തൊടുപുഴയെ മാലിന്യമുക്തമാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം
തൊടുപുഴ: തൊടുപുഴ നഗരസഭയെ മാലിന്യമുക്തമാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം. നഗരസഭാ പരിധിയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കള്‍ശന നടപടി സ്വീകരിക്കാന്‍ നഗരസഭ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വഴിവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് പതിവായതോടെയാണ് കര്‍ശനിരീക്ഷണം അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ നഗരസഭാ കൗണ്‍സില്‍യോഗം ഏകകണ്ഠമായി തീരുമാനിച്ചത്.
മാലിന്യനീക്കത്തിന് ചുമതലയുള്ള കണ്ടിജന്റ് ജീവനക്കാര്‍ ഡ്യൂട്ടിസമയം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മാലിന്യവണ്ടികള്‍ നിര്‍ദ്ദിഷ്ട പൊയിന്റുകളില്‍ എത്തുന്നില്ലെന്നും മാലിന്യസംസ്‌കരണം ശരിയായ വിധം നടക്കുന്നില്ലെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഉച്ചയ്ക്ക് ഒന്നു വരെയാണ് കണ്ടിജന്റ് ജീവനക്കാരുടെ ജോലി. ഇതില്‍ പലരും വീഴ്ച വരുത്തുന്നുണ്ടെന്ന ആക്ഷേപമുണ്ട്. ഇത് നിരീക്ഷിക്കും.
വഴിയരികില്‍ മാലിന്യം തള്ളുന്നവരെ അന്വേഷിച്ച് കണ്ടെത്തും. ഇതിന് സംവിധാനം ഏര്‍പ്പെടുത്തും. അതോടൊപ്പം പലയിടങ്ങളിലും നീരീക്ഷണ കാമറകളുടെ സേവനവും വൈകാതെ ഉറപ്പുവരുത്തും. കഴിഞ്ഞ ദിവസം ഓടകളില്‍െ മാലിന്യമടക്കം നീക്കി വൃത്തിയാക്കിയ വെങ്ങല്ലൂര്‍ നാലുവരിപ്പാതയോരത്ത് വീണ്ടും മാലിന്യനിക്ഷേപമുണ്ടായെന്ന് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. വെങ്ങല്ലൂര്‍- കോലാനി ബൈപാസിലും മാലിന്യം തള്ളുന്നുണ്ടെന്ന് കെ കെ ഷിംനാസും പറഞ്ഞു.
തൊടുപുഴയാര്‍ ശുചീകരണത്തിനും തീരുമാനമായി. പുഴയുടെ ഇരുകരകളും കുളിക്കടവുകളും മാലിന്യമുക്തമാക്കും. കാടുകളും പായലുകളും നീക്കം ചെയ്യും. തൊടുപുഴയാറ്റില്‍ നിന്ന് മണല്‍ വാരുന്നത് പുഴനശീകരണത്തിന് കാരണമാകുമെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി. മണല്‍ വാരുന്നതിന് കലക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടെന്നും ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിച്ചു.
മഴക്കാലത്ത് നഗരത്തിലുണ്ടാവുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവും കൗണ്‍സിലില്‍ ഉയര്‍ന്നു. തോടുകള്‍ കൈയേറിയതും മാലിന്യനിക്ഷേപവുമെല്ലാം വെള്ളക്കെട്ടിന് കാരണമാണെന്ന് വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ പറഞ്ഞു.
നഗരത്തില്‍ പണ്ട് വെള്ളമൊഴുകിയിരുന്ന തോടുകള്‍ സര്‍വെയിലൂടെ കണ്ടെത്തി പുനഃസ്ഥാപിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ബാബു പരമേശ്വരന്‍ ആവശ്യപ്പെട്ടു.
തൊടുപുഴ ആറിലേക്ക് എത്തിച്ചേരുന്ന നഗരസഭയിലെ ചില തോടുകള്‍ മലിനജലം കെട്ടിക്കിടന്നും ചെളിനിറഞ്ഞും നശിക്കുന്നതായും ചൂണ്ടിക്കാട്ടി നഗരസഭക്ക് പരാതി ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഒഴുക്ക് നിലച്ചുപോയ തോടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കും. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."