പരിസരവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തി പാറക്കുളം
കക്കട്ടില്‍: ഏതു വരള്‍ച്ചയിലും വറ്റാതെ കുളങ്ങരത്തെ പാറക്കുളം സംരക്ഷണമില്ലാതെ നശിച്ച് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. മാലിന്യം നിറഞ്ഞും, കക്കൂസ് മാലിന്യം തള്ളിയും, കൊതുകുവളര്‍ത്തു കേന്ദ്രമായിരിക്കുകയാണീ കുളം.
ആരോഗ്യത്തിന് ഭീഷണിയായ ഈ ജലസ്രോതസിലെ വെള്ളത്തിന് കറുത്ത നിറം വന്നതും പരിസരവാസികളെ ആശങ്കപ്പെടുത്തുന്നു. സമീപത്തെ കിണറുകളും മലിനമാവുമോ എന്ന ആശങ്കയുമുണ്ട്. റവന്യൂ പുറമ്പോക്കിലെ വറ്റാത്ത നീരുറവയായ കുളങ്ങരത്തെ പാറക്കുളം സംരക്ഷിക്കണമെന്ന വര്‍ഷങ്ങളോളമായുള്ള ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഈ ദുരവസ്ഥ ഇതിനു വന്നു പെട്ടത്.
കുന്നുമ്മല്‍ പഞ്ചായത്തിലെ കുളങ്ങരത്ത് റവന്യൂ പുറമ്പോക്കില്‍ ഒന്നേ മുക്കാല്‍ ഏക്കറോളം വരുന്ന സ്ഥലത്തെ വലിയ പാറക്കുളത്തിലെ ജലമാണ് അധികൃതരുടെ അനാസ്ഥകാരണം പാഴാവുന്നത്.
പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട കുളത്തില്‍ മാലിന്യങ്ങളും മറ്റും നിക്ഷേപിക്കപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും പഞ്ചായത്ത് അധികൃതരോ, ആരോഗ്യ വകുപ്പോ കണ്ടില്ലന്ന് നടിക്കുകയാണ്. എന്നാല്‍ പരിസരവാസികള്‍ ജാഗ്രത കാട്ടിയതോടെ ഇതില്‍ മാലിന്യം തള്ളുന്നതു കുറഞ്ഞിരുന്നു.
മൂന്നു മീറ്ററിലധികം ആഴമുള്ള ഈ കുളത്തിലെ ജലം ആര്‍ക്കും ഉപകരിക്കാതെ കെട്ടിക്കിടക്കുകയാണ്.
വരള്‍ച്ചാ സമയത്ത് നാട് ജലസ്രോതസ്സ് തേടി പോവുമ്പോള്‍ ഇവിടെയുള്ള ജലം പാഴാവുന്ന സ്ഥിതിയാണ്. പരിസരത്തെ കിണറുകളില്‍ ജലവിതാനം താഴ്ന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു വേണ്ട ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.
നീര്‍ത്തട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണഭിത്തി നിര്‍മിച്ച്, വല കെട്ടി ശുദ്ധജലമാക്കി മാറ്റാമെങ്കിലും ഇവിടെ ഒന്നും ചെയ്തിട്ടില്ല. നീര്‍ത്തട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെന്നല്ലാതെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
ജലദൗര്‍ലഭ്യം മുന്നില്‍ കണ്ട് നാട്ടുകാരുടെ സഹകരണത്തോടെ സംരക്ഷിക്കേണ്ട ശുദ്ധജല സ്രോതസാണ് പാഴാവുന്നതെങ്കിലും, നടപടികള്‍ കൈക്കൊള്ളാത്തത് പരിസരവാസികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
തോടുകളും, പുഴകളും വറ്റിവരണ്ട് തുടങ്ങിയെങ്കിലും പാറക്കുളങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സംരക്ഷണത്തില്‍ അനാസ്ഥ കാണിക്കുന്നതാണ് നാട്ടുകാരെ നിരാശപ്പെട്ടുത്തുന്നത്.
സമീപത്ത് തന്നെ സംസ്ഥാന പാതയോരത്ത് ഉള്ള മറ്റൊരു കുളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടി സംരക്ഷിച്ചു പോകുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥകാരണം ഉപയോഗശൂന്യമായി കിടക്കുകയാണ്.
ജൈവ മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി ഈ ജലസ്രോതസുകളെ നശിപ്പിക്കരുതെന്നാണ്പ രിസരവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."