കോവിഡ് പ്രതിസന്ധിയെ മറിക്കടക്കാൻ ഇന്ത്യൻ സ്കൂളുകൾക്ക് നിർദേശം; ഫീസിനത്തിൽ കർശന നിലപാടെടുക്കരുതെന്ന് ഇന്ത്യൻ എംബസി
റിയാദ്: സഊദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകൾ നിലവിലെ സാഹചര്യത്തിനനുസരിച്ച് പ്രവർത്തന സജ്ജമാക്കുമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. ഇതെ തുടർന്ന് രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ ട്യൂഷൻ ഫീസ് മാത്രമെ ഈടാക്കുകയുള്ളു. അനുബന്ധമായി വരുന്ന ഫീസുകൾ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുകയില്ല.
സ്കൂളുകളിൽ നിലവിൽ നടന്ന് വരുന്ന ഓൺലൈൻ ക്ലാസുകൾ തുടരുകയും മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസിൽ പ്രവേശനം അനുവദിക്കുകയും ചെയ്യും. ഫീസ് കുടിശ്ശിക വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുകയില്ല. ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കുന്നതിന് വരുന്ന ചെലവുകൾ ട്യൂഷൻ ഫീസിൽ നിന്ന് കണ്ടെത്തും.
അതെ സമയം സ്കൂളുകളിൽ നിന്ന് അധ്യാപകരും അനധ്യാപകരുമായ ജീവനക്കാരെ പിരിച്ചു വിടുകയില്ല. നിലവിൽ ജീവനക്കാർക്ക് ശമ്പളം ഉറപ്പ് വരുത്താൻ അതത് സ്കൂൾ മാനേജ്മെന്റ് ശ്രദ്ധ പുലർത്തണം. ഇതിനായി ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള അലവൻസുകളിൽ മാറ്റം വരുത്താവുന്നതാണ്. രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഹയർ ബോഡി ഈ തീരുമാനമെടുത്തിരിക്കുന്നത്. ജൂൺ ഒന്ന് വരെയുള്ള കാലയളവിലായിരിക്കും ഈ ഇളവുകൾ അനുവദിക്കുക. അതിന് ശേഷം ഹയർ ബോഡി യോഗം ചേർന്ന് അന്നത്തെ അവസ്ഥകൾ പരിഗണിച്ച ഇക്കാര്യത്തിലുള്ള തുടർ തീരുമാനങ്ങൾ കൈകൊള്ളൂം.
നിലവിലെ അസാധാരണമായ സാഹചര്യം മനസ്സിലാക്കിയാണ് എംബസി ഇത്തരമൊരു തീരുമാനം കൊകൊണ്ടതെന്നും സഊദി അറേബ്യയിൽ പ്രവർത്തിക്കുന്ന ഇതര സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളും ഈ തീരുമാനത്തിനൊപ്പം നിൽക്കണെമെന്നും പത്രക്കുറിപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്. അംബാസഡറും ഇന്ത്യൻ സ്കൂൾ രക്ഷാധികാരിയുമായ ഡോ.ഔസാഫ് സഈദിന്റെ അധ്യക്ഷതയിൽ ചേർന്ന ഹയർ ബോഡി യോഗമാണ് തീരുമാനമെടുത്തത്. രാജ്യത്ത് അധിവസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമവും ആരോഗ്യവും എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ഇക്കാര്യത്തിൽ നിരന്തരമായ ചർച്ചകൾ നടത്തി ആവശ്യമായ സഹായങ്ങളും നടപടികളും സ്വീകരിച്ചു വരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."