സര്‍ക്കാര്‍ വകുപ്പുകളുടെ അനാവശ്യകേസുകളില് കോടതിയ്ക്ക് അതൃപ്തി
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ അനാവശ്യകേസുകളുമായി കോടതികളിലെത്തുന്നതില് ഹൈക്കോടതിക്ക് അതൃപ്തി. അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നയം പാലിക്കേണ്ടതുണ്ടെന്നും വ്യവഹാര നയം സംബന്ധിച്ച് ഉദ്യോഗസ്ഥരടക്കമുള്ള എല്ലാവര്ക്കും അറിവു നല്‍കണമെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നയം പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും കോടതി വ്യക്തമാക്കി. കടുത്ത വാക്കുകളിലൂടെ വിമര്‍ശനം ഉന്നയിക്കാനും പിഴ ചുമത്താനും മതിയായ കേസാണിതെങ്കിലും തല്ക്കാലം ഒഴിവാക്കുകയാണെന്നു കോടതി പറഞ്ഞു.
കോഴിക്കോട് പുറക്കാട്ട് വിദ്യാസദനം മോഡല്‍ സ്കൂളിന് അംഗീകാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലെ അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഡി.പി.ഐ അംഗീകാരം നല്‍കിയില്ലെന്നാരോപിച്ച് സ്കൂള്‍ അധികൃതര്‍ നല്കിയ ഹരജിയില്‍ ഒരുമാസത്തിനകം അംഗീകാരം നല്കാന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
അംഗീകാരം നല്‍കേണ്ട സ്കൂളിന്റെ പട്ടികയില്‍ ആദ്യം ഹരജിക്കാരുടെ സ്കൂളും ഉണ്ടായിരുന്നുവെന്ന ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കി. ഈ സ്കൂളിന് 100 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു സ്കൂള്‍ ഉണ്ടെന്നും ഇതിന് അംഗീകാരം നല്കിയാല് ആ സ്കൂളിനെ ബാധിക്കുമെന്നുമുള്ള ഡി.പി.ഐയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."