HOME
DETAILS
MAL
ശിഹാബ് തങ്ങളുടെ വായനാശീലവും അഴീക്കോടിന്റെ പ്രേമഭാജനങ്ങളും
backup
April 20 2020 | 07:04 AM
'ബാപ്പയുടെ വായനാതാത്പര്യം എന്നെയേറെ സ്വാധീനിച്ച സമയമായിരുന്നു അദ്ദേഹത്തോടൊപ്പം അമേരിക്കയിലേക്കു പോയ സന്ദര്‍ഭം. വിശ്രമവേളകളിലെല്ലാം അദ്ദേഹം വായനയുടെ ലഹരിയിലായിരുന്നു. ഹോസ്പിറ്റലിലേക്കു പോകുന്ന ഒരു ഘട്ടത്തില്‍ ഹോസ്പിറ്റല്‍ ലോഞ്ചില്‍ നാഷണല്‍ ജ്യോഗ്രഫി എന്ന പേരില്‍ ഒരു മാഗസില്‍ വച്ചത് ബാപ്പ ശ്രദ്ധിക്കാനിടയായി. ഉടനെ അതു മുഴുവന്‍ മറിച്ചുനോക്കി. ചില പേജുകള്‍ ശ്രദ്ധയോടെ വായിച്ചു. പ്രകൃതിയും വന്യജീവിക്കാഴ്ചകളുമായിരുന്നു അതിന്റെ പ്രതിപാദ്യവിഷയം. തുടര്‍ന്ന് ബാപ്പ ഇതിന്റെ കോപ്പി മാസം തോറും ലഭിക്കാന്‍ എന്തു ചെയ്യണമെന്നന്വേഷിച്ചു. ശേഷം അത് സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യമായ കാര്യങ്ങള്‍ നടത്താന്‍, അവിടെ ജോലി ചെയ്തിരുന്ന മലയാളിയായ നജീബിനെ പറഞ്ഞേല്‍പിച്ചു. പിന്നീടുള്ള മാസങ്ങളില്‍ മാഗസിന്‍ പോസ്റ്റല്‍ വഴി കൊടപ്പനയ്ക്കല്‍ വീട്ടിലെത്താറുണ്ടായിരുന്നു'
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് പുത്രന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ എഴുതിയ 'പ്രിയപ്പെട്ട ബാപ്പ' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു പാരഗ്രാഫ് ആണിത്.
'ബാപ്പയുടെ വായനാലോകം അവിടെ അവസാനിക്കുന്നില്ല. വായന ബാപ്പയുടെ ഒരു പാഷനായിരുന്നു. കിട്ടിയതെന്തും വായിച്ചു നോക്കുക, ഇഷ്ടപ്പെട്ടത് വാങ്ങി സൂക്ഷിക്കുക, ഇതൊക്കെയായിരുന്നു ബാപ്പയുടെ പ്രധാന ഹോബി. വെറുതേയിരിക്കുമ്പോഴൊക്കെ കൈയില്‍ വല്ല പുസ്തകമോ മാഗസിനോ കിടക്കുന്നുണ്ടാകും. ബാപ്പയുടെ ഒരു ദിവസത്തിന്റെ തുടക്കംതന്നെ വായനയിലായിരുന്നു...യാത്രക്കിടയിലും പുസ്തകം കരുതുമായിരുന്നു. യാത്രക്കിടയിലെ വായന കുറച്ചുകൂടി സെലക്റ്റീവ് റീഡിങ്ങായിരുന്നു ....കാറില്‍ കയറുമ്പോള്‍ വായിക്കാനായി വല്ലതും കരുതും. രാത്രിയില്‍ വായിക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക റീഡിങ് ലൈറ്റ് ബാപ്പ കാറില്‍ ഘടിപ്പിച്ചിരുന്നു'
ഇത്രയേറെ തിരക്കുകളുണ്ടായിരുന്ന മനുഷ്യന്‍ വായിക്കാന്‍ സമയം കണ്ടെത്തുന്നതിന്റെ ശ്രദ്ധേയമായ ചിത്രങ്ങളുണ്ട് ആ കൃതിയില്‍('പ്രിയപ്പെട്ട ബാപ്പ' മുനവ്വറലി ശിഹാബ് തങ്ങള്‍ എഴുതി, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചത്)
എം.ടി വാസുദേവന്‍ നായര്‍ ആയിരുന്നു മലയാളത്തില്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍.
അല്‍ അസ്ഹറില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഖലീല്‍ ജിബ്രാന്റെ ഒരു ഫാന്‍ ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. ജിബ്രാന്റെ പ്രസിദ്ധമായ ശ്മശാനഭൂമി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് അക്കാലത്താണ്.
'Today a reader, tomorrow a leader.' Margaret Fuller
എന്നത് സത്യം തന്നെ!. എത്രമാത്രം വ്യത്യസ്തങ്ങളായ മേഖലകളില്‍ നിന്നുള്ള ഗ്രന്ഥങ്ങളായിരുന്നു തങ്ങള്‍ താല്‍പ്പര്യത്തോടെ വായിച്ചത് എന്നത് ശ്രദ്ധിക്കുക. വൈവിധ്യമാര്‍ന്ന വിഷയങ്ങളിലെ വിപുലമായ വായനയ്ക്ക് ആ വലിയ മനുഷ്യന്‍ സമയം കണ്ടെത്തിയിരുന്നത് അത്ഭുതാദരങ്ങളോടെ മാത്രമേ നമുക്ക് ഓര്‍ക്കാന്‍ കഴിയൂ. വായനയിലൂടെ വികസിച്ച ഈ വിജ്ഞാനവും വിശാല കാഴ്ചപ്പാടും സമൂഹത്തിന് ഏറെ ഗുണകരമാവുകയും ചെയ്തു.
