ജനാധിപത്യം അട്ടിമറിക്കാന്‍ വോട്ടിങ് യന്ത്രങ്ങള്‍
മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏതു ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയില്‍ പതിയുമെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കേവലം ചിരിച്ചുതള്ളേണ്ട ഫലിതോക്തിയല്ല. മതേതര,ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയെന്ന ഫാസിസ്റ്റ് നയത്തിന്റെ സഹിര്‍സ്ഫുരണമാണത്. അതിലേയ്ക്കാണിപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും നീങ്ങിക്കൊണ്ടിരിക്കുന്നത്.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ആര്‍.എസ്.എസ് രൂപപ്പെടുത്തിയതും ഇതിനു വേണ്ടിത്തന്നെ. എല്‍.കെ അദ്വാനി പ്രധാനമന്ത്രിയാകുമെന്നു കരുതിയവരെ അമ്പരപ്പിച്ചുകൊണ്ടാണ് അതുവരെ തിരശ്ശീലയ്ക്കുപിന്നിലായിരുന്ന മോദിയെ ആര്‍.എസ്.എസ് രംഗത്തുകൊണ്ടുവന്നത്. ഇപ്പോഴിതാ അതേതന്ത്രം യു.പി മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കു യോഗി ആദിത്യനാഥിനെ പ്രതിഷ്ഠിച്ചുകൊണ്ട് ആര്‍.എസ്.എസ് ആവര്‍ത്തിച്ചിരിക്കുന്നു. ഹിന്ദുത്വരാഷ്ട്രത്തിനുവേണ്ടി നിലമൊരുക്കുകയെന്നതാണ് ഇവരിലൂടെ ആര്‍.എസ്.എസ് ലക്ഷ്യംവയ്ക്കുന്നത്.
ഒന്നാംനിരക്കാരായ എല്‍.കെ അദ്വാനിക്കും മുരളിമനോഹര്‍ ജോഷിക്കും തീവ്രതപോരെന്നു കണ്ടതിനാലാണു നരേന്ദ്രമോദി, യോഗി ആദിത്യാനാഥ്, സാധ്വി ദിംഗംബര, സാധ്വി പ്രാചി എന്നിവരെപ്പോലുള്ള തീവ്ര ചിന്താഗതിക്കാരെ ദേശീയരാഷ്ട്രീയത്തില്‍ ആര്‍.എസ്.എസ് പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. യു.പി തെരഞ്ഞെടുപ്പിനു മുമ്പു ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. ജയിക്കാനും അധികാരം പിടിച്ചടക്കാനും ഏതു ഹീനമാര്‍ഗവും സ്വീകരിക്കുകയെന്ന നിലപാടിലേയ്ക്കാണ് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാറും എത്തിയിരിക്കുന്നത്. ഇതാണു യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
ജനാധിപത്യഭരണസമ്പ്രദായത്തെ ജനാധിപത്യസംവിധാനം കൊണ്ടുതന്നെ തകര്‍ക്കുകയെന്ന കുതന്ത്രമാണു വോട്ടിങ്‌യന്ത്രത്തില്‍ കൃത്രിമം വരുത്തിയതിലൂടെ യു.പിയില്‍ ബി.ജെ.പി പ്രയോഗിച്ചത്. പ്രവചനങ്ങളെയും എക്‌സിറ്റ് പോള്‍ ഫലങ്ങളെയും നിഷ്പ്രഭമാക്കി മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍പോലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വമ്പിച്ച ഭൂരിപക്ഷം നേടി ജയിച്ചു കയറിയപ്പോള്‍ പല കോണുകളില്‍നിന്നും സംശയമുയര്‍ന്നുവന്നതാണ്.
ബി.എസ്.പി നേതാവ് മായാവതിയാണ് ആദ്യമായി രംഗത്തുവന്നത്. വോട്ടിങ്‌യന്ത്രത്തില്‍ കൃത്രിമം വരുത്തിയാണു ബി.ജെ.പി യുപിയില്‍ മൃഗീയഭൂരിപക്ഷം കരസ്ഥമാക്കിയതെന്ന് അവര്‍ ആരോപിച്ചപ്പോള്‍ ബി.ജെ.പിക്കാര്‍ക്കൊപ്പം പലരും അവരെ പരിഹസിച്ചു. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ആരോപണം ആവര്‍ത്തിച്ചപ്പോഴും ആരും അനുകൂലമായി പ്രതികരിച്ചില്ല. ഇപ്പോഴിതാ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ട്രയല്‍ വോട്ടിങ്ങില്‍ കൃത്രിമം കണ്ടെത്തിയിരിക്കുന്നു.
ഏതു സ്ഥാനാര്‍ഥിക്കു വോട്ടുചെയ്താലും താമരയില്‍ മാത്രം പതിയുന്ന കൃത്രിമത്വം പിടിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനും കൃത്രിമത്വം ശരിവെച്ചിരിക്കുകയാണ്. ആ നിലയ്ക്കു യു.പിയില്‍ നടന്നത് കള്ളതെരഞ്ഞെടുപ്പായിരുന്നു എന്നുവേണം കരുതാന്‍. യു.പി നിയമസഭാ തെരഞ്ഞെടുപ്പു റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പു നടത്തുകയാണു മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ ചെയ്യേണ്ടത്.
വോട്ടിങ് യന്ത്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വോട്ടുചെയ്താലും കൃത്രിമത്വം കണ്ടെത്താന്‍ കഴിയില്ലെന്നു വിദഗ്ധര്‍ സാക്ഷിപ്പെടുത്തുന്നു. പരീക്ഷണവോട്ടിങ്ങില്‍ കൃത്യമായി വോട്ടു രേഖപ്പെടുത്തുന്ന യന്ത്രം പിന്നീട് ഒരു നിശ്ചിതസമയം മുതല്‍ സാങ്കേതിക വിദഗ്ധര്‍ തീരുമാനിക്കുന്നിടത്തു മാത്രം വോട്ടു വീഴുന്ന വിധത്തില്‍ ക്രമീകരണം നടത്താന്‍ കഴിയും. മനുഷ്യനിര്‍മിതമായ യന്ത്രങ്ങളില്‍ മനുഷ്യകരങ്ങള്‍ കൊണ്ടുതന്നെ കൃത്രിമത്വം വരുത്താന്‍ വിദഗ്ധര്‍ അതിമാനുഷികരാവേണ്ട ആവശ്യമില്ല.
തന്റെ ആശയത്തിനുസരിച്ചു വോട്ടുചെയ്യുന്ന വോട്ടറുടെ തീരുമാനത്തെ ഇടയില്‍ വരുന്ന യന്ത്രം അട്ടിമറിക്കുമ്പോള്‍ ജനാധിപത്യസമ്പ്രദായത്തിന്റെ അടിത്തറയാണു തകര്‍ക്കപ്പെടുന്നത്. പാശ്ചാത്യരാജ്യങ്ങള്‍ വരെ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന വോട്ടിങ് യന്ത്രം ഇന്ത്യയില്‍നിന്നു തൂത്തെറിയേണ്ടിയിരിക്കുന്നു. ഏതുവിധേനയും ജയിക്കുവാന്‍ ബി.ജെ.പി ഭരണകൂടം എന്തുംചെയ്യുമെന്നു യു.പി തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതോടെ വോട്ടിങ് യന്ത്രത്തിനെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭമാണു മതേതരജനാധിപത്യവിശ്വാസികളായ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്ന് ഉയര്‍ന്നുവരേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."