ഐ.പി.എല്‍: പോരാട്ടങ്ങള്‍ നാളെ മുതല്‍
ബംഗളൂരു: ഐ.പി. എല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ പരുക്കിന്റെ പിടിയിലായത് ടൂര്‍ണമെന്റിന് തിരിച്ചടിയാവുമെന്നാണ് പ്രവചനം. എന്നാല്‍ അതൊക്കെ വെറും നിസാരമായ പ്രചാരണങ്ങളാണെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം യൂസഫ് പഠാന്റെ വാദം.
കൊല്‍ക്കത്തയ്ക്ക് ആന്ദ്രേ റസ്സല്‍ എന്ന മികച്ച ഓള് റൗണ്ടറുടെ അഭാവമുണ്ട്. പക്ഷേ ടീം മികച്ചതാണ്. ആ അഭാവത്തെ തരണം ചെയ്യാന്‍ ടീമിന് സാധിക്കുമെന്ന് പഠാന് പറയുന്നു. ക്രിസ് വോക്സ്, ട്രെന്‍ഡ് ബൂള്‍ട്ട്, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, റോവ്മാന്‍ പവല്‍ എന്നീ മികവുറ്റ താരങ്ങള്‍ ടീമിലുണ്ടെന്നും പഠാന് കൂട്ടിച്ചേര്‍ത്തു. അതേസമയം ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്‍ഡോമിനെ റസലിന് പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് സണ്‍ റൈസേഴ്സ് താരം ശിഖര്‍ ധവാന് പറയുന്നു. ഫോമില്ലായ്മ അടുത്ത കാലത്ത പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരിച്ചു വരാമെന്ന് പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു. പരുക്ക് മാറി ഐ.പി.എല്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുംബൈ നായകന് രോഹിത് ശര്‍മ പറഞ്ഞു.
പരുക്കിനെ ഏറെ ഭയന്നിരുന്നു. എന്നാല്‍ സഹതാരങ്ങളും ഫിസിയോയുമാണ് ആത്മവിശ്വാസം തന്നത്. ഐ.പി.എല്‍ തന്നെ മുന്നേറാന്‍ ഏറെ സഹായിക്കുമെന്ന് വിശ്വാസമുണ്ടെന്ന് രോഹിത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."