തെറ്റ് പൊലിസിന്റേത്, ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് പിണറായി വിജയന്
കൊല്ലം: കോട്ടയം സ്വദേശിയായ നവവരന് കെവിന് പി ജോസഫിന്റെ കൊലപാതകത്തില്‍ കുറ്റം പൊലിസില്‍ മാത്രം ചുമത്തി മുഖ്യമന്ത്രി പിണറായി വിജയന്. കെവിനെ തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത ഗാന്ധിനഗര്‍ എസ്.ഐ കൃത്യവിലോപമാണ് കാട്ടിയതെന്നും ഗുരുതര വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംഭവം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളേയും പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തിയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ദിവസം സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. പൊലിസിന് വീഴ്ചയുണ്ടായാല്‍ അവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. നല്ല കാര്യം ചെയ്താല്‍ അംഗീകരിക്കും, തെറ്റു ചെയ്താല്‍ നടപടിയെടുക്കും. സുരക്ഷയൊരുക്കേണ്ടതിനാല്‍ നടപടിയെടുക്കില്ലെന്ന ന്യായം അംഗീകരിക്കാനാവില്ല. രാവിലെയോ ശേഷമോ നടന്ന തന്റെ പരിപാടികളിലൊന്നും എസ്.ഐയ്ക്ക് ചുമതലയുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളല്ല, തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയോര്‍ത്ത് കൂടുതലൊന്നും പറയുന്നില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത ആളല്ല താന്‍. ന്യായമായ വിമര്‍ശനങ്ങളാണെങ്കില്‍ അംഗീകരിക്കും. വിമര്‍ശകര്‍ക്ക് ന്യായമെന്നു തോന്നുന്നതല്ല, ജനങ്ങള്‍ക്ക് ന്യായമെന്നു തോന്നുന്നതേ താന്‍ അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."