റേഷന്‍ കാര്‍ഡില്ല; 'ലൈഫ്' അവതാളത്തില്‍
നീലേശ്വരം: റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ നിരവധിയാളുകള്‍ക്ക് ലൈഫ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകുന്നതായി പരാതി. പദ്ധതി പ്രകാരം വീടു ലഭിക്കണമെങ്കില്‍ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നിരവധി പേര്‍ക്ക് വിനയാകുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കാത്തതാണ് അര്‍ഹരായ നിരവധി പേരെ പ്രതിസന്ധിയിലാക്കുന്നത്.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നിരവധി പേരാണ് റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍നിന്ന് പുറത്തുനില്‍ക്കുന്നത്. അതതു പഞ്ചായത്തുകളില്‍നിന്ന് വിവരം അറിയിച്ചതോടെ അര്‍ഹരായവര്‍ക്ക് മതിയായ പരിശോധന നടത്തി റേഷന്‍ കാര്‍ഡ് ഇല്ലെങ്കിലും വീടു നല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നീട് തിരുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവ് ഇറങ്ങാത്തതിനാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുടെ അപേക്ഷ പദ്ധതിയിലേക്കു പരിഗണിക്കുന്നില്ല. അനര്‍ഹര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതായി കണ്ടാല്‍ നിശ്ചിത ശതമാനം പലിശയോടെ അനുവദിച്ച തുക തിരിച്ചുപിടിക്കുമെന്നും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആയിരിക്കും ഉത്തരവാദി എന്നും ലൈഫ് പദ്ധതിയുടെ ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ വി.ഇ.ഒമാരും പഞ്ചായത്ത് സെക്രട്ടറിമാരും സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഗുണഭോക്താക്കളെ പദ്ധതിക്കു പുറത്തുനിര്‍ത്തുകയാണ്.
അതേസമയം അതത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. നിവേദനം പരിഗണിച്ച് തങ്ങളെയും പദ്ധതിയില്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് നിരവധി കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."