വാഗ്ദാനവും വെറുതെയായി; ഈ ദുരിത ജീവിതം ഇനിയെത്രനാള്‍
നാദാപുരം: അവഗണനയില്‍ നിന്ന് മുക്തമാകാതെ ആദിവാസി സമൂഹം. സ്വന്തം മന്ത്രി നല്‍കിയ വാഗ്ദാനവും വെറുതെയായതോടെ പിറന്ന മണ്ണില്‍ നരകയാതന അനുഭവിക്കുകയാണ് വിലങ്ങാട്ടെ ആദിവാസി കുടുംബങ്ങള്‍. പൊട്ടിപ്പൊളിഞ്ഞ റോഡുകളും ചോര്‍ന്നൊലിക്കുന്ന വീടുകളും കോളനിയുടെ മുഖമുദ്രയാണ്. ഇവര്‍ക്ക് കുടിവെള്ളത്തിനായി പുഴയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഊരിലെ പല പുരുഷന്മാരും ജോലി ഇല്ലാത്തതിനാല്‍ പട്ടിണിയെ പ്രതിരോധിക്കാന്‍ മദ്യലോബിയുടെ ചൂഷണത്തിനു വിധേയമായി കേസുകളില്‍പ്പെട്ട് കാലം കഴിക്കുന്നു. ജില്ലയിലെ നാദാപുരം വാണിമേല്‍ വിലങ്ങാട് ആദിവാസി കോളനിയിലെ മുന്നൂറോളം വരുന്ന കുടുംബങ്ങളുടെ തീരാദുരിതത്തിന്റെ ചെറു ചിത്രമാണിത്.
കോളനിക്കാരുടെ ദുരിതം നേരില്‍ കാണാന്‍ 2014 ഫെബ്രുവരി 14ന് അന്നത്തെ യുവജനകാര്യ-പട്ടികക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മിയും യു.ഡി.എഫ് നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഈ കോളനികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നു കോളനിക്കാര്‍ക്കായി വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, സ്‌കൂള്‍ എന്നിവ നിര്‍മിക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് മന്ത്രിയടങ്ങുന്ന സംഘം കോളനി വിട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭരണം മാറിയിട്ടും വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ല. 2002ല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് വീട് വയ്ക്കാന്‍ പെരുവണ്ണാമുഴിയിലെ മുതുകാട് വനത്തിനുള്ളില്‍ സ്ഥലം നല്‍കിയിരുന്നു. എന്നാല്‍ കിലോമീറ്ററോളം ചെങ്കുത്തായ മലമുകളിലാണ് ഈ സ്ഥലം കിടക്കുന്നത്. ഇതേതുടര്‍ന്ന് മിക്ക കുടുംബങ്ങളും ഈ ഭൂമി വേണ്ടെന്ന് വയ്ക്കുകയായിരിന്നു.
വിലങ്ങാട് നിന്ന് പന്നിയേരി കോളനി വരെയുള്ള എട്ട് കിലോമീറ്റര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു കാല്‍നടയാത്ര പോലും ദുസ്സഹമായിട്ട് മാസങ്ങളേറെയായി. സംസ്ഥാന സര്‍ക്കാരോ ത്രിതല പഞ്ചായത്തോ റോഡ് ടാര്‍ ചെയാനുള്ള ഒരു നീക്കവും നടത്തിയിട്ടില്ല.
