മഴക്കെടുതിക്കെതിരേ ജില്ലയിലുടനീളം ജാഗ്രത
കൊച്ചി: മഴക്കാല കെടുതികള്‍ നേരിടുന്നതിന് എല്ലാവിധ മുന്‍കരുതല്‍ നടപടികളും താലൂക്കുകളില്‍ സ്വീകരിച്ചുവരുന്നു. എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കണയന്നൂര്‍ താലൂക്കിനു കീഴില്‍ വിവിധ വില്ലേജുകളിലായി ഒരു വീട് പൂര്‍ണ്ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുന്നതിന് പ്രാദേശിക ട്രീ കമ്മിറ്റിക്ക് അധികാരം നല്‍കിയിട്ടുണ്ട്.
ജീവന് ഭീഷണിയാകുന്ന മരക്കൊമ്പുകള്‍ മുറിച്ചുമാറ്റാനും ലൈന്‍ കമ്പികള്‍ വലിച്ചുകെട്ടുന്നതിനും വില്ലേജ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി തഹസില്‍ദാര്‍ വൃന്ദ ദേവി അറിയിച്ചു. കലൂര്‍ പച്ചാളം റോഡില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന ഉറക്കു മരം മുറിക്കുന്നത് സംബന്ധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് എളംകുളം വില്ലേജ് ഓഫീസര്‍ അറിയിച്ചു.
കടലാക്രമണം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട ബാസാര്‍, കമ്പനിപ്പടി, നോര്‍ത്ത് വേളാങ്കണ്ണി, ചെറിയകടവ്, ആലിങ്കല്‍ കടപ്പുറം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. കടല്‍ഭിത്തിക്ക് സമാനമായി ജിയോ ബാഗുകള്‍ ഉപയോഗിച്ചാണ് കടല്‍ വെളളം കയറുന്നത് തടയുന്നത്. ഇന്നലെ ലഭ്യമായ 300 ജിയോ ബാഗുകളും ബസാര്‍, കമ്പനിപ്പടി എന്നിവിടങ്ങളില്‍ സ്ഥാപിച്ചു.
മഴക്കാല കെടുതികള്‍ മുന്‍കൂട്ടിക്കണ്ട് ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള മുന്‍കരുതലുകള്‍ മൂവാറ്റുപുഴ താലൂക്കും സ്വീകരിച്ചു വരുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, എന്നിവയെ അതിജീവിക്കാനും ജനങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുമുള്ള നടപടികള്‍ വില്ലേജ് അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുകയും എല്ലാ വില്ലേജോഫീസര്‍മാര്‍ക്കും ചുമതലകള്‍ നല്‍കുകയും ചെയ്തു. എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്കിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു.
കനത്ത മഴയില്‍ ആലുവ താലൂക്കില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ താലൂക്കില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 28 ആയി. കറുകുറ്റിയില്‍ എട്ടു വീടുകളും പാറക്കടവില്‍ രണ്ട് വീടുകളും ചെങ്ങമനാട്, മഞ്ഞപ്ര, ആലുവ, ഈസ്റ്റ് എന്നിവിടങ്ങളില്‍ ഓരോ വീടുകളുമാണ് തകര്‍ന്നത്. അയ്യമ്പുഴ പ്രദേശത്താണ് മഴയില്‍ കൂടുതല്‍ നാശനഷ്ടം. മറ്റൂരില്‍ കഴിഞ്ഞ ദിവസം ഒരു വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണെങ്കിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍
ജില്ല അടിയന്തിര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രം (ഡി.ഇ.ഒ.സി.) നമ്പര്‍: 0484 2423513, ടോള്‍ ഫ്രീ നമ്പര്‍: 1077. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ആലുവ 0484 2624052, കണയന്നൂര്‍ 0484 2360704 , കൊച്ചി 0484 2215559, കോതമംഗലം 0485 28 22298 , കുന്നത്തുനാട് 0484 25 22224 , മൂവാറ്റുപുഴ 0485 2813 773, പറവൂര്‍ 0484 244 2326.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."