‍പിടിച്ചുള്ള കരച്ചില്‍ സുരേഷ്‌കുമാറിനെ തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തന്റെ പിഞ്ചോമനയെ പിടിച്ച് കിണറ്റിലേക്ക് എറിയുമ്പോള്‍ ആ പിതാവ് ഇങ്ങനെ പറഞ്ഞുവത്രെ. മോളെ അച്ചന് ഇഷ്ടമില്ലാഞ്ഞിട്ടല്ല... അച്ചന് വേറെ മാര്‍ഗമില്ല.. മോളെ തനിച്ചാക്കി പോകാന്‍ അച്ചന് കഴിയില്ല.. ഇത് പറയുമ്പോള്‍ അച്ചന്‍ കരഞ്ഞിരുന്നുവെന്ന് വൈഷ്ണവി പറഞ്ഞു. എന്നും ലോട്ടറി വിറ്റ് വരുമ്പോള്‍ തന്റെ പൊന്നുമക്കള്‍ക്ക് പലഹാര പൊതിയുമായാണ് സുരേഷ്‌കുമാര്‍ വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച രാത്രിയില്‍ ഐസ്‌ക്രീം കൊണ്ട് വന്ന് കുട്ടികള്‍ക്ക് കൊടുത്ത സുരേഷ്‌കുമാര്‍ ഇതോടൊപ്പം കുട്ടികള്‍ക്ക് ഉറക്കഗുളികകള്‍ കൂടി നല്‍കുകയായിരുന്നു. വിരയ്ക്കുള്ള ഗുളികകളാണെന്ന് പറഞ്ഞാണ് ഗുളികകള്‍ കുട്ടികളേ കൊണ്ട് കഴിപ്പിച്ചത്. വൈഷ്ണവി ഗുളിക കഴിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഐസ്‌ക്രീമില്‍ പൊടിച്ച് നല്‍കുകയായിരുന്നു. വൈഷ്ണവി ഉടന്‍ തന്നെ ചര്‍ദ്ധിച്ചതിനാല്‍ ഗുളികയുടെ മയക്കം കുട്ടിക്ക് ഉണ്ടായില്ല. ഇതിന് ശേഷം രാത്രി 12 മണിയോടെയാണ് സുരേഷ് കുട്ടികളെ കിണറ്റില്‍ എറിഞ്ഞത്. പാതി മയക്കിത്താലായ മറ്റുകുട്ടികളെ കിണറ്റില്‍ എറിയുന്നതും അമ്മചാടുന്നതും കണ്ട് ഭയന്ന് മൂന്ന് തവണ കുതറി വീടിന് ചുറ്റും ഓടിയ വൈഷ്ണവിയെ സുരേഷ്‌കുമാര്‍ പിടികൂടി കിണറ്റില്‍ എറിയുകയായിരുന്നു. വെള്ളത്തില്‍ മുങ്ങി പൊങ്ങിയ വൈഷ്ണവിക്ക് കിണറിലെ മോട്ടോര്‍ കെട്ടിയിരുന്ന കയറില്‍ പിടിത്തം കിട്ടുകയായിരുന്നു. ജീവനും മരണത്തിനുമിടയില്‍ കയറില്‍ തൂങ്ങി ഏകദേശം നാല് മണിക്കൂര്‍ സമയമാണ് വൈഷ്ണവി കിണറില്‍ കഴിഞ്ഞത്. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയ നാട്ടുകാര്‍ കിണറില്‍ നിന്നും വൈഷണവിയുടെ കരച്ചില്‍ കേട്ടെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്വന്തം അച്ചന്റേയും അമ്മയുടേയും കൂടപ്പിറപ്പുകളുടേയും മരണം കണ്‍മുന്നില്‍ കണ്ട നടുക്കത്തില്‍ നിന്നും ഈ എട്ട് വയസുകാരി ഇപ്പോഴും മോചിതയായിട്ടില്ല. അനാഥയാകപ്പെട്ട ഈ പൊന്നോമനയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ കണ്ണുനീര്‍ പൊഴിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."