മൂകാഭിനയത്തില്‍... ലുങ്കി ഡാ...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കലോത്സവ മൈം അവതരണത്തില്‍ കൈലിയുടുത്തൊരു ടീം കാണികളെ കൈയിലെടുത്തു. ശരീരത്തോട് ഒട്ടിച്ചേര്‍ന്ന ലെഗ്ഗിന്‍സ് പോലുള്ള വഴക്കമുള്ള വസത്രങ്ങളാണ് സാധാരണ മൂകാഭിനയത്തിന് ഉപയോഗിക്കാറ്. പതിവിന് വിപരീതമായി കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ് ലുങ്കിയുടുത്ത് രംഗത്തെത്തിയത്. കടപ്പുറത്തെ ഗുണ്ടകളുടെ കഥയാണ് ഇവര്‍ക്ക് പറയാനുണ്ടായിരുന്നത്.
സ്ത്രീപീഡനമായിരുന്നു മൂകാഭിനയ വേദിയെ സമ്പന്നമാക്കിയ വിഷയം. മിക്കതിനും പക്ഷെ നിലവാരം പുലര്‍ത്താനായില്ല. മൂകാഭിനയ ആസ്വാദകരാല്‍ രാവിലെ തന്നെ സെനറ്റുഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. തുടങ്ങാന്‍ വൈകിയെങ്കിലും പിന്നീട് ഇടവേളകളില്ലാതെ മത്സരം നടന്നതിനാല്‍ കാഴ്ചക്കാര്‍ക്ക് മുഷിഞ്ഞില്ല.
അതേസമയം പുതുമയുള്ള വിഷയങ്ങളുടെ കുറവ് മത്സരത്തിന്റെ നിലവാരത്തെ ബാധിച്ചു.
റോഡപകടം, സ്ത്രീപീഡനം, കര്‍ഷക ആത്മഹത്യ, ടെലിവിഷന്‍ വീടുകളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, മൂല്യത്തകര്‍ച്ച, മൊബൈല്‍ ഫോണ്‍ ഭ്രമം തുടങ്ങിയ സ്ഥിരം വിഷയങ്ങളാണ് അരങ്ങേറിയത്. 60 രജിസ്റ്ററേഷനില്‍ നിന്ന് 41 ടീമുകളാണ് മൈമില്‍ മാറ്റുരച്ചത്. എന്നാല്‍ പത്തോളം അവതരണങ്ങളൊഴിച്ച് ബാക്കിയൊക്കെയും കാണികളെ നിരാശരാക്കി. ആവര്‍ത്തനവിരസമായിരുന്നു ഭൂരിഭാഗവും. പഴയ മൈമുകള്‍ സി.ഡി കണ്ട് പകര്‍ത്തുകയായിരുന്നു മിക്ക ടീമുകളും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പാവകള്‍ പോലും പ്രതികരിക്കുന്ന കാലം വരുമെന്ന് ഓര്‍മ്മപ്പെടുത്തി തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് കാണികളെ കൈയിലെടുത്തു. സമൂഹത്തിന്റെ ചെയ്തികളാല്‍ സമനില തെറ്റിയവരെ അവതരിപ്പിച്ച് പാപ്പനംകോട് എസ്.ഇ.ടി എന്‍ജിനിയറിങ് കോളജും കൈയടി നേടി.
വൈശാലി, ദന്‍കല്‍ തുടങ്ങിയ സിനിമകള്‍ യഥാക്രമം വേദിയില്‍ അവതരിപ്പിച്ച കൊല്ലം എസ്.എന്‍ കോളജും, യൂനിവേഴ്‌സിറ്റി കോളജും കൈയടി നേടി.
നവമാധ്യമങ്ങളുടെ ദുരുപയോഗത്തോടെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുഞ്ഞിന്റെ കഥ പറഞ്ഞ് വഴുതക്കാട് വിമന്‍സ് കോളജിന്റെ അവതരണവും വ്യത്യസ്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."