കര്‍ഷക സമരം: പച്ചക്കറിയുടെ വില കുതിക്കുന്നു
ന്യൂഡല്‍ഹി: പത്ത് ദിവസത്തോളമുള്ള കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക് പിന്നിട്ടതോടെ പച്ചക്കറികളുടെയും പാലിന്റെയും വില കുതിക്കുന്നു. 104 കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മുദ്രാവാക്യങ്ങള്‍ മുഴക്കി, പച്ചക്കറികള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സമരം ശക്തിപ്പെട്ടതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചത്. ചില സ്ഥലങ്ങളില്‍ പൊലിസിന്റെ സംരക്ഷണത്തിലാണ് പച്ചക്കറികള്‍ വിപണനം നടത്തിയത്. എന്നാല്‍ സമരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഗ്രാമങ്ങളില്‍ പച്ചക്കറികള്‍ വിതരണം ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ സമരം പൊളിക്കാനാണ് ശ്രമിക്കുന്നതെന്നും ആം കിസാന്‍ യൂനിയന്‍ നേതാവ് കേദര്‍ സിറോഹി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നീക്കം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യപ്രദേശില്‍ നടന്ന മണ്ട്‌സോര്‍ പ്രക്ഷോഭ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കര്‍ഷക സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് നടന്ന പ്രക്ഷോഭത്തില്‍ ആറ് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. സമരക്കാര്‍ക്ക് പിന്തുണയര്‍പ്പിച്ച് ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധനം ചെയ്യും. പച്ചക്കറികളും പാലും നഗരങ്ങളിലേക്കെത്തുന്നത് പൂര്‍ണമായും അവസാനിപ്പിക്കുകയെന്നുള്ളതാണ് സമര സമിതിയുടെ ലക്ഷ്യം. ജൂണ്‍ പത്തിന് ഭാരത ബന്ദ് സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനം. എന്നാല്‍ സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനിടെ കര്‍ഷക സമരത്തെ പരഹസിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് രംഗത്തെത്തി. മാധ്യമശ്രദ്ധ നേടാനാണ് കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പി നിരവധി വാഗ്ദാനങ്ങള്‍ ചെയ്തു. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സമരത്തിനെതിരേ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാതെ റോഡില്‍ എറിഞ്ഞുടക്കുന്നതിന്റെ നഷ്ടം അവര്‍ക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."