21 കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ല
കാക്കനാട്: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്ദര്‍ശനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ല.
കാക്കനാട് അത്താണി കീരേലിമല 21 കോളനി നിവാസികളുടെ ദുരിതത്തിന് അടുത്ത മാസം ഒന്നാം തിയതി പതിനെട്ട് വര്‍ഷമാകുന്നു. കോളനിയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സ്ഥലം എം.എല്‍.എ പി.ടി തോമസും എത്തി.
മുന്‍ കലക്ടര്‍മാരായ ഷെയ്ഖ് പരീത്, രാജമാണിക്യം, മുന്‍ എം.പി പി.രാജീവ്, മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍ എന്നിവരെ കൂടാതെ നിരവധി ഉദ്യോഗസ്ഥരും ഈ കാലയളവില്‍ കോളനി സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്.
സന്ദര്‍ശിക്കുന്ന എല്ലാവരും സംരക്ഷണ ഭിത്തി കെട്ടി കോളനി നിവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കും എന്ന ഉറപ്പും നല്‍കി പോകുന്നതല്ലാതെ ഒരു നടപടിയും കൈകൊള്ളുന്നില്ല. കോളനി നിവാസികള്‍, നാട്ടുകാര്‍,വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയവരുടെ പ്രതിഷേധ സമരത്തെ തുടര്‍ന്ന് മുന്‍ എം.എല്‍.എ ബെന്നി ബഹനാന്റെയും മുന്‍ കലക്ടര്‍ രാജമാണിക്യത്തിന്റെയും കാലയളവില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 1.66 കോടി രൂപ പാസാക്കുകയും ചെയ്തു.
എന്നാല്‍ കോളനിയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുവാന്‍ പൊതുമരാമത്ത് വകുപ്പും കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും തയ്യാറാകാതെ പിന്‍മാറിയതിനാല്‍ 1.65 കോടി രൂപയ്ക്ക് തൃക്കാക്കര നഗരസഭ സംരക്ഷണ ഭിത്തി ഏറ്റെടുത്ത് നിര്‍മിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 14-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയില്‍പ്പെടുത്തി ഡെപ്യൂട്ടി സെക്രട്ടറി പി.ജി ഉണ്ണികൃഷ്ണന്‍ 2016 ഫെബ്രുവരി 26ന് ഉത്തരവാകുകയായിരുന്നു.
എന്നാല്‍ ഉത്തരവ് ലഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും മഴയുള്ള സമയങ്ങളില്‍ കോളനി നിവാസികള്‍ ജീവനോടെയുണ്ടോ എന്നറിയുന്നതിന് സന്ദര്‍ശനം നടത്തി പോകുന്നതല്ലാതെ തൃക്കാക്കര നഗരസഭ പൊതുമരാമത്ത് വകുപ്പ് ഒരു ഇഷ്ട്ടിക പോലും എടുത്തു വയ്ക്കുവാന്‍ തയ്യാറാകുന്നില്ല എന്നതാണ് പരമ സത്യം.
ഓരോ മഴയും കോളും വരുമ്പോള്‍ മരണക്കയത്തിലേക്ക് ജീവിതം തള്ളി നീക്കുന്ന കോളനി നിവാസികളെ കാണാന്‍ എത്തുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നു മനസിലാക്കണം നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലുമാണ് ഇവിടെ താമസിക്കുന്നതെങ്കില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."