കരിന്തളം വലിയപാറ ഭൂമി കൈയേറിയതായി പരാതി
കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളം വലിയപാറയില്‍ സര്‍വേ നമ്പര്‍ 89ല്‍ വ്യാപകമായി ഭൂമി കൈയേറിയതായി പരാതി. പഞ്ചായത്തിലെ ഏറ്റവും വലിയ മഴവെള്ള സംഭരണിയായ ചെങ്കല്‍പാറയിലാണ് പള്ളം ഉള്‍പ്പെടെയുള്ള ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി നാട്ടുകാര്‍ ആരോപിക്കുന്നത്. അതിര്‍ത്തി തിരിക്കാനായി കല്ലും ഇറക്കി വച്ചിട്ടുണ്ട്. അതേസമയം ഇതിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയും കൈയേറിയതാണെന്നും പരക്കെ ആക്ഷേപമുണ്ട്.
ഇവിടെ പ്രവര്‍ത്തിക്കുന്നവയില്‍ അധികവും അനധികൃത ക്വാറികളാണ് നേരത്തെ ആക്ഷേമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരേ നടപടികളോ പരിശോധകളോ ഒന്നും തന്നെയുണ്ടായിട്ടില്ല. എന്നാല്‍ ജൈവ വൈവിധ്യങ്ങളുടെ കലവറയായ കരിന്തളം പാറയി കൈയേറ്റത്തിന്റെയും മാലിന്യം തള്ളുന്നതിന്റെയും ഫലമായി നശിച്ചുപോകുന്ന സ്ഥിതിയാണുള്ളത്. ചിങ്ങമാസത്തില്‍ പാറ മുഴുവന്‍ വിരിഞ്ഞു നില്‍ക്കാറുള്ള കരിനീല നിറമുള്ള കാക്കാപ്പൂക്കള്‍ കുറച്ചു വര്‍ഷമായി നശിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ കരിന്തളം വലിയ പാറയില്‍ സംഭരിച്ചു വയ്ക്കുന്ന ജലം താഴ്ന്ന പ്രദേശങ്ങളിലേക്ക് അരിച്ചിറങ്ങിയാണ് പുലിയന്നൂര്‍, കുണ്ടൂര്‍, കയനി പ്രദേശവാസികളിലെ കിണറുകള്‍ നിറയുന്നത്. മഴവെള്ള സംഭരണിയും, ജൈവ വൈവിധ്യ കേന്ദ്രവുമായ കരിന്തളം വലിയപാറ സംരക്ഷിക്കാന്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പാറ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സി.പി.എം വടക്കെ പുലിയന്നൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കല്ലുകള്‍ എടുത്തു മാറ്റി പള്ളത്തില്‍ കൊടി നാട്ടി. ബ്രാഞ്ച് സെക്രട്ടറി സി. രാമകൃഷ്ണന്‍, സുകുമാരന്‍, ആര്‍.വി പ്രദീപ്, എ.പി മനീഷ്, പി. സന്തോഷ്, ഇ. അനീഷ്, കെ. യതീഷ്, സി. ദിനേശന്‍, സി.കെ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതേ സമയം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല കരിന്തളം വില്ലേജ് ഓഫിസിലെത്തി വിവരങ്ങള്‍ തിരക്കി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശം സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയിരുന്നതായാണ് വില്ലേജ് ഓഫിസില്‍നിന്ന് മറുപടി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."