നാടെങ്ങും നാശം വിതച്ചു പേമാരി
കൂത്തുപറമ്പ്: ശനിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും പാച്ചപ്പൊയ്ക, ഓലായിക്കര ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
രണ്ടു പേര്‍ക്ക് ഷോക്കേറ്റു.വൈദ്യുതി ബന്ധവും താറുമാറായി. ഇടിമിന്നലില്‍ ഓലായിക്കരയിലെ കെ.പി.ശ്രീജിത്തിന്റെ വീടിന്റെ ചുമരിനും ജനല്‍ ഗ്ലാസിനും കോണ്‍ക്രീറ്റിനും കേടുപാട് സംഭവിച്ചു. ഇതോടൊപ്പം വൈദ്യുത മീറ്ററും പറമ്പിലെ തെങ്ങും കത്തി നശിച്ചു. കെ.പി.ശ്രീജിത്തിന് പിണറായി പഞ്ചായത്ത് അടിയന്തിര ധനസഹായം നല്‍കി. ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അയ്യായിരം രൂപ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗീതമ്മ ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. കേടുപാടുകള്‍ സംഭവിച്ച പ്രദേശത്തെ മറ്റ് വീടുകളും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
പരിസരവാസികളായ വി.വി.പ്രകാശന്‍, ഇ.രാജന്‍, ഇ.ശാന്ത എന്നിവരുടെ വൈദ്യുതമീറ്ററും കത്തിനശിച്ചു.
ഇവരുടെ തൊട്ടടുത്ത വീട്ടിലെ വി.വി.ദിവാകരനും മകള്‍ അമയക്കും ഇടിമിന്നലിന്റെ ആഘാതത്തില്‍ ചെറിയ തോതില്‍ ഷോക്കേറ്റു.
പാച്ചപ്പൊയ്ക പാനുണ്ടറോഡിലെ ഗണേശന്‍ നായരുടെ വീടിന്റെ കൂറ്റന്‍ മതില്‍ മഴയില്‍ തകര്‍ന്നു.രണ്ട് വര്‍ഷം മുമ്പ് ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച നാലു മീറ്റര്‍ ഉയരത്തിലുള്ള മതിലിന്റെ പതിനഞ്ച് മീറ്ററോളം ഭാഗമാണ് തകര്‍ന്നത്.
ഇരിക്കൂര്‍: ഇരിക്കൂര്‍ മേഖലയില്‍ വീശിയടിച്ച കാറ്റിലും പെയ്ത മഴയിലും കനത്ത നാശം.പല സ്ഥലങ്ങളിലും കൃഷിയും നശിച്ചു.ഇരിക്കൂര്‍ പോസ്റ്റാഫിസിനടുത്ത മുഹ്യദീന്‍ ജുമാ മസ്ജിദിന്റെ മുന്‍പിലെ പള്ളിക്കുളത്തിന്റെ ഭിത്തി തകര്‍ന്നു.പട്ടീല്‍ മേഖലയില്‍ നിന്നും ശക്തിയോടെ വന്ന മഴവെള്ളം കെട്ടി നിന്നാണ് ഭിത്തി തകര്‍ന്നത്. പള്ളിക്കുളം ചെളിവെള്ളം നിറഞ്ഞിരിക്കയാണ്. അഞ്ച് മീറ്ററോളം നീളത്തിലുള്ള ചെങ്കല്‍ ഭിത്തിയാണ് തകര്‍ന്നത് ദിത്തി തകര്‍ന്നതോടെ സമീപത്തെ ശൗചാലയം അപകട ഭീഷണിയിലാണ്. കാറ്റില്‍ കോളോട് റോഡരികിലെ ടി. കബീറിന്റെ വാഴത്തോട്ടത്തിലെ ഇരുപത്തഞ്ച് നേന്ത്ര വാഴകള്‍ കാറ്റില്‍ നിലംപൊത്തി.
കുലച്ചതും കുലക്കാറായതുമായ നേന്ത്രവാഴകളാണ് നശിച്ചത്. കാറ്റില്‍ പട്ടീല്‍, കോളോട്, നിടുവള്ളര്‍, പേടിച്ചേരി എന്നിവിടങ്ങളില്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണതിനാല്‍ ഇരിക്കൂര്‍ വൈദ്യുതി സെക്ഷനിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ വൈകുന്നേരം മുതല്‍ വൈദ്യുതി ഇല്ലാതായി. മഴയിലും കാറ്റിലും ഇരിക്കൂര്‍, പടിയൂര്‍, കൂടാളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ കൃഷി നാശമുണ്ടായതായി കണക്കാക്കുന്നു.
മട്ടന്നൂര്‍: മട്ടന്നൂരിലും പരിസരത്തത്തുമുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം.
ഇന്നലെ വൈകിട്ട് അഞ്ചോടെ ആരംഭിച്ച കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശമുണ്ടായത്. നഗരത്തില്‍ ഉള്‍പ്പെടെ പല ഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു വീണു.പല സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ ഉള്‍പ്പെടെ കാറ്റില്‍ തകര്‍ന്നു. ഉളിയില്‍ പാലോടു പളളി മേഖലയിലും കാറ്റു വന്‍ നാശം വിതച്ചത്.
ഉളിയില്‍ പടിക്കച്ചാല്‍ ആമേരി മൂസയുടെ ഉടമസ്ഥതയിലുള്ള റിഫാസ് വീടിന്റെ മുകളില്‍ തെങ്ങു വീണു.വീടിന്റെ പിറകു വശത്താണ് തെങ്ങ് വീണ് നാശനഷ്ടമുണ്ടായത്.വീടിന്റെ ഉള്ളില്‍ ആളുകള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല.മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.കെ മറിയം വീട് സന്ദര്‍ശിച്ചു
പാലോട്ട് പള്ളിയില്‍ വാണിയേടത്ത് സാറുമ്മയുടെ വീടിന് മുകളിലാണ് കാറ്റില്‍ പ്ലാവ് പൊട്ടിവീണത്.വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകരുകയും വീടിന്റ മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തകരുകയും ചെയ്തു. അപകട സമയത്ത് വിടിന്റെ മുന്‍ഭാഗത്ത് ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."