HOME
DETAILS
MAL
രോഗവ്യാപനത്തില്‍ വിറങ്ങലിച്ച് അമേരിക്ക ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയില്‍, മരണം ആയിരത്തി മുന്നൂറോളം
backup
March 28 2020 | 04:03 AM
വാഷിങ്ടണ്‍: ആദ്യം ചൈനയേയും നിലവില്‍ ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയും കടന്നുപിടിച്ച കൊവിഡ് മഹാമാരി, അമേരിക്കയേയും വിറപ്പിക്കുന്നു. അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറായിരത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ചൈനയെ പിന്നിലാക്കി, ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രാജ്യമായി അമേരിക്ക മാറി. അമേരിക്കയില്‍ ആയിരത്തിയഞ്ഞൂറോളം പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. രാജ്യത്തു രോഗവ്യാപനം മൂര്‍ധന്യത്തിലാണെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. ശൈത്യകാലം തുടങ്ങാനിരിക്കേ അമേരിക്കയ്ക്കു വന്‍ ഭീഷണിയായി കൊവിഡ് മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
സ്‌പെയിനില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 769 പേരാണ്. ഇതോടെ സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 4,900 കടന്നു. അറുപത്തിഅയ്യായിരത്തോളം പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകെ അഞ്ചര ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായിട്ടുമുണ്ട്.
ഇറ്റലിയില്‍ എണ്ണായിരത്തി മുന്നൂറോളം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കഴിഞ്ഞ ദിവസം ചാള്‍സ് രാജകുമാരനും രോഗം സ്ഥിരീകരിച്ചതോടെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വിശദീകരിച്ച് ബ്രിട്ടീഷ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിശദീകരണം. മാര്‍ച്ച് 11ന് രാജ്ഞി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണം.
അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അള്‍ജീരിയയില്‍ കര്‍ഫ്യൂ നീട്ടി. ഇവിടെ 367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25 പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു.
രാജ്യത്തെ സംബന്ധിച്ച് പ്രശ്‌നകലുഷിതമായ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പും രംഗത്തെത്തി. രാജ്യത്ത് ആഭ്യന്തര കേസുകളും എണ്ണം കുറയുകയും എന്നാല്‍, വിദേശത്തുനിന്നെത്തിയവര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതു തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശ സന്ദര്‍ശകര്‍ക്കു ചൈന വിലക്കേര്‍പ്പെടുത്തി. വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്.ഇറാനില്‍ കഴിഞ്ഞ ദിവസം രോഗംബാധിച്ച് 144 പേര്‍ക്കൂടി മരിച്ചു. ഇതോടെ രാജ്യത്തു രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,378 ആയി. കഴിഞ്ഞ ദിവസം 2,926 പേര്‍ക്കൂകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇറാനില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 33,000 കടന്നു. ഇതില്‍ 11,133 പേര്‍ രോഗവിമുക്തരായിട്ടുണ്ട്.
റഷ്യന്‍ സര്‍ക്കാരും കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളോടെല്ലാം വീടുകളില്‍ തുടരാനാണ് നിര്‍ദേശം. ഇവിടെ 1,036 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നാലുപേര്‍ മരിച്ചു. മലേഷ്യയില്‍ 130 പേര്‍ക്കൂകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,161 ആയി. 26 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ഇന്തോനേഷ്യയില്‍ ഇന്നലെ 153 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഒരു ദിവസം രാജ്യത്തുണ്ടാകുന്ന വലിയ വര്‍ധനവാണ്. ഇതോടെ രോഗികളുടെ ആകെ എണ്ണം 1,046 ആയി. 87 പേര്‍ ഇവിടെ രോഗം ബാധിച്ച് മരിച്ചിരുന്നു.
ഫിലിപ്പൈന്‍സില്‍ ഇതുവരെ 54 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 803 ആയിട്ടുണ്ട്. ഹോങ്കോങ്ങില്‍ 518 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇസ്‌റാഈലിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇവിടെ അടിയന്തരാവസ്ഥ നിയന്ത്രിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. മൂവായിരത്തിലേറെ പേര്‍ക്കാണ് ഇസ്‌റാഈലില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."