താമസസ്ഥലത്തെത്തിയും പൊലിസ് ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും ഉള്‍പ്പെടെയുള്ളവര്‍ തലസ്ഥാനത്തെത്തിയത് ഇന്നലെ കാലത്ത്.
ജിഷ്ണുവിന്റെ അമ്മാവന്മാരായ ശ്രീജിത്ത്, മഹേഷ്, ഷൈജു എന്നിവരും ബന്ധുക്കളായ 14 പേരും ജിഷ്ണുവിന്റെ രണ്ട് സഹപാഠികളും ഒപ്പമുണ്ടായിരുന്നു. പൊലിസ് ഇവരുടെ വരവ് നേരത്തെത്തന്നെ നിരീക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയ ഇവര്‍ വഴുതക്കാട് ഹിന്ദി പ്രചാര സഭാ ലൈനില്‍ വീടെടുത്തിരുന്നു. രാവിലെ ഇവര്‍ എത്തിയതിനു പിന്നാലെ മ്യൂസിയം എസ്.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലിസ് വീട്ടിലെത്തി. ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരം നടത്താനാവില്ലെന്നും അങ്ങനെയുണ്ടായാല്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
വേണമെങ്കില്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്താമെന്നും പറഞ്ഞു. എന്നാല്‍, സമരത്തില്‍ നിന്ന് പിന്മാറില്ലെന്നായിരുന്നു ജിഷ്ണുവിന്റെ കുടുംബത്തിന്റെ നിലപാട്. അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകാനും തയാറാണെന്നും കുടുംബം പൊലിസിനോട് വ്യക്തമാക്കി. ഇത് രാഷ്ട്രീയ സമരമല്ല, നീതിക്കുവേണ്ടിയുള്ള സമരമാണെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് മ്യൂസിയം പൊലിസ് സമരം നടക്കുന്ന ഡി.ജി.പി ഓഫിസിനു നൂറു മീറ്റര്‍ അകലെ വടം കെട്ടി തിരിച്ചതല്ലാതെ മറ്റൊരു മുന്‍കരുതലും എടുത്തിരുന്നില്ല.
സ്ഥലത്ത് അന്‍പതു പേരില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ പകുതിയും മാധ്യമ പ്രവര്‍ത്തകരായിരുന്നു. പൊലിസിന് ഇവരെ പിരിച്ചു വിടാന്‍ എളുപ്പം കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ പൊലിസ് യാതൊരു പ്രകോപനവും ഇല്ലാതെ പെട്ടെന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു. ഐ.ജി മനോജ് എബ്രഹാമാണ് പൊലിസിന് അക്രമം നടത്താന്‍ അനുമതി നല്‍കിയതത്രേ.
പൊലിസ് ആസ്ഥാനത്തിന് മുന്‍വശം സമര നിരോധിത മേഖലയല്ല. പൊലിസിന്റെ അനുമതിയോടെ ഇവിടെ നിരവധി സമരങ്ങള്‍ അടുത്തിടെ നടന്നിട്ടുണ്ട്.
അഞ്ചോളം വരുന്ന സ്ത്രീകളും പന്ത്രണ്ടോളം വരുന്ന പുരുഷന്‍മാരും പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചത് കൊണ്ട് എന്ത് അപകടമാണ് സംഭവിക്കാന്‍ പോവുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ഡി.ജി.പി ഓഫിസിനു മുന്നില്‍ മുന്‍പ് രണ്ടുതവണ ബന്ധുക്കള്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതികളെ പിടികൂടുമെന്ന അധികൃതരുടെ ഉറപ്പിന്മേല്‍ മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍, സംഭവം നടന്ന് 88 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനുള്ള ഒരു നടപടിയും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
കഴിഞ്ഞ ദിവസം പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്‌തെങ്കിലും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാലാണ് ചോദ്യം ചെയ്ത് വിട്ടയച്ചതെന്നാണ് പൊലിസ് പറയുന്നത്.
കേസന്വേഷണം അട്ടിമറിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകത വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ജിഷ്ണുവിന്റെ കുടുംബം ഉന്നയിക്കുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീണ്ടും സമരമിരിക്കാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."