കിസാന്‍ സമ്മാന്‍ നിധി: വേഗത്തില്‍ നടപ്പാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് 6,000 രൂപ നല്‍കുന്ന മോദി സര്‍ക്കാറിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന നടപ്പാക്കുന്നതില്‍ പ്രയാസം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പായി ഗുണഭോക്താക്കളെ കണ്ടെത്തി പണം നല്‍കാനുള്ള സമയമില്ലെന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് സര്‍ക്കാറുകള്‍ അറിയിച്ചു.
പദ്ധതിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ അര്‍ഥശൂന്യത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഗുണഭോക്താക്കളെ കണ്ടെത്തി ആദ്യഘട്ട ലിസ്റ്റ് തയാറാക്കാന്‍ തന്നെ മാര്‍ച്ച് ആദ്യവാരമാകുമെന്ന് മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനീഷ് രസ്‌തോഗി പറയുന്നു.
ഭൂമിയുള്ളവരെ പ്രത്യേകം കണ്ടെത്തണം. അതോടൊപ്പം അവരുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെ വിവരങ്ങളും തയാറാക്കണം. സംസ്ഥാനത്തെ എല്ലാ ഭൂവിവരങ്ങളും ഡിജിറ്റല്‍ വല്‍കരിച്ചിട്ടുണ്ടെങ്കിലും ഇതിനെല്ലാം സമയമെടുക്കും.
60 ലക്ഷം പേരെങ്കിലും ഗുണഭോക്താക്കളുണ്ടാകുമെന്നാണ് കരുതുന്നത്. ഇവരോട് അവരുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതെല്ലാം ചെറിയ സമയം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ കഴിയില്ല.
വില്ലേജ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ചെലവ് കേന്ദ്രസര്‍ക്കാര്‍ തരുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വായ്പ എഴുതിത്തള്ളല്‍ പദ്ധതി നടപ്പാക്കികൊണ്ടിരിക്കുകയാണ്.
ഇതിനകം 40,000 കര്‍ഷകരുടെ 134 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. 50 ലക്ഷം പേരാണ് കിസാന്‍ ഫസല്‍ റിന്‍ മാഫി യോജനയുടെ ഗുണഭോക്താക്കള്‍. രണ്ടു ലക്ഷം വരെ കുടിശ്ശികയുള്ള 25 ലക്ഷം കര്‍ഷകരുടെ 10,123 കോടി രൂപ മാര്‍ച്ച് ആദ്യവാരത്തോടെ എഴുതിത്തള്ളും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുന്‍പ് ഇതെല്ലാം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ പദ്ധതി. 2000 രൂപ വീതം മൂന്ന് ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടിലിട്ട് കൊടുക്കുന്നതിനെക്കാള്‍ പ്രധാനമാണ് രണ്ടു ലക്ഷം വരെയുള്ള വായ്പ എഴുതിത്തള്ളലെന്നാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ നിലപാട്.
സമാനമായ പ്രതിസന്ധിയിലാണ് രാജസ്ഥാന്‍ സര്‍ക്കാറുമുള്ളത്. കര്‍ഷകര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. 58 വയസിന് മുകളില്‍ പ്രായമുള്ള ചെറുകിട കര്‍ഷകര്‍ക്ക് 750 രൂപയും 75 വയസാകുമ്പോള്‍ 1,000 രൂപയും പ്രതിമാസം നല്‍കുന്ന പദ്ധതിയാണിത്.
990 കോടിയാണ് പദ്ധതിയ്ക്കായി വേണ്ടത്. 11 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കും. 6,000 രൂപ നല്‍കുന്നതിനെക്കാള്‍ പ്രധാനമാണ് ഇതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കര്‍ഷകര്‍ക്കുള്ള എല്ലാ പദ്ധതികള്‍ക്കും തങ്ങള്‍ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് ലിസ്റ്റ് അയച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ പദ്ധതിയുടെ രാജസ്ഥാനിലെ നോഡല്‍ ഓഫിസര്‍ നീരജ് പവന്‍ പറഞ്ഞു. 4 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. 5000 പേര്‍ക്ക് ആദ്യഘട്ട പണം ലഭിക്കുകയും ചെയ്തു. സഹകരിക്കുന്നില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബും 10.4 ലക്ഷം പേരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെങ്കിലും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് എന്തെങ്കിലും ചെറിയൊരു പെന്‍ഷനുണ്ടെങ്കില്‍ അവര്‍ക്ക് തുക ലഭിക്കില്ലെന്നാണ് പദ്ധതിയുടെ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. അതേ സമയം, ഒരാള്‍ക്ക് ആകെ 5 സെന്റ് സ്ഥലമുണ്ടെങ്കില്‍ ഒരു കൃഷിയും ചെയ്യുന്നില്ലെങ്കിലും വീട്ടില്‍ ആര്‍ക്കും സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ഇല്ലെങ്കിലും തുക ലഭിക്കും. തുകയുടെ ആദ്യഘട്ടമായ 2,000 രൂപമാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് പൂര്‍ത്തിയാവുമ്പോഴേയ്ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ബാക്കി തുക ലഭിക്കാന്‍ കാലതാമസം നേരിട്ടേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."