വിമാനക്കമ്പനികളുടെ നടപടി നിയമത്തിന്റെ പിന്‍ബലമില്ലാത്തത്: സുപ്രിംകോടതി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിപ്പോയവരുടെ വിമാന ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ തയാറാകാത്ത വിമാനക്കമ്പനികളുടെ നടപടി നിയമത്തിന്റെ പിന്‍ബലമില്ലാത്തതെന്ന് സുപ്രിം കോടതി.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് മാത്രമേ റീഫണ്ട് അനുവദിക്കൂ എന്ന നിലപാട് ഏകപക്ഷീയമാണ്. ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിയ എല്ലാവര്‍ക്കും തുക തിരിച്ചു നല്‍കേണ്ടതാണെന്നും ബുക്ക് ചെയ്ത തിയതിയുടെ അടിസ്ഥാനത്തില്‍ വിവേചനം ശരിയല്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
കേസില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും ബന്ധപ്പെട്ട മറ്റു കക്ഷികള്‍ക്കും നോട്ടിസ് അയക്കാനും ജസ്റ്റിസുമാരായ എന്‍.വി രമണ, എസ്.കെ കൗള്‍, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുന്നതില്‍ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും വിമാനക്കമ്പനികള്‍ക്കുമെതിരേ സുപ്രിം കോടതിയെ സമീപിച്ചത്.
ലോക്ക് ഡൗണ്‍ കാലത്തിന് ഏറെ മുന്‍പ് ടിക്കറ്റ് എടുത്തവരെ വ്യോമയാന മന്ത്രാലയം ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ തുക തിരിച്ചു നല്‍കുന്നതിന് പകരം യാത്രക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന വിധം ക്രഡിറ്റ് ഷെല്ലുകളാക്കി മാറ്റുകയാണ് വിമാനക്കമ്പനികള്‍ ചെയ്തത്. ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിയവര്‍ ഭൂരിഭാഗവും ലോക്ക് ഡൗണിന് മുന്‍പ് ടിക്കറ്റ് എടുത്തുവരാണെന്ന് ഹരജി ചൂണ്ടിക്കാട്ടി.
ഇവരെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയത് അവരുടെ ടിക്കറ്റ് തുക ക്രഡിറ്റ് ഷെല്ലുകളാക്കി മാറ്റാനുള്ള മൗനാനുവാദം നല്‍കലാണ്. സര്‍വിസ് റദ്ദാക്കിയതായതിനാല്‍ ഉടന്‍ തന്നെ വിമാനക്കമ്പനി തുക തിരിച്ചു നല്‍കണം.
ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിയ എല്ലാവര്‍ക്കും വിവേചനമില്ലാതെ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."