2004ല്‍ പി.എം.ജി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിലങ്ങാട് മുതല്‍ കൂത്താടിവരെ രണ്ട് കിലോമീറ്റര്‍ ടാര്‍ ചെയ്‌തെങ്കിലും പ്രവൃത്തിയിലെ അപാകത കാരണം മാസങ്ങള്‍ക്കുള്ളില്‍ റോഡ് പഴയപടിയായി. കൂത്താടി മുതല്‍ പന്നിയേരി വരെയുള്ള ആറു കിലോമീറ്റര്‍ ടാര്‍ ചെയ്യാന്‍ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ കരാര്‍ എടുത്ത കമ്പനി പ്രവൃത്തി ഉപേക്ഷിച്ചു. പിന്നീട് കരാര്‍ പുതുക്കിയെങ്കിലും കരാര്‍ ഏറ്റടുക്കാന്‍ ആരും തയാറായില്ല. മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂര്‍, പറക്കാട് എന്നീ കോളനികളിലേക്ക് എത്താനുള്ള ഏക റോഡ് ഇതു മാത്രമാണ്. ഇവിടെ ജീപ്പ് സര്‍വിസ് മാത്രമാണ് നാട്ടുകാരുടെ ആശ്രയം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ജോലിക്ക് പോകുന്നവരും അധ്യാപകരും നാല്‍പ്പത് രൂപ ജീപ്പ് ചാര്‍ജ് നല്‍കിയാണ് വിലങ്ങാട് എത്തുന്നതും തിരിച്ചു പോകുന്നതും. വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കാനും രോഗികളെ ആശുപത്രികയില്‍ എത്തിക്കാനും സര്‍ക്കാര്‍ നടപ്പിലാക്കിയ 'ഗോത്രസാരഥി' പദ്ധതി തുടക്കത്തില്‍ വന്‍ വിജയമായിരുന്നുവെങ്കിലും പിന്നീട് ഫണ്ട് ലഭിക്കാതെ വന്നതോടെ ഈ പദ്ധതി ഏറ്റടുത്ത് നടത്തിയിരുന്ന സ്വകാര്യ വാഹന ഉടമകള്‍ പിന്‍വാങ്ങി. കാലവര്‍ഷം തുടങ്ങിയാല്‍ ചെങ്കുത്തായ ഈ കുന്നിന്‍ മുകളില്‍ നിന്നു ജീവന്‍ പണയം വച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തുന്നത്.
പണിയ സമുദായത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന കെട്ടില്‍, അടുപ്പില്‍ കോളനികളുടെ അവസ്ഥയും വളരെ ദയനീയമാണ്. ഇവിടെ 55 കുടുംബങ്ങളിലായി 187 പേരില്‍ 20 കുട്ടികളുണ്ടെങ്കിലും പല കുട്ടികളും സ്‌കൂളില്‍ പോകാറില്ല. വളയം ജനമൈത്രി പൊലിസ് ഈ കോളനികളിലെ സ്ത്രീ, പുരുഷന്മാര്‍ക്കിടയിലുള്ള മദ്യപാനവും പുകയിലയുടെ അമിത ഉപയോഗവും തടയാന്‍ നടത്തിയ ശ്രമം ഒരു പരിധി വരെ വിജയം കണ്ടിരുന്നു. വിലങ്ങാട് മ്പിളിപ്പാറയില്‍ നാലുസെന്റ് വീതം ആറുകുടുംബത്തിനു പഞ്ചായത്ത് വക സ്ഥലം വാങ്ങി രണ്ടര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണത്തിലെ തകരാര്‍ കാരണം വീടുകള്‍ ഉപയോഗശൂന്യമാവുകയായിരുന്നു.
അടുപ്പില്‍ കോളനിയിലെ കുടുംബങ്ങള്‍ കഴിഞ്ഞ വേനലിലെ കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യവ്യക്തിയുടെ കിണറും വറ്റിയവരണ്ടതിനാല്‍ വിലങ്ങാട് പുഴയില്‍ കുഴികുത്തി കിട്ടുന്ന മലിനജലമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതു നേരില്‍കണ്ട വടകര താലൂക്ക് ലീഗല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദും ലീഗല്‍ വളണ്ടിയര്‍ മനോജും പഞ്ചായത്ത് വാട്ടര്‍ അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തുകയും മഴക്കാലത്തിന് മുന്‍പ് പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നിര്‍ദേശങ്ങള്‍ ഒന്നും നടപ്പിലായിട്ടില്ല. ക്ഷേമ പദ്ധതികള്‍ ഒന്നിന് പുറമെ മറ്റൊന്നായി പ്രഖ്യാപിക്കുമ്പോഴും യഥാര്‍ഥ അവകാശികള്‍ ഇവിടെയിപ്പോഴും ദുരിതം പേറിക്കഴിയുകയാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."