ജനങ്ങളെ വട്ടംകറക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ ഡി.ജി.പി
മുക്കം: വിവിധ പരാതികളും കേസുകളുമായി പൊലിസ് സ്റ്റേഷനുകളില്‍ എത്തുന്ന ജനങ്ങളെ വട്ടംകറക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ സംസ്ഥാന പൊലിസ് മേധാവി. ഇനിമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും അതത് പരിധിയിലെ റേഞ്ച് ഐ.ജി, ജില്ലാ പൊലിസ് മേധാവി അടക്കമുള്ള മേലുദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളടങ്ങിയ മൂന്ന് പോസ്റ്ററുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി. സ്റ്റേഷനുകളിലെ റിസപ്ഷന്‍, സന്ദര്‍ശക കേന്ദ്രം, കാത്തിരിപ്പ് സ്ഥലം എന്നിങ്ങനെ ജനങ്ങള്‍ സേവനങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒരാഴ്ചക്കകം പോസ്റ്ററുകള്‍ പതിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പൊലിസുകാര്‍ക്കെതിരേയുള്ള പരാതികള്‍, അവരുടെ കൃത്യവിലോപങ്ങള്‍, ഭീഷണികള്‍, മറ്റുതരത്തില്‍ ജനങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം മേലുദ്യോഗസ്ഥരോട് നേരിട്ട് ഇതുവഴി ജനങ്ങള്‍ക്ക് പരാതികള്‍ ഉന്നയിക്കാം. സ്റ്റേഷനുകളില്‍നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെങ്കില്‍ സംസ്ഥാന പൊലിസിന്റെ ഓണ്‍ലൈന്‍ പരാതി രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ 'തുണ' വഴിയും ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. പൊലിസ് സ്റ്റേഷനുകളില്‍നിന്ന് ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭിക്കാതിരിക്കുന്ന അവസ്ഥക്ക് ഇതോടെ വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണകൂടങ്ങളുടെയും സ്വാധീനത്താല്‍ പൊലിസ് സ്റ്റേഷനുകളില്‍ സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കുന്നത് വര്‍ധിച്ചു വന്നതോടെയാണ് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ഏറെ വിവാദമായ കെവിന്‍ കൊലപാതക പശ്ചാത്തലവും ഉത്തരവിന് നിമിത്തമായി. ജനങ്ങള്‍ക്ക് പൊലിസ് സ്റ്റേഷനുകളില്‍നിന്ന് എന്തുതരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാലും ഇനിമുതല്‍ മേലുദ്യോഗസ്ഥരെ ഇതുവഴി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."