എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ ശിരോവസ്ത്രം നിര്‍ബന്ധിച്ച് അഴിപ്പിച്ച അധ്യാപികക്കെതിരെ പരാതി
കാഞ്ഞങ്ങാട്: ശിരോവസ്ത്രം നിര്‍ബന്ധിപ്പിച്ച് അഴിപ്പിക്കുകയും പിന്നീട് ആക്ഷേപിക്കുകയും ചെയ്ത അധ്യാപികക്കെതിരെ മന്ത്രിക്ക് പരാതി നല്‍കി. വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ഥിനിയാണ് രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.
എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നതിനിടെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് കോപ്പിയടിച്ചുവെന്ന് ആക്ഷേപിക്കുകയും ശിരോവസ്ത്രം നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ചുവെന്നുമാണ് വിദ്യാര്‍ഥിയുടെ പരാതി. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്ററായി എത്തിയ അധ്യാപിക തന്നെ പരീക്ഷാ ഹാളില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് തനിക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും വിദ്യാര്‍ഥിനി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഇടപെട്ടു സംഭവത്തില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 30ന് നടന്ന കണക്ക് പരീക്ഷക്കിടെയാണ് പരാതിക്കിടയായ സംഭവം. പരീക്ഷാ ഹാളിലെത്തിയ അധ്യാപിക കോപ്പിയടിക്കാനുള്ള കടലാസ് ശിരോവസ്ത്രത്തില്‍ ഒളിപ്പിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു ചോദിച്ചാണ് മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പറയുന്നത്. ഇല്ലെന്നു വിദ്യാര്‍ഥിനി മറുപടി നല്‍കിയെങ്കിലും ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വ്വം അഴിപ്പിക്കുകയായിരുന്നു.
എന്നാല്‍ ശിരോവസ്ത്രം അഴിപ്പിച്ചു തന്നെ അപമാനിച്ച വിഷമത്തില്‍ ഒരു വിധത്തില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിനി ഹാളില്‍ നിന്നും ഇറങ്ങുമ്പോള്‍ പരീക്ഷ പേപ്പര്‍ തുന്നിക്കെട്ടിയില്ലെന്ന് ആരോപിച്ച് വീണ്ടും ഇതേ അധ്യാപിക കുട്ടിക്ക് നേരെ തട്ടിക്കയറിയതോടെ വിദ്യാര്‍ഥിനി കരഞ്ഞു കൊണ്ട് പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങുകയും വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയുമായിരുന്നു.
അധ്യാപികയുടെ അധിക്ഷേപം കാരണം കൃത്യമായി പരീക്ഷയെഴുതാന്‍ കഴിയാതെ വന്ന വിദ്യാര്‍ഥിനി ഇക്കാര്യം വീട്ടുകാരോട് വെളിപ്പെടുത്തിയതോടെയാണ് പരാതി നല്‍കാനുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പെണ്‍കുട്ടി അധ്യാപികക്കെതിരെ വിദ്യാഭ്യാസമന്ത്രി, ഡി.ഡി.ഇ, സ്‌കൂള്‍ പ്രധാനാധ്യാപിക എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."