അവധിക്കാല അധ്യാപക പരിശീലനം ഇത്തവണ നേരത്തെ
ചെറുവത്തൂര്‍: അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം ഇത്തവണ നേരത്തെ നടക്കും. ഏപ്രില്‍ 17 ന് തുടങ്ങി മെയ് 10 ന് പൂര്‍ത്തിയാകും വിധത്തിലാണ് പരിശീലനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സാധാരണ മെയ് അവസാനമാണ് പരിശീലനം പൂര്‍ത്തിയാകാറുള്ളത്. പ്രൈമറി അധ്യാപകര്‍ എട്ടുദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം.
എല്‍.പി വിഭാഗത്തില്‍ ക്ലാസ് അടിസ്ഥാനത്തിലും യു.പി വിഭാഗത്തില്‍ വിഷയാടിസ്ഥാനത്തിലുമായിരിക്കും പരിശീലനം. എല്‍.പി അധ്യാപകര്‍ക്ക് 2 ദിവസം വീതം ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിലും ഒരു ദിവസം വീതം ഐ.ഇ.ഡി.സി, മലയാളം, പരിസര പഠനം, കലാകായിക പ്രവൃത്തി പഠനം എന്നിവയിലും പരിശീലനം നല്‍കും.
യു.പി വിഭാഗത്തിന് 3 ദിവസത്തെ ഐ.ടി പരിശീലനവും ഒരു ദിവസത്തെ ഐ.ഇ.ഡി.സി പരിശീലനവും നല്‍കും.
4 ദിവസമായിരിക്കും വിഷയാധിഷ്ഠിത പരിശീലനം. 2 വിഷയങ്ങളിലായി 4 ദിവസത്തെ വിഷയാധിഷ്ഠിത പിശീലനത്തില് പങ്കെടുക്കുന്നതിന് 3 കോമ്പിനേഷനുകളില്‍ ഒരെണ്ണം ഒരു അധ്യാപകന് തിരഞ്ഞെടുക്കാം.
ഇംഗ്ലീഷ്, കല, കായികം, പ്രവൃത്തി പഠനം അല്ലെങ്കില്‍ ഗണിതം, ശാസ്ത്രം, അതുമല്ലെങ്കില്‍ സാമൂഹ്യ ശാസ്ത്രം, മലയാളം എന്നിങ്ങനെയാണ് കോമ്പിനേഷന്‍. പരിശീലനത്തിനായുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരികയാണ്.
ജില്ലാതല റിസോഴ്സ് ഗ്രൂപ്പ് പരിശീലനം ഏപ്രില്‍ 3 മുതല്‍ 7വരെ ജില്ലകളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."