ജില്ലകളില്‍ ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കും: മന്ത്രി രാജു
തിരുവനന്തപുരം: എല്ലാ ജില്ലകളിലും ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു നിയമസഭയില്‍ പറഞ്ഞു. നിലവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് ഇത്തരം ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, എല്ലാ ആശുപത്രികളിലും ന്യായവില ഷോപ്പുകള്‍ ആരംഭിക്കുന്ന കാര്യം പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പശുക്കളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഇതു പരിഹരിക്കുന്നതിന് അഞ്ചു കിടാരി പാര്‍ക്കുകള്‍ തുടങ്ങും. ഒരു പാര്‍ക്കില്‍ 100 കിടാരികളെ സംരക്ഷിച്ചു വളര്‍ത്തുകയും അവ കര്‍ഷകര്‍ക്കു കൈമാറുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനം ഡിസംബറോടെ പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുട്ടയുടെയും ഇറച്ചിയുടെയും കാര്യത്തില്‍ ഇനിയും മുന്നോട്ടുപോകാനുണ്ട്. കുടുംബശ്രീയുമായി സഹകരിച്ച് 1,000 ഇറച്ചിക്കോഴി ഉല്‍പാദന യൂനിറ്റുകള്‍ ആരംഭിക്കും. മലപ്പുറം മൂര്‍ഖനാട്ട് മില്‍മയുടെ ജില്ലാ ഡയറി സ്ഥാപിക്കും. പുതുതലമുറയെ പശുപരിപാലന രംഗത്തേയ്ക്ക് എത്തിക്കുന്നതിന് സാമ്പത്തിക സബ്‌സിഡി അനുവദിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."