നിപായാണെന്ന് ലോകത്തോട് വ്യക്തമാക്കി കേരളത്തിന്റെ പ്രതിരോധം; സിക മറച്ചുവച്ച് ഗുജറാത്ത്
കോഴിക്കോട്: മഹാമാരിയാണ് ജീവനൊടുക്കുന്നതെന്ന് തിരിച്ചറിഞ്ഞയുടന്‍ കേരള സര്‍ക്കാര്‍ ലോകത്തോടു പറഞ്ഞു. 'നിപാ മരണം വിതക്കും, ഭീതിയല്ല, വേണ്ടത് ജാഗ്രത. ഒരുമിച്ച് നിന്നു പ്രതിരോധിക്കാം'. ഇത് ഫലം കണ്ടു. രാജ്യം വിറച്ചു നിന്ന നിപാ വൈറസിനെ കേരളം 15 ദിവസം കൊണ്ട് നേരിട്ടത് സമാനതകളില്ലാത്ത വിജയ ചരിത്രമാവുകയാണ്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിക വൈറസിന്റെ സാന്നിധ്യം കണ്ടപ്പോള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് ദോഷമായി ബാധിക്കുമെന്ന വിലയിരുത്തലില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം മറച്ചുവച്ച സാഹചര്യത്തില്‍ കൂടിയാണ് കേരളം നിപാ വൈറസ് ബാധയാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് രോഗത്തെ നേരിട്ടത്. സിക വൈറസിന്റെ കാര്യം മറച്ചുവച്ച ഗുജറാത്ത് ഭരണകൂടത്തെ ലോകാരോഗ്യ സംഘടന ശാസിച്ചപ്പോള്‍ കേരളം നിപാ വൈറസിനെ നേരിട്ടതും അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
2016 ഫെബ്രുവരി മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവിലാണ് ഗുജറാത്തില്‍ സിക വൈറസ് ബാധ കണ്ടെത്തിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയോ ലോകാരോഗ്യ സംഘടനയെ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഗുജറാത്തില്‍ ഗര്‍ഭിണിയായ ഒരു യുവതിക്കും ഒരു വയോധികനും സിക വൈറസ് ബാധിച്ചതായി 2017 മെയ് 15ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന വൈറസ് ബാധ അറിയുന്നത്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനു കീഴിലുള്ള ബി.ജെ മെഡിക്കല്‍ കോളജിലായിരുന്നു വൈറസ് ബാധിതര്‍ക്ക് പരിശോധന നടത്തിയത്. ഗുജറാത്തില്‍ ആഗോള നിക്ഷേപക സംഗമം നടക്കുന്ന സമയമായതിനാലായിരുന്നു സിക വൈറസ് ബാധയുടെ വിവരം മറച്ചുവച്ചതെന്നായിരുന്നു ആരോപണം.
എന്നാല്‍ ലോകം ഭയക്കുന്ന നിപാ വൈറസ് ബാധ പടരുന്നുവെന്ന് കേരളം ലോകത്തോടു പറയുകയും അതിനെ നേരിടുകയും ചെയ്തത് ആരോഗ്യ രംഗത്തു തന്നെ മാതൃകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപാ ബാധിച്ച രണ്ടു പേര്‍ക്ക് നല്‍കിയ ചികിത്സ രോഗശമനത്തിന് ഇടയാക്കിയെന്നത് ശ്രദ്ധേയമാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കണ്ടെത്തിയ രോഗത്തെ കണ്ടെത്താനും കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനുമുള്ള ഫലപ്രദമായ നടപടികളെടുക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. വൈറസിന്റെ ഉറവിടം ഏതെന്ന് കണ്ടെത്താതെയായിരുന്നു പ്രതിരോധം.
ആരോഗ്യമന്ത്രി കെ.കെ ശൈലജ മുതല്‍ താഴെത്തട്ടിലുള്ള ആശാ വര്‍ക്കര്‍മാര്‍ വരെ ഒറ്റമനസോടെ നടത്തിയ പോരാട്ടമാണ് നിപാ ഭീതിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനായത്. ആരോഗ്യമന്ത്രിയും ആരോഗ്യ ഡയരക്ടര്‍ ആര്‍.എല്‍ സരിതയും കോഴിക്കോട് തന്നെ ക്യാംപ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യവകുപ്പിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോഴിക്കോട് ഗസ്റ്റ് ഹൗസായി മാറി. ജീവന്‍ പണയം വച്ചും നിപാ ബാധിതരെ ചികിത്സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്‌സുമാരും തയാറായി. മെഡിക്കല്‍ കോളജില്‍ മൂന്നു ദിവസം കൊണ്ട് നിപാ രോഗികള്‍ക്കായി ഏഴ് ഐ.സിയുവും 43 റൂമുകളുമുള്ള നിപാ ഐസൊലേറ്റഡ് വാര്‍ഡുകളും ഒരുങ്ങി. നിപാ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 2000 ലേറെ പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇവര്‍ക്ക് സൗജന്യമായി ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കി മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി. എല്ലാ ദിവസവും ഫോണില്‍ വിളിച്ചും ആശാവര്‍ക്കര്‍മാര്‍ നേരിട്ടുമെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇത്തരം രോഗികളെ മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും സന്നദ്ധരായി. നോമ്പുകാലമായിട്ടും വലിയ സമൂഹ നോമ്പ്്തുറകള്‍ വേണ്ടെന്നു വച്ചു വിശ്വാസി സമൂഹം രോഗപ്രതിരോധത്തില്‍ പങ്കാളികളായി. പൊതുപരിപാടികള്‍ ഒഴിവാക്കി രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും പോരാട്ടത്തില്‍ ഒപ്പം കൂടി. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രി എ.കെ ശശീന്ദ്രനും ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരെല്ലാം ചേര്‍ന്ന് നിപാ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്നു. രോഗലക്ഷണമുള്ളവരെ മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ഇങ്ങനെ നിപാ വൈറസ് ബാധിച്ച 18 പേരെയും കണ്ടെത്താന്‍ കഴിഞ്ഞു. ഇവരില്‍ നിന്ന് ആര്‍ക്കും രോഗം പടരാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് വലിയ വിജയമായി. പേരാമ്പ്രയിലെ സാബിത്തിന്റെ മരണം നിപാ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതുള്‍പ്പെടെ 17 പേരാണ് മരിച്ചത്. രണ്ടു പേര്‍ ഇപ്പോള്‍ ചികിത്സയിലുമുണ്ട്. നിപാ വൈറസാണെന്ന് പുറംലോകം അറിഞ്ഞാല്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തു തിരിച്ചടിയാകുമെന്ന ആശങ്കയേക്കാര്‍ മനുഷ്യജീവന് വിലനല്‍കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ വലിയ വിജയത്തിന് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."