മദ്യപിച്ചു വാഹനമോടിച്ച പ്രതിക്കുമേല്‍ തെളിവില്ലാതെ മറ്റു കുറ്റങ്ങള്‍ ചുമത്തരുതെന്ന് ഹൈക്കോടതി
കൊച്ചി : മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടിയ പ്രതിക്കുമേല്‍ മതിയായ തെളിവില്ലാതെ അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചെന്ന കുറ്റം ചുമത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യത്തിന്റെ അളവു രേഖപ്പെടുത്താതെയാണ് കേസെടുത്തതെന്നും മോട്ടോര്‍ വാഹന നിയമപ്രകാരം ബ്രത്ത് അനലൈസര്‍ പരിശോധനയുടെ വിവരങ്ങളില്ലെങ്കില്‍ മദ്യപിച്ചു വാഹനമോടിച്ചെന്ന കേസ് നില്‍ക്കില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഈ വാദം കോടതി അംഗീകരിച്ചു.
മദ്യപിച്ച് വാഹനമോടിക്കുന്നത് മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 അനുസരിച്ച് കുറ്റകരമാണ്. ഇതോടൊപ്പം അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279 -ാം വകുപ്പുകൂടി ചേര്‍ക്കുന്നതോടെ ഉയര്‍ന്ന പിഴ ഈടാക്കാന്‍ കഴിയുമെന്നതിനാല്‍ മദ്യപിച്ചു വാഹനമോടിച്ചെന്ന മിക്ക കേസുകളില്‍ പൊലീസ് ഈ കുറ്റം കൂടി ചുമത്താറുണ്ട്. കുറ്റകരമായ അശ്രദ്ധയും അനാസ്ഥയും വ്യക്തമാക്കുന്ന സാക്ഷിമൊഴി ഉള്‍പ്പടെ ഉണ്ടെങ്കിലേ ഈ കുറ്റം ചുമത്താന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കേസില്‍ രണ്ടുപൊലീസുദ്യോഗസ്ഥര്‍ സാക്ഷികളാണെങ്കിലും അശ്രദ്ധമായി വണ്ടിയോടിച്ചെന്ന തരത്തില്‍ സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തിരുവല്ല സ്വദേശി രഞ്ജി ജോര്‍ജ് ചെറിയാന്‍ നല്‍കിയ ഹരിയിലാണ് ഈ ഉത്തരവ്. ഹര്‍ജിക്കാരനെതിരായ കേസ് സിംഗിള്‍ബെഞ്ച് റദ്ദാക്കി. മദ്യപിച്ചു വണ്ടിയോടിച്ചതിനു പിടിയിലായതിനെത്തുടര്‍ന്ന് അപകടകരമായി വാഹനമോടിച്ച കുറ്റം കൂടി ചുമത്തി പൊലീസ് കേസെടുത്തതിനെതിരെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."