ഇനി സുകുമാര്‍ അഴീക്കോടിന്റെ കുട്ടിക്കാലത്തേക്ക്.
അദ്ദേഹം കുട്ടിയായിരുന്ന കാലത്ത് ഗ്രന്ഥശാലാ സംഘം രൂപംകൊണ്ടിരുന്നില്ല. ജനിച്ചു വളര്‍ന്ന അഴീക്കോട്ടെ പൂതപ്പാറയിലോ അടുത്തോ വായനശാലയുണ്ടായിരുന്നില്ല. പക്ഷെ വീട്ടില്‍ അച്ഛന്റെ വകയായുണ്ടായിരുന്നു, പത്തുനാനൂറു പുസ്തകങ്ങള്‍ അടുക്കിവെച്ച ഒരു ഷെല്‍ഫ്!! ആ കുട്ടിയ്ക്ക് ശരിക്കും ഒരു ഗോള്‍ഡന്‍ ട്രഷറിയായിരുന്നു ആ പുസ്തകശേഖരം!!
'അന്നു വീട്ടില്‍ കഴിച്ചിരുന്നത് തനി സാധാരണ ഭക്ഷണമായിരുന്നു. സമ്പന്ന ഭക്ഷണം എനിക്ക് കിട്ടിയത് പുസ്തകക്കൂട്ടത്തില്‍ നിന്നാണ്' എന്ന് സുകുമാര്‍ അഴീക്കോട് 'വായിച്ചു വളര്‍ന്ന കഥ' എന്ന പുസ്തകത്തില്‍ അനുസ്മരിക്കുന്നു.
പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങിനെ. 'ഓരോ പൂസ്തകവും ഓരോതരം പ്രേമഭാജനമാണ് എന്നെനിക്കു തോന്നുന്നു. ഈ പ്രേമം താരതമ്യത്തിന് വഴങ്ങുകയില്ല'.
താരതമ്യമില്ലാത്ത ഈ പ്രേമഭാജനങ്ങളുമായി നമുക്കും സരസ സല്ലാപം നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ, വീണുകിട്ടിയ സുമുഹൂര്‍ത്തമായി വേണം കോവിഡിന്റെ ഈ അടച്ചിടല്‍ കാലത്തെ കാണേണ്ടത്.
കോവിഡ് ലോക്ഡൗണ്‍ ദിനങ്ങളില്‍ വിജ്ഞാനത്തിലേക്കും വിവേകത്തിലേക്കും നന്മയിലേക്കും കൈപിടിച്ചു നടത്തുന്ന ഉത്തമകൃതികള്‍ നമുക്ക് പുറത്തെടുക്കാം. സാഹിത്യ കൃതികളോ, അറിവിലേക്കും നേട്ടങ്ങളിലേക്കും നയിക്കുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങളോ ഏതും തെരഞ്ഞെടുക്കാം.
'Books are the quietest and most con-stant of friends; they are the most accessi-ble and wisest of counselors, and the most patient of teachers.'
Charles W. Eliot
എന്നാല്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ആരാധകരാണെങ്കില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട കാലവുമാണ് ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത്രയേറെ തെറ്റിദ്ധരിപ്പിക്കുന്ന കൃത്രിമ വാര്‍ത്തകളാണ് ഈ ദുരിതകാലത്തും ചിലര്‍ പടച്ചു വിടുന്നത്.
ഇന്റര്‍നെറ്റ് കാലഘട്ടത്തില്‍ മൊത്തത്തിലുള്ള വായനയുടെ സമയം ഏറെ വര്‍ധിച്ചുവെങ്കിലും ഗ്രന്ഥപാരായണത്തിന് ചെലവഴിക്കുന്ന സമയത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് കണ്ടെത്തല്‍! പുസ്തകങ്ങളില്‍ പുതുതലമുറയ്ക്ക് ശ്രദ്ധയില്ല എന്ന് സാക്ഷാല്‍ അഴീക്കോട,് തനതു ശൈലിയില്‍ തെല്ലുഹാസ്യം കലര്‍ത്തി ഒരു ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ;
'വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണം ഞാന്‍ പറയാറുള്ളത്, പിള്ളേരൊന്നും ഈ പുസ്തകം ഉപയോഗിക്കില്ല, നശിപ്പിച്ചു കളയും എന്ന ഭയം എനിക്കുള്ളതുകൊണ്ടാണ്!!'
വായനാ വിഷയങ്ങളില്‍ ഗൗരവതരമായ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഈ കോവിഡ് കാലം സഹായകമാവട്ടെ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ള മഹദ് വ്യക്തികളുടെ ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ ഇക്കാര്യത്തില്‍ നമുക്ക് പ്രചോദനമാവട്ടെ.
'ഒരു നല്ല ഗ്രന്ഥം വായിക്കുമ്പോള്‍, ലോകത്തെവിടെയെങ്കിലും ഒരു വാതില്‍ തുറക്കപ്പെടുന്നു, കൂടുതല്‍ പ്രകാശം പ്രസരിക്കുന്നു'
'Whenever you read a good book, somewhere in the world a door opens to allow in more light' Vera Nazarian.
പ്രകാശത്തിന് പ്രവേശനം നല്‍കുന്നതാവട്ടെ നമ്മുടെ പാരായണ ശീലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."