ഇരുനില വീടും 83 സെന്റ് പുരയിടവും സൗജന്യമായി സര്‍ക്കാരിന് നല്‍കി
കൊല്ലം: ജില്ലയിലെ വെളിയത്തിനടുത്ത് കായില ഗ്രാമം എന്‍. കമലാസനന്‍ എന്ന മനുഷ്യ സ്‌നേഹിയുടെ വലിയ മനസിന് മുന്നില്‍ നമിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 83 സെന്റ് ഭൂമിയും ഇരുനില വീടുമാണ് ഈ റിട്ട. അധ്യാപകന്‍ സൗജന്യമായി സര്‍ക്കാരിന് വിട്ടു നല്‍കിയത്.
മകളുടെ ഓര്‍മയ്ക്കായാണ് കമലാസനും ഭാര്യ സി.കെ. സരോജിനിയും ഈ തീരുമാനമെടുത്തത്. കമ്യൂണിസ്റ്റ് നേതാവ് സി.എച്ച്. കണാരന്റെ മൂത്തമകളാണ് സരോജിനി.
ഭിന്നശേഷിക്കാരായവര്‍ക്ക് താമസവും പരിചരണവും ഒരുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പുതന്നെ ഇവിടം ഏറ്റെടുക്കണമെന്ന ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടു വച്ചത്.
ഇതനുസരിച്ച് പി. അയിഷാ പോറ്റി എം.എല്‍.എ വീടിന്റെ താക്കോലും പ്രമാണവും ഏറ്റുവാങ്ങി. അത്യപൂര്‍വമായ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാനായതെന്നും ഈ കുടുംബത്തിന്റെ കാരുണ്യമാതൃക സമൂഹത്തിന് പ്രചോദനമാകട്ടെയെന്നും വീട്ടുവളപ്പില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പറഞ്ഞു. വിട്ടുകിട്ടിയ ഭൂമിയില്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന ഉറപ്പും എം.എല്‍.എ നല്‍കി.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."