സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ ആളിയാര്‍ വെള്ളം കിട്ടാനിടയില്ല
പാലക്കാട്: പി.എ.പി കരാര്‍ പ്രകാരം നല്‍കാനുള്ള മുഴുവന്‍ വെള്ളവും വാങ്ങിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മാര്‍ച്ച് 31ന് ശേഷം കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാട് തയ്യാറാവില്ല. ഇതിന് മുന്നറിയിപ്പായി ഇപ്പോള്‍ തന്നെ കുറഞ്ഞ അളവിലാണ് വെള്ളം വിടുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ മെയ് വരെ കേരളത്തിന് വെള്ളം നല്‍കേണ്ടതില്ല. ഇതു ചൂണ്ടി കാണിച്ചും, മഴയില്ലാത്തതിനാല്‍ വെള്ളം കുറവാണെന്നും പറഞ്ഞു നല്‍കാനുള്ള വെള്ളം വിടാനിടയില്ല. ഈ ജലവര്‍ഷത്തില്‍ മണക്കടവില്‍ നിന്നും മൂന്നര ടി.എം.സി വെള്ളം മാത്രമേ നല്‍കിയിട്ടുള്ളൂ. ഇനി മൂന്നേമുക്കാല്‍ ടി.എം.സി ജലം കേരളത്തിന് കിട്ടണം. ഇത് ചോദിച്ചു യഥാസമയം വാങ്ങിയില്ലെങ്കില്‍ മഴക്കാലത്തു കണക്കില്‍ പെടുത്തി തുറന്നു വിടും. മുന്‍ കാലങ്ങളിലും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്നെ തമിഴ്‌നാട് വെള്ളം നല്‍കാത്തതിനാല്‍ പാലക്കാട് ജില്ലയില്‍ രണ്ടാം വിള ഇറക്കരുതെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇപ്പോള്‍ ഭാരതപ്പുഴയും വരണ്ടതിനാല്‍ കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കാന്‍ പറ്റാതായി. പൊന്നാനി അഴിമുഖം സ്ഥിതി ചെയുന്ന മലപ്പുറം ഉള്‍പ്പെടെ മൂന്ന് ജില്ലകളിലേക്കുള്ള കുടിവെള്ള പദ്ധതികള്‍ ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പറമ്പിക്കുളം വെള്ളം വിടാത്തതിനാല്‍ പുഴ നേരത്തെ തന്നെ വരണ്ടു കിടക്കുകയാണ്.
ബാക്കി കിട്ടാനുള്ള വെള്ളം വിട്ടാല്‍ തന്നെ പുഴയിലെ നീരൊഴുക്ക് സജീവമാകും. കുടിവെള്ള പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താം. ഇപ്പോള്‍ ജില്ലയിലെമ്പാടും ലോറിയില്‍ വെള്ളം നല്‍കുകയാണ്. ജലഅതോറിറ്റിയുടെ പദ്ധതികളില്‍നിന്നാണ് ലോറികളില്‍ വെള്ളം നിറക്കുന്നത്. ഒരു മാസം കഴിഞ്ഞു മഴയെത്തിയില്ലെങ്കില്‍ ലോറി വെള്ളവും കുറക്കണ്ടി വരും. ഇതു അതിരൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."