ഗള്‍ഫ് ഉപരോധത്തിന് ഒരു വര്‍ഷം: കാര്‍മേഘമൊഴിയാതെ അറബ് ലോകം
അറബ് ലോകത്തെയും കേരളത്തെ പോലും സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാഴ്ത്തിയ അറബ് രാഷ്ട്രങ്ങളുടെ ഖത്തര്‍ ഉപരോധത്തിന് ഒരാണ്ട്. 2017 ജൂണ്‍ അഞ്ചിനായിരുന്നു സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി എല്ലാതരത്തിലുമുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ലോകത്തെ ഞെട്ടിപ്പിച്ചത്. ഭീകരസംഘങ്ങളെ ഖത്തര്‍ സാമ്പത്തികമായി സഹായിക്കുന്നു, പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇറാനുമായി ബന്ധം തുടരുന്നു, ഹമാസിനെ സഹായിക്കുന്നു, അല്‍ജസീറ ചാനല്‍ വഴി ഭീകരത പ്രചരിപ്പിക്കുന്നു തുടങ്ങിയവയായിരുന്നു ഉപരോധത്തിനു പറഞ്ഞ ന്യായങ്ങള്‍. ഈജിപ്ത് ഒഴികെയുള്ള എല്ലാ ഉപരോധ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഖത്തറില്‍നിന്നു തിരിച്ചുവിളിച്ചു. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ രണ്ടാഴ്ചയും നല്‍കി. ഖത്തറുമായുള്ള വ്യോമയാനബന്ധം ഈ രാജ്യങ്ങളെല്ലാം നിര്‍ത്തിവച്ചു. സഊദി ഖത്തര്‍ അതിര്‍ത്തി അടച്ചു. രാജ്യത്തേക്കുള്ള ഭക്ഷ്യ, പാല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു.
അപ്രതീക്ഷിതമായ ഉപരോധത്തില്‍ ആദ്യമൊന്നു പതറിയെങ്കിലും ഖത്തര്‍ അധികം വൈകാതെ തിരിച്ചുവന്നു. ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നു ഭക്ഷ്യവസ്തുക്കളും കെട്ടിട നിര്‍മാണ സാമഗ്രികളും ഇറക്കുമതി ചെയ്തു. ജനങ്ങള്‍ക്കു നേരിട്ട പ്രതിസന്ധിയെ പെട്ടെന്നു തന്നെ മറികടന്നു.
പ്രശ്‌ന പരിഹാരത്തിന് കുവൈത്ത് അമീര്‍ ജാബിര്‍ അഹ്മദ് അല്‍ സബാഹ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഉപരോധരാജ്യങ്ങള്‍ കാര്യമായ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഗള്‍ഫ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയും അറബ് രാഷ്ട്രങ്ങളുടെ സമിതി അറബ് ലീഗും പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു.
സഊദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഖത്തര്‍ നിരോധിച്ചതായിരുന്നു ഉപരോധത്തിന്റെ ഒന്നാം വാര്‍ഷികത്തിലുണ്ടായ കാര്യമായ മാറ്റം എന്നു തന്നെ പറയാം. കഴിഞ്ഞ വര്‍ഷത്തെ സാഹചര്യത്തില്‍നിന്ന് ഏറെക്കുറെ മാറിയെങ്കിലും ഉപരോധ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ഇനിയും പരിഹാരമാകാതെ തുടരുകയാണ്.
ഗള്‍ഫ് പ്രതിസന്ധിയുടെ നാള്‍വഴി ഇങ്ങനെ:
2017 മെയ് 20: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനം. റിയാദില്‍ 55 അറബ്-മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ഭീകരതയ്ക്കും ഇറാനുമെതിരേ പോരാടാന്‍ ആഹ്വാനം.
മെയ് 23: ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനി ഇറാനെ പ്രശംസിച്ചും യു.എസ് വിദേശകാര്യ നയത്തെ എതിര്‍ത്തും പ്രസംഗിച്ചതായി സൈറ്റില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു. സംഭവം അമേരിക്കയെ ചൊടിപ്പിക്കുന്നു.
ജൂണ്‍ 5: ബഹ്‌റൈന്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. തൊട്ടുപിറകെ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബഹ്‌റൈന്‍ നടപടിയെ പിന്തുടര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നു. പരസ്പരം വിമാന സര്‍വിസ് റദ്ദാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിക്കുന്നു.
-അടുത്ത ദിവസങ്ങളില്‍ ഉപരോധവുമായി യമന്‍, ചാഢ്, സെനഗല്‍, മാലദ്വീപ് അടക്കമുള്ള കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്.
-ജി.സി.സി ഐക്യം തകര്‍ക്കരുതെന്ന ആഹ്വാനവുമായി അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ വാര്‍ത്താസമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."