കുവൈത്തിലെ യു.എസ് സൈനികര്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പടരുന്നുവെന്നു റിപ്പോര്‍ട്ട്
റിയാദ്: കുവൈത്തില്‍ തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. അത്യന്തം അപകടകാരികളായ 'നോറോ' വൈറസ് ബാധയാണ് സൈനികര്‍ക്കിടയില്‍ പടര്‍ന്ന് പിടിക്കുന്നത്. ഇതിനകം വൈറസ് ബാധയെ തുടര്‍ന്ന് എണ്‍പതിലധികം സൈനികരെ പ്രത്യേക പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. രോഗം തടയിടാനും വ്യാപനം നിയന്ത്രിക്കാനും യു.എസ് സൈനിക സെന്‍ട്രല്‍ കമാന്‍ഡ് കഠിന പരിശ്രമം നടത്തി വരികയാണെന്ന് കുവൈത്ത് വാര്‍ത്താ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധയെത്തുടര്‍ന്ന് ലീവിന് പോയ സൈനികര്‍ തിരിച്ചു വരുന്നതിനു വിലക്കേര്‍പ്പെടുത്തി.
കുവൈത്തിലെ ആരിഫ്ജാന്‍, ബൂഹരിങ് സൈനിക ക്യാമ്പുകളിലെ സൈനികര്‍ക്കാണ് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. രോഗ ലക്ഷണം കണ്ടെത്തിയ 84 ഓളം സൈനികരെ ഐസൊലേഷന്‍ വാര്‍ഡ് കേന്ദ്രങ്ങളിലേക്ക് മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സൈനികര്‍ക്കിടയില്‍ വൈറസ് ബാധ കണ്ടെത്തിയത്. ആദ്യം മൂന്നു പേരില്‍ കണ്ടെത്തിയ രോഗ ലക്ഷണം പിന്നീട് മറ്റുള്ളവര്‍ക്കിടയില്‍ വ്യാപിക്കുകയായിരുന്നു.
സൈനികര്‍ക്കിടയില്‍ ഇത് വ്യാപിച്ചതോടെ നാട്ടിലേക്ക് യാത്രക്കൊരുങ്ങിയ ഏതാനും സൈനികരുടെ വിമാന യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ദഹന സംവിധാനത്തെ ബാധിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണം ശര്‍ദിയും അതിസാരവും ശക്തമായ വയറുവേദനയുമാണ്. ഭക്ഷണ പാനീയങ്ങള്‍ വഴിയാണ് വൈറസ് രോഗം പടരുന്നത്. 12 മുതല്‍ 48 മണിക്കൂര്‍ വരെ നീളുന്ന ഇന്‍ക്യൂബേഷന്‍ സമയത്തിന് ശേഷം ആളുകളില്‍ രോഗ ലക്ഷണം കണ്ടു തുടങ്ങും. രോഗ ലക്ഷണം താരതമേന്യ കഠിനമാണെങ്കിലും ഈ രോഗം ജീവന് ഭീഷണിയല്ലെന്നാണ് മെഡിക്കല്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."