'സ്വപ്‌ന ഗാനങ്ങള്‍' മുഴങ്ങിയ ബജറ്റ് ചര്‍ച്ച
കൊച്ചി: കോര്‍പറേഷന്റെ ബജറ്റിന്‍ മേല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉടനീളം മുഴങ്ങിക്കേട്ടത് സ്വപ്നത്തിലൂന്നിയ ഗാനങ്ങള്‍. ചര്‍ച്ചക്കിടയില്‍ ഭരണകക്ഷി അംഗങ്ങള്‍ പാട്ടുകളിലൂടെ ബജറ്റിനെ പുകഴ്ത്തിയപ്പോള്‍ അതേ നാണയത്തില്‍ പ്രതിപക്ഷവും മറുപടി നല്‍കി. അശ്വമേധം കവിതയിലെ വരികള്‍ കടമെടുത്താണ് ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ ബജറ്റലെ വികസന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. എന്നാല്‍ ബജറ്റ് വിഭാവനം ചെയ്യുന്നത് വെറും നടക്കാത്ത സ്വപ്നം മാത്രമാണെന്ന് പാട്ടുകളിലൂടെ സമര്‍ഥിക്കുകയായിരുന്നു പ്രതിപക്ഷം. സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം എന്ന ഗാനത്തിലൂടെയാണ് കൗണ്‍സിലര്‍ എലിസബത്ത് സെബാസ്റ്റ്യന്‍ ബജറ്റിനെ വിമര്‍ശിച്ചത്.
പിന്നാലെയെത്തി സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ എന്ന ഗാനം. ഇതിനിടെ വിഷുക്കാലമല്ലെ കണിക്കൊന്നയല്ലെ പൂക്കാതിരിക്കുന്നതെങ്ങിനെ എന്ന ഗാനവുമായി എം.ജി അരിസ്റ്റോട്ടില്‍ ബജറ്റിനെ അഭിനന്ദിച്ച രംഗത്തെത്തി.
പേരന്തൂര്‍ കനാലില്‍ മീന്‍ വളര്‍ത്തുമെന്ന ബജറ്റ് പരാമര്‍ശത്തെ പി.എസ് പ്രകാശന്‍ പാട്ടിലൂടെ കളിയാക്കി. അങ്ങ് കിഴക്ക് മലയുടെ മേലെ പകലോന്‍ പടിഞ്ഞാറ് ദുരെ മറഞ്ഞല്ലോ എന്നഗാനത്തിലൂടെയാണ് പ്രകാശ് ഇതിനെ കളിയാക്കിയത്. മീന്‍ വളര്‍ത്തല്‍ എങ്ങിനെയെന്ന് പഠിക്കാന്‍ ഡെപ്യുട്ടി മേയറെ വഞ്ചിയില്‍ കൊണ്ടുപൊകാമെന്നും പ്രകാശന്‍ പാട്ടിലൂടെ അറിയിച്ചു. പഴയ ഗാനങ്ങള്‍ക്കിയില്‍ പുതുതലമുറ ഗാനത്തിന്റെ പാരഡിയുമായി കൗണ്‍സിലര്‍ രവിക്കുട്ടന്‍ കെ.കെയുമെത്തി.
കണക്കെല്ലാം പൊള്ളയാണെടി ഡീയാമ്മേ.
ഡെപ്യൂട്ടിക്ക് സമയമില്ലെഡി ഡീയാമ്മേ.
അഴിമതിയുടെ ബജറ്റാണെഡി ഡീയാമ്മേ.
കാശിന്റെ കളികളാണെഡി ഡീയാമ്മേ
എന്നായിരുന്നു ബജറ്റിനെ കളിയാക്കിയുള്ള രവിക്കുട്ടന്റെ പാരഡി. സഭയില്‍ പാട്ട് മുറുകിയതോടെ കോര്‍പ്പറേഷന്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കണമെന്ന നിര്‍ദേശവുമായി കൗണ്‍സിലര്‍ ജോസഫ് അലക്‌സ് രംഗത്തെത്തി. ഇതിനായി ബജറ്റില്‍ തുക കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സുനിലാ ശെല്‍വന്റെ നാക്കു പിഴയില്‍ ഡെപ്യുട്ടിമേയര്‍ ടി.ജെ വിനോദ് കെ.പി.സി.സി പ്രഡിഡന്റും എ.ഐ.സി.സി പ്രസിഡന്റുമായി. ഡി.സി.സി പ്രസിഡന്റായ വിനോദിന് ബജറ്റ് തയാറാക്കാന്‍ സമയം ലഭിച്ചില്ല എന്ന പരാതി പറയുന്നതിനിടെയാണ് നാക്കുപിഴ മൂലം എ.ഐ.സി.സിവരെ എത്തിയത്. ഇത് സഭയില്‍ കൂട്ട ചിരിക്ക് വഴിